തമിഴക രാഷ്ട്രീയത്തിൽ വീണ്ടുമൊരു നിർണായക നീക്കം; എടപ്പാടി പളനിസ്വാമി ഡൽഹിയിലെത്തി, അമിത് ഷായെ കണ്ടു

എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തമിഴ്‌നാട് രാഷ്ട്രീയത്തിലെ സുപ്രധാന നീക്കമാണിത്. പളനിസ്വാമിയുടെ എൻഡിഎയിലേക്കുള്ള തിരിച്ചുവരവിന് കൂടിക്കാഴ്ച കാരണമാകുമെന്നാണ് കരുതുന്നത്.
എഐഎഡിഎംകെയും ബിജെപി നേതാക്കളും തമ്മിൽ ആഴ്ചകളോളമായി തർക്കങ്ങൾ പരിഹരിക്കാൻ ചർച്ച നടത്തിവരികയായിരുന്നു. ഡിഎംകെ സംസ്ഥാനത്ത് ബിജെപിക്കെതിരെ അതിരൂക്ഷ വിമർശനവുമായി മുന്നോട്ട് പോകുമ്പോഴാണ് ഈ നീക്കം. സംസ്ഥാന രാഷ്ട്രീയത്തിൽ നടൻ വിജയും അദ്ദേഹത്തിൻ്റെ തമിഴക വെട്രി കക്ഷിയും പ്രചാരണം ശക്തമാക്കി മുന്നോട്ട് പോകുമ്പോൾ എഐഎഡിഎംകെയുടെ നിലനിൽപ്പ് വെല്ലുവിളിക്കപ്പെട്ട സാഹചര്യത്തിൽ കൂടിയാണ് കൂടിക്കാഴ്ച.
2016-ൽ ജയലളിതയുടെ മരണത്തിനും പാർട്ടി പിളർപ്പിനും ശേഷമാണ് ബിജെപിയുമായി സഖ്യത്തിന് എഐഎഡിഎംകെ തയ്യാറായത്. എന്നാൽ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തമിഴ്‌നാട്ടിൽ ഡിഎംകെ തൂത്തുവാരി. തുടർന്ന് പളനിസ്വാമി ബിജെപിയോട് അകന്നു. 2023 സെപ്തംബറിൽ സഖ്യം പൂർണമായും രണ്ട് വഴിക്കായി. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഡിഎംകെയുടെ മികച്ച പ്രകടനം, ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ഡിഎംകെ നടത്തിയ മുന്നേറ്റവും ഇപ്പോഴത്തെ രാഷ്ട്രീയ നീക്കത്തിന് കാരണമായെന്ന് കരുതുന്നു.
സംസ്ഥാനത്ത് ബിജെപിയെ നിയന്ത്രിക്കുന്നതിന് കെ അണ്ണാമലൈക്ക് മുകളിൽ ഒരു ഉന്നതാധികാര സ്റ്റിയറിങ് കമ്മിറ്റി വേണമെന്നാണ് എഐഎഡിഎംകെ ആവശ്യപ്പെട്ടിരിക്കുന്നത്. എഐഎഡിഎംകെ നേതാക്കൾക്കെതിരായ അണ്ണാമലൈയുടെ നിരന്തര ആക്രമണങ്ങളാണ് 2023 ൽ സഖ്യം തകരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. എഐഎഡിഎംകെയിലേക്ക് ടിടിവി ദിനകരൻ, ഒ പനീർശെൽവം എന്നിവരെ തിരികെ കൊണ്ടുവരണമെന്ന് ബിജെപിയും ആവശ്യപ്പെടുന്നുണ്ട്.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് 33.29% വോട്ട് ലഭിച്ചിരുന്നു. ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന് 37.7% വോട്ടാണ് ലഭിച്ചത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിൻ്റെ വോട്ട് വിഹിതം 46.97% ആയി ഉയർന്നു. എഐഎഡിഎംകെ-ഡിഎംഡികെ സഖ്യത്തിന് 23.05% ശതമാനം വോട്ടേ നേടാനായുള്ളൂ. ബിജെപി, പിഎംകെ, ദിനകരൻ എന്നിവരടങ്ങുന്ന എൻഡിഎ സഖ്യത്തിന് 18.28% വോട്ടാണ് നേടാനായത്.
Story Highlights : AIADMK’s Palaniswami reaches Amit Shah’s Delhi house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here