പിണറായി വിജയൻ ഉടൻ രാജിവെക്കണം, വികസിത കേരളം എന്ന സ്വപ്നം സാധ്യമാകണം: രാജീവ് ചന്ദ്രശേഖർ

മാസപ്പടി കേസിൽ വീണ വിജയനെ എസ്‌ഫ്ഐഒ പ്രതി ചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ബിജെപി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോലം കത്തിച്ചു പ്രതിഷേധം നടത്തും. വികസിത കേരളം എന്ന സ്വപ്നം സാധ്യമാകണം. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും രാഷ്ട്രീയത്തിന് അവസാനം കുറിക്കണം എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ ഒരു നിമിഷം വൈകാതെ പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു. മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഇക്കാര്യം അടിയന്തമായി തീരുമാനിക്കണം.
മധുരയില്‍ നടക്കുന്ന സുപ്രധാനമായ പാര്‍ട്ടി കോണ്‍ഗ്രസ് പതിവുപോലെ മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ് നീക്കമെങ്കില്‍ സിപിഐഎമ്മിന്റെ അന്ത്യത്തിന് അവിടെ നിന്ന് തുടക്കം കുറിക്കും. പാര്‍ട്ടി കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സത്യസന്ധമായ നിലപാട് സ്വീകരിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
10 വര്‍ഷം വരെ തടവ് കിട്ടുന്ന കുറ്റമാണിത്. തെളിവുകളെ അതിജീവിക്കാന്‍ മുഖ്യമന്ത്രിക്കോ മകള്‍ക്കോ സാധിക്കില്ല. പണം വാങ്ങിയവര്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിച്ചേ തീരൂ. പലനാള്‍ കട്ടാല്‍ ഒരു നാള്‍ പിടിക്കപ്പെടും എന്നതാണ് യാഥാര്‍ത്ഥ്യം.
കേരള ഹൗസില്‍ മുഖ്യമന്ത്രി ഗവര്‍ണറേയും കൂട്ടി കേന്ദ്രധനമന്ത്രിയെ കണ്ടത് ഈ കേസില്‍ നിന്നു രക്ഷപ്പെടാനായിരുന്നു. അവിടെ നടന്ന ചര്‍ച്ച എന്തായിരുന്നുവെന്ന് മുഖ്യമന്ത്രി ഇതുവരെ പുറത്തുവിട്ടിട്ടില്ല. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ നിശ്ചയദാര്‍ഢ്യം കൊണ്ട് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.
Story Highlights : Rajeev Chandrasekhar on sfio chargesheet filed against veena vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here