ആർഎസ്എസ് ഗണഗീതാലാപനം; ഉപദേശക സമിതി പിരിച്ചുവിടും, തിരുവിതാംകൂർ ദേവസ്വം ബോർഡ്

ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിലെ ഉപദേശക സമിതിയെ പിരിച്ചുവിടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ തിരുവിതംകൂർ ദേവസ്വം ബോർഡിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.
സമിതിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് വിലയിരുത്തി. ക്ഷേത്ര പരിസരത്ത് ആർ എസ് എസ് കൊടി തോരണങ്ങൾ സ്ഥാപിച്ചതിന് പിന്നാലെ ഗണഗീതം ആലപിച്ചത് ബോധപൂർവ്വം എന്ന് ദേവസ്വം ബോർഡ്. കുറ്റം ആവർത്തിക്കുന്ന ഉപദേശക സമിതികൾക്കെതിരെയും കർശനമായ നടപടിയുണ്ടാകുമെന്നും തിരുവിതാംകൂർ ദേവസ്വം വ്യക്തമാക്കി.
Read Also: തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പ്; തയ്യാറെടുത്ത് BJP, ഏകോപനത്തിന് സംയോജകരെ നിശ്ചയിക്കാൻ RSS
ആർഎസ്എസ് ഗണഗീതം ആലപിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ തന്നെ ക്ഷേത്രോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിരുന്നു. ക്ഷേത്ര പരിസരത്ത് ആർഎസ്എസ് കൊടിയും തോരണങ്ങളും കെട്ടിയതായുള്ള പരാതി ലഭിക്കുകയും ഇതിന്മേൽ കൊട്ടാരക്കര ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ അന്വേഷണം നടത്തുകയും ചെയ്യുന്നതിനിടെയാണ് ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചത്.
ക്ഷേത്രത്തിലോ ക്ഷേത്ര പരിസരത്തോ രാഷ്ട്രീയപാർട്ടികളുടയോ, മത-സാമുദായിക സംഘടനകളുടെയോ കൊടികളോ അതുമായി സാദൃശ്യം തോന്നുന്ന തരത്തിലുള്ള കൊടികളോ കെട്ടുവാനോ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുവാനോ പാടില്ല. ഹൈക്കോടതി നിർദേശം തിരുവിതാംകൂർ ദേവസ്വം ബോർഡ് കർശനമായി നടപ്പിലാക്കും. ഇതുമായി ബന്ധപ്പെട്ട് ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ജില്ലാ ഡെപ്യൂട്ടി ദേവസ്വം കമ്മീഷൻമാരുടേയും അസിസ്റ്റന്റ് ദേവസ്വം ദേവസ്വം കമ്മീഷണർമാരുടെയും ഒരു യോഗം ചേർന്നിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് കീഴിലെ ക്ഷേത്രങ്ങളിൽ ഇത്തരത്തിൽ കൊടികൾ കെട്ടുന്നതിനോ ആശയപ്രചരണം നടത്തുന്നതിനോ രാഷ്ട്രീയ മത-സാമുദായിക സംഘടനകളെ അനുവദിച്ചാൽ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും.
നിലവിലെ ഉത്തരവ് മറികടക്കാൻ ക്ഷേത്ര ഉപദേശക സമിതിയുടെ പേരിൽ കൊടികളും തോരണങ്ങളും കെട്ടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ഒരു ക്ഷേത്ര ഉപദേശക സമിതിക്കും സ്വന്തമായി കൊടിയോ ചിഹ്നങ്ങളോ ഇല്ല. ഇത്തരത്തിൽ നടപടികൾ സ്വീകരിക്കുന്ന ഉപദേശക സമിതികൾക്കെതിരെയും കർശനമായ നടപടിയുണ്ടാകുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി.
Story Highlights : RSS Ganageetham; Advisory Committee to be dissolved, Travancore Devaswom Board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here