ഓരോ മമ്മൂട്ടിക്കും ഒരു മോഹന്‍ലാല്‍ വേണം; തിരിച്ചും

മമ്മൂട്ടിക്കും മോഹന്‍ലാലിനും വേണ്ടി കഥാപാത്രങ്ങളുടെ പേരില്‍ ചേരിതിരിഞ്ഞ് തര്‍ക്കിക്കാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. ഒരിക്കലും തീരില്ലെന്ന് അറിയാവുന്ന ആ തര്‍ക്കങ്ങള്‍ക്കപ്പുറം നമ്മളവരെ മമ്മൂക്കയും ലാലേട്ടനുമെന്ന് ഹൃദയത്തോട് ചേര്‍ക്കുന്നു. ഇന്ദുചൂഡന് ഒരു പ്രശ്‌നം വന്നാല്‍ സഹായത്തിന് നന്ദഗോപാല്‍ മാരാര്‍ ഉണ്ടെന്ന് ആവേശക്കൊടുമുടി കയറുന്നു. ഹരിയും കിണ്ണനും പരസ്പരം കളിയാക്കുന്നതും മത്സരിക്കുന്നതും കണ്ട് പൊട്ടിച്ചിരിക്കുന്നു. വെള്ളിത്തിരക്ക് പുറത്ത് പരസ്പരം ഇച്ചാക്കയെന്നും ലാലുവെന്നും അവര്‍ സ്‌നേഹിക്കുന്നതു കാണുമ്പോള്‍, ഇരുവരും സ്വന്തം വീട്ടുകാരെപ്പോലെ പ്രിയപ്പെട്ടവരാകുന്നു.
അങ്ങനെ മമ്മൂക്കയ്ക്കും ലാലേട്ടനും വേണ്ടി തര്‍ക്കിച്ചും അഹങ്കരിച്ചും അഭിമാനിച്ചും രൂപപ്പെട്ട മലയാളിത്തത്തിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ പരിസരം സങ്കുചിത മനസുകള്‍ക്ക് അത്ര പെട്ടെന്ന് മനസിലാകില്ല. അതുകൊണ്ടാണ്, വിശാഖം നക്ഷത്രത്തില്‍ മുഹമ്മദ്കുട്ടിക്ക് വേണ്ടി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നടത്തുമ്പോള്‍ ചിലര്‍ അസ്വസ്ഥരാകുന്നത്.
ഇന്ത്യയില്‍ എല്ലാ മമ്മൂട്ടിമാര്‍ക്കും മോഹന്‍ലാലിനെപ്പോലെയും എല്ലാ മോഹന്‍ലാലുമാര്‍ക്കും മമ്മൂട്ടിയെപ്പോലെയും ഒരു കൂട്ടുകാരനുണ്ടായിരുന്നെങ്കില്‍ എന്ന് ബോളിവുഡിന്റെ എഴുത്തുകാരന്‍ ജാവേദ് അക്തര്‍ പറയുന്നു. വിദ്വേഷകാലത്ത് മമ്മൂട്ടി – മോഹന്‍ലാല്‍ സൗഹൃദം നല്‍കുന്ന രാഷ്ട്രീയ സന്ദേശത്തെക്കുറിച്ചാണ് ജാവേദ് അക്തര്‍ സൂചിപ്പിക്കുന്നത്.
മമ്മൂട്ടിയും മോഹന്‍ലാലും മതത്തിന്റെ കള്ളികളില്‍ ഒതുങ്ങുന്ന ബിംബങ്ങളല്ല. അവര്‍ പലരീതിയില്‍ മലയാളി ജീവിതങ്ങളെ പ്രതിനിധീകരിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നു. അനുപമമായ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ അത്ഭുതപ്പെടുത്തുന്നു. ജീവിതത്തില്‍ ഇരുവരും അവരുടെ വിശ്വാസ പ്രമാണങ്ങള്‍ മറയില്ലാതെ പ്രകടിപ്പിക്കുന്നവരാണ്. പ്രൊഫഷനില്‍ പരസ്പരം മത്സരിക്കുന്നവരാണ്. പക്ഷേ അതൊന്നും ബന്ധങ്ങള്‍ക്ക്, സാമൂഹിക ഇടപെടലുകള്‍ക്ക് പ്രതിബന്ധമാകുന്നില്ല. അവരുടെ ഓരോ കൂടിക്കാഴ്ചകളും വിനിമയങ്ങളും സ്‌നേഹിക്കാനുള്ള അഹ്വാനങ്ങളാണ്.
പൊതുവേദിയില്‍ മോഹന്‍ലാല്‍ ഇച്ചാക്കയുടെ കവിളില്‍ ഉമ്മവെക്കുന്നൊരു ചിത്രമുണ്ട്. സൗഹൃദങ്ങള്‍ക്ക് വിലനല്‍കുന്നവരാണെങ്കില്‍, മനസുനിറക്കാന്‍ എന്തിന് രണ്ടര മണിക്കൂര്‍ സിനിമ, ആ ചിത്രം ഒന്നു പോരെ. വര്‍ഷാവര്‍ഷം ഇച്ചാക്കയും ലാലും പരസ്പരം പിറന്നാള്‍ ആശംസിക്കുമ്പോള്‍ ലൈക്കും കമന്റും നല്‍കാന്‍ ആദ്യ ഷോയുടെ ആവേശത്തോടെ കാത്തിരിക്കുന്ന ആരാധകര്‍ വേറെ ഏത് ഇഡസ്ട്രിയിലുണ്ടാകും. എമ്പുരാന്റെ തലേന്ന് ലാലിനും പൃഥിക്കും ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയുടെ കുറിപ്പ്. വിലമതിക്കാനാകാത്ത പിന്തുണയെന്ന് മോഹലാലിന്റെ മറുപടി. ഫാന്‍ ഫൈറ്റുകള്‍ ശക്തമായ കാലത്തുപോലും മമ്മൂട്ടിയേയും മോഹന്‍ലാലിനെയും ഒരുമിച്ച് കാണാന്‍ മലയാളി ആഗ്രഹിച്ചു. അത് കേവലം താരശരീരങ്ങളോടുള്ള ആരാധന മാത്രമല്ല, ചേര്‍ന്നു നില്‍ക്കാന്‍ അവനവന്റെ ഉള്ളില്‍ തന്നെയുള്ള ചോദനകൊണ്ടുകൂടിയാണ്.
തികച്ചും സ്വാഭാവികവും സ്വകാര്യവുമായാണ് മോഹന്‍ലാല്‍ മമ്മൂട്ടിക്ക് വേണ്ടി പ്രാര്‍ഥിക്കുന്നത്. മതാതീതമായ ആത്മീയത അതില്‍ പ്രതിഫലിക്കുന്നു. സൂപ്പര്‍താരങ്ങളായതുകൊണ്ട് തന്നെ വലിയ വാര്‍ത്തയായി. എന്നാല്‍ അതിനെ ഒരു രാഷ്ട്രീയ ചര്‍ച്ചയാക്കുന്നത്, മൗലികവാദികളില്‍ നിന്നുണ്ടായ ചില പ്രതികരണങ്ങളാണ്. തന്റെ അറിവോടെയാണ് മോഹന്‍ലാല്‍ അത് ചെയ്തതെങ്കില്‍ മമ്മൂട്ടി പശ്ചാത്തപിക്കണമെന്ന ഒ അബ്ദുള്ളയുടെ ഫേസ്ബുക്ക് കുറിപ്പിന് വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. മതം അപരവത്കരണത്തിനുള്ള ഉപാധിയല്ലെന്നും അത്മീയത മനുഷ്യത്വത്തിന്റെ പരിമിതിയാകരുതെന്നുമാണ് പ്രതികരണങ്ങളിലേറെയും. മമ്മൂട്ടി – മോഹന്‍ലാല്‍ സൗഹൃദത്തിന്റെ ആഴം മനസിലാക്കാന്‍ ഇടുങ്ങിയ ചിന്താഗതിക്കാര്‍ക്ക് കഴിയില്ലെന്ന് പറയുന്നു ജാവേദ് അക്തര്‍. മനുഷ്യരെ കള്ളിതിരിച്ച് കാണുന്നവര്‍ക്ക് മുന്നില്‍ ലാലു-ഇച്ചാക്ക സൗഹൃദവും വിഗ്നേഷ് പുത്തൂരിനെ ക്രിക്കറ്റ് പഠിപ്പിച്ച ഷെരീഫ് ഉസ്താദുമൊക്കെ നല്ല കേരള സ്റ്റോറികളായി ആഘോഷിക്കപ്പെട്ടുകൊണ്ടേയിരിക്കും.
Story Highlights : javed akthar on mammootty mohanlal friendship
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here