വിവി രാജേഷിനെതിരായ പോസ്റ്ററുകൾ ഉടൻ നീക്കംചെയ്യണം; കടുത്ത അതൃപ്തിയിൽ രാജീവ് ചന്ദ്രശേഖർ

വിവി രാജേഷിനെതിരായ പോസ്റ്ററുകൾ വന്നത് ജില്ലാ കമ്മിറ്റി അന്വേഷിക്കും. പൊലീസിൽ പരാതി നൽകും. പോസ്റ്ററിൽ സംസ്ഥാന നേതൃത്വത്തിനും അതൃപ്തി. പോസ്റ്ററിൽ രാജീവ് ചന്ദ്രശേഖർ അതൃപ്തി അറിയിച്ചു. ജില്ലാ കമ്മിറ്റി പോസ്റ്ററുകൾ നീക്കി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ഇപ്പോഴത്തെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ തോൽവിക്ക് കാരണക്കാരൻ വിവി രാജേഷാണെന്നാണ് പോസ്റ്ററിൽ പറയുന്നത്.
പാർട്ടിയിൽ ഇത്തരം പ്രവണത അനുവദിക്കില്ലെന്ന് അദ്ദേഹം ജില്ലാ നേതൃത്വത്തിന് താക്കീത് നൽകി. രാജേഷിന്റെ വീടിന് മുമ്പിലും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് സമീപത്തെ ചുവരുകളിലുമാണ് ഇന്ന് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്. ഇതേത്തുടർന്നാണ് സംസ്ഥാന അദ്ധ്യക്ഷൻ കടുത്ത നിലപാട് സ്വീകരിച്ചത്.
ബിജെപി പ്രതികരണവേദി എന്ന പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.തിരഞ്ഞെടുപ്പിൽ സാമ്പത്തിക തട്ടിപ്പുനടത്തിയ വിവി രാജേഷിനെതിരെ പാർട്ടി നടപടിയെടുക്കണമെന്ന ആവശ്യമാണ് പോസ്റ്ററുകളിൽ ഉന്നയിക്കുന്നത്.
അതേസമയം, പോസ്റ്ററുകളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് വിവി രാജേഷ് അറിയിച്ചത്. സംഭവത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാർക്കെതിരെ എത്രയുംപെട്ടന്ന് നടപടിയെടുക്കണമെന്നും ബിജെപി മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റുകൂടിയായ വിവി രാജേഷ് ആവശ്യപ്പെട്ടു.
Story Highlights : Rajeev chandrasekhar on v v rajesh posters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here