Advertisement

‘സിനിമ സെന്‍സര്‍ ചെയ്യാന്‍ സാധിച്ചേക്കാം; ചരിത്രത്തിലെ വസ്തുതകള്‍ വെട്ടിമാറ്റാന്‍ പറ്റില്ല’ ; എമ്പുരാന്‍ കണ്ട് മന്ത്രി മുഹമ്മദ് റിയാസ്

March 31, 2025
Google News 1 minute Read
muhammad riyas

മത വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കും ആശയങ്ങള്‍ക്കും കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ല എന്നുള്ള പ്രഖ്യാപനമാണ് എമ്പുരാന് ലഭിച്ച പിന്തുണയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഏതൊരു സിനിമയും കാണാനും ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും അതിനെ കുറിച്ച് വിമര്‍ശിക്കാനും നല്ലത് പറയാനുമൊക്കെയുള്ള അവകാശം ഒരു ജനാധിപത്യ രാജ്യത്തുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. അസഹിഷ്ണുതയുടെ പര്യായമായി ജനാധിപത്യ വിരുദ്ധ സമീപനം സ്വീകരിക്കുന്നവരായി ചിലര്‍ മാറുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഗുജറാത്ത് വംശഹത്യ നമ്മുടെ രാജ്യം ഇന്നുവരെ കണ്ട വംശഹത്യകളില്‍ ഏറ്റവും ഭയാനകവും കടുത്ത പ്രയാസം സൃഷ്ടിക്കുന്നതുമാണ്. അതിന് നേതൃത്വം നല്‍കിയത് ആരാണെന്ന് കേരളത്തിലെ ഒന്നാം ക്ലാസിലെ കുട്ടിക്ക് വരെ മനപാഠമാണ്. അതൊരു സിനിമയില്‍ വരുമ്പോള്‍ ഭയപ്പെട്ടിട്ട് കാര്യമില്ല. വിറങ്ങലിച്ച് അസഹിഷ്ണുതയോടെ നിലപാട് സ്വീകരിച്ചിട്ട് കാര്യമില്ല. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയത് ഏത് ആശയമാണ്, ഗുജറാത്ത് വംശഹത്യ ഏത് ആശയത്തിന്റെ ഭാഗമാണ് എന്നുള്ളതൊക്കെ മലയാളിക്ക് മനപാഠമാണ്. ഒരു സിനിമയില്‍ ഈ കാര്യങ്ങള്‍ വരുമ്പോള്‍ ആ സിനിമ അങ്ങനെയങ്ങോട്ട് മുന്നോട്ട് പോകണ്ട എന്ന നിലപാട് സംഘപരിവാര്‍ ശക്തികള്‍ സ്വീകരിച്ചതില്‍ അത്ഭുതപ്പെടേണ്ടതില്ല. അവരുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് മുന്‍പും കണ്ടിട്ടുണ്ടെന്ന് വ്യക്തമാകും. മത വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കും ആശയങ്ങള്‍ക്കും കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ലെന്ന് എന്നുള്ള പ്രഖ്യാപനമാണ് ഈ സിനിമയ്ക്ക് ലഭിച്ച പിന്തുണ – അദ്ദേഹം വ്യക്തമാക്കി.

എന്ത് വെട്ടിമാറ്റിയാലും ചരിത്രത്തിലെ വസ്തുതകളെ വെട്ടിമാറ്റാനാകില്ലെന്നും മന്ത്രി പറഞ്ഞു. വസ്തുതകള്‍ മലയാളികളുടെ മനസില്‍ ഒരു പോസ്റ്റര്‍ പതിഞ്ഞതുപോലെ പതിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സിനിമ സംവിധാനം ചെയ്തതിന് ആരെയെങ്കിലും ആക്രമിച്ച് ഒറ്റപ്പെടുത്തിക്കളയാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ലോകത്തിന്റെയും കേരളത്തിന്റെയും ചരിത്രം മറന്നുകൊണ്ടുള്ള നിലപാടാണ്. പ്രേക്ഷകരാകെ ഈ സിനിമ ഉയര്‍ത്തിയ ആശയത്തിനൊപ്പമുണ്ട്. പൃഥ്വിരാജിനെ ആരെങ്കിലും ഒറ്റപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ഒരു തരത്തിലും കേരളത്തില്‍ നടക്കാന്‍ പോകുന്നില്ല. സെന്‍സര്‍ ചെയ്യാന്‍ സാധിച്ചേക്കാം എന്നാല്‍ ചരിത്രത്തെ മനുഷ്യന്റെ മനസില്‍ നിന്ന് സെന്‍സര്‍ ചെയ്യാമെന്ന് കരുതണ്ട – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights : Minister Muhammad Riyas about Empuraan movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here