സ്വർണ്ണമാല കവർച്ചയ്ക്കിടെ വയോധിക കൊല്ലപ്പെട്ട കേസ്; പ്രതികൾക്ക് 11 വർഷം തടവ്

സ്വർണ്ണമാല കവർച്ചയ്ക്കിടെയുണ്ടായ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് 11 വർഷം തടവ്. തേവന്നൂർ സ്വദേശിനി പാറുക്കുട്ടിയമ്മ കൊല്ലപ്പെട്ട കേസിലാണ് തിരുവനന്തപുരം വെട്ടുതുറ സ്വദേശി ജ്യോതിഷി, തൃശ്ശൂർ മിന്നല്ലൂർ സ്വദേശി അജീഷ് എന്നിവരെ കൊട്ടാരക്കര അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
2018 ആഗസ്റ്റ് 28നായിരുന്നു കേസിനാസ്പദമായ സംഭവം. തേവന്നൂർ കവലക്കപ്പച്ചയിൽ വെച്ചാണ് 90 കാരിയായ പാറുക്കുട്ടിയമ്മയെ ജ്യോതിഷിയും അജീഷും ചേർന്ന് ആക്രമിച്ചത്. പാറുക്കുട്ടിയമ്മയുട കഴുത്തിൽ കിടന്ന 2.5 പവൻ തൂക്കമുള്ള മാല പ്രതികൾ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച പാറുക്കുട്ടിയമ്മയെ ചവിട്ടി തറയിലിട്ട ശേഷം മാല പൊട്ടിച്ച് പ്രതികൾ കടന്നു കളഞ്ഞു. ചവിട്ടേറ്റ പാറുക്കുട്ടിയമ്മ ചികിത്സയിൽ കഴിയവെ മരിച്ചു.
Read Also: ‘എസ് രാജേന്ദ്രൻ RPI യിൽ ചേരുന്നതിൽ സന്തോഷം, പ്രഖ്യാപനം ഉടനുണ്ടാകും’; രാംദാസ് അത്താവലെ
ചടയമംഗലം പൊലീസ് നടത്തിയ അന്വഷണത്തിൽ പ്രതികൾ തമിഴ്നാട്ടിൽ നിന്നും പിടിയിലായി. ജാമ്യത്തിലിറങ്ങി കടന്നുകളഞ്ഞ പ്രതികളെ വീണ്ടും പൊലീസ് വിദഗ്ധമായി പിടികൂടി. തെളിവെടുപ്പിൽ സ്വർണ്ണവും ബൈക്കും കണ്ടെത്തി. 26 സാക്ഷികളെ വിസ്തരിച്ച കേസ്സിൽ CCTV ദൃശ്യങ്ങൾ നിർണ്ണായകമായി.
ഇന്ത്യൻ ശിക്ഷാനിയമം 394 പ്രകാരം 6 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും 304 പ്രകാരം 5 വർഷം വീതം കഠിന തടവുമാണ് കോടതി വിധിച്ചത്. കൊട്ടാരക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ് റീനാ ദാസ് ടിആറിന്റേതാണ് വിധി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി എസ് സോനു പ്രോസിക്യൂഷന് വേണ്ടി ഹാജരായി. നിരവധി മോഷണ കേസുകളിൽ ശിക്ഷ അനുഭവിച്ചവരാണ് പ്രതികൾ.
Story Highlights : Elderly woman killed during gold necklace robbery; Accused sentenced to 11 years in prison
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here