ശമ്പള വര്‍ധനയ്ക്കായി സമരം ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുമായി ഗുജറാത്ത് സര്‍ക്കാര്‍; 2000ല്‍ അധികം പേരെ പിരിച്ചുവിട്ടു

ശമ്പളപരിഷ്‌കരണമടക്കം ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്തുന്ന 2000ത്തിലധികം ആരോഗ്യപ്രവര്‍ത്തകരെ പിരിച്ചു വിട്ട് ഗുജറാത്ത് സര്‍ക്കാര്‍. 5000ത്തിലേറെ പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലെയും ജീവനക്കാരുള്‍പ്പടെയാണ് സമരം ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ഇവര്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെടുന്നുണ്ട്. സര്‍ക്കാരുമായി ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളും നടത്തി. എന്നാല്‍ ഒന്നും ഫലം കണ്ടില്ല.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി 2022 സെപ്റ്റംബറില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് ആവശ്യങ്ങള്‍ പരിശോധിക്കാന്‍ മന്ത്രിമാരടങ്ങുന്ന അഞ്ചംഗ സമിതിയെ സര്‍ക്കാര്‍ നിയമിച്ചു. കമ്മറ്റി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും ആരോഗ്യ പ്രവര്‍ത്തകരുടെ മിക്ക ആവശ്യങ്ങളും ന്യായമാണെന്ന് സമിതി കണ്ടെത്തിയതായി ഇതുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ ശിപാര്‍ശങ്ങള്‍ പാലിച്ചില്ല. അതുകൊണ്ടാണ് വീണ്ടും പ്രതിഷേധമുയര്‍ന്നത്. മാര്‍ച്ച് 12 മുതലാണ് പണിമുടക്ക് ആരംഭിച്ചത്. മാര്‍ച്ച് 20ന് സര്‍ക്കാര്‍ അവശ്യസേവന നിയമം (എസ്മ) പ്രഖ്യാപിച്ചു. പിന്നാലെയാണ് കൂട്ടപ്പിരിച്ചുവിടല്‍. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ജോലി പുനരാരംഭിക്കാത്തതിനാലാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, കേരളത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാവര്‍ക്കേഴ്‌സ് നടത്തുന്ന രാപ്പകല്‍ സമരം 47-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മൂന്ന് ആശവര്‍ക്കര്‍മാര്‍ നടത്തുന്ന നിരാഹാര സമരം ഒന്‍പതാം ദിവസത്തിലേക്കും കടന്നു. ഓണറേറിയം വര്‍ധിപ്പിക്കും വരെ സമരം തുടരുമെന്നാണ് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നിലപാട്. ഉടന്‍ വേതനം വര്‍ധിപ്പിക്കാനാവില്ലെന്ന് സര്‍ക്കാരും നിലപാടെടുത്തതോടെ സമരം സമവായമാകാതെ തുടരുകയാണ്. കേരളത്തിലെ യുഡിഎഫും ബിജെപിയുമടക്കമുള്ള രാഷ്ട്രീയ സംഘടനകള്‍ ആശമാരുടെ സമരത്തിന് വന്‍പിന്തുണയാണ് നല്‍കുന്നത്. കെ സുരേന്ദ്രനും സുരേഷ് ഗോപിയുമടക്കമുള്ള നേതാക്കള്‍ സമരപ്പന്തലില്‍ എത്തുകയും ചെയ്തിരുന്നു.
Story Highlights : Gujarat sacked 2000 healthcare workers amid protests
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here