Advertisement

‘ലഹരിക്കെതിരെ കേരളം യുദ്ധം നടത്തുന്നു; നാടിന്റെ പിന്തുണ ആവശ്യം’; മുഖ്യമന്ത്രി പിണറായി വിജയന്‍

April 9, 2025
Google News 2 minutes Read

ലഹരിക്കെതിരെ കേരളം യുദ്ധം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹായജ്ഞത്തില്‍ നാടിന്റെ പിന്തുണ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്ന് ആസക്തി കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്നു. ലഹരിക്കെതിരെ വിപുലമായ കര്‍മപദ്ധതിക്ക് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശക്തിപ്പെടുന്നതിനായി വിവിധ മതമേലധ്യക്ഷന്മാരുടെ യോഗം ഏപ്രില്‍16നും ഏപ്രില്‍ 17ന് സര്‍വകക്ഷിയോഗവും നടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലഹരി വിപണനവും സംഭരണവും ഉപയോഗവും തടയാനായി നടത്തുന്ന ഓപ്പറേഷന്‍ ഡി-ഹണ്ട് കേരള പൊലീസ് നടപ്പാക്കുന്നുണ്ട്.

2025ൽ ഇതുവരെ 12,760 കേസുകളെടുത്തു. 12 കോടിയുടെ മയക്ക് മരുന്ന് പിടിച്ചു. ഇതര സംസ്ഥാനക്കാരായ 94 പേരെ പിടികൂടി. ഡാൻസാഫ് ടീം സജീവമായി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള മയക്ക് മരുന്ന് ഒഴുക്ക് തടയാൻ പ്രതിരോധ കവചം തീർക്കണം. അതിനായി അശ്രാന്ത പരിശ്രമം നടത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മാർച്ച് മാസത്തിൽ മാത്രം എക്സൈസ് 10495 കേസ് എടുത്തു. 13, 619 റെയ്ഡ് വിവിധ വകുപ്പുകളുമായി ചേർന്ന് നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

വിദ്യാര്‍ഥികളിലെ മയക്കുമരുന്ന് വ്യാപനവും ഉപയോഗവും തടയുന്നതിനായി 4469 സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ സ്‌കൂള്‍ തലത്തിലും 1776 ആന്റി നാര്‍ക്കോട്ടിക് ക്ലബ്ബുകള്‍ കോളജ് തലത്തിലും രൂപീകരിച്ചു. ലഹരിക്കെതിരായ യുദ്ധം ആരംഭിക്കേണ്ടത് വീടുകളിൽ നിന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവിതമാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തി പൊലീസ് കാമ്പയിൻ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രചരണത്തിന് ബഹുമുഖ മാർഗങ്ങൾ സ്വീകരിക്കും. ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും.

ലഹരി വിപത്തിനെതിരെ സമൂഹം മുന്നിട്ടിറങ്ങുന്നത് സ്വാഗതാര്‍ഹമാണ്. ഡീ അഡിക്ഷൻ സെൻ്ററുകളിൽ അക്രമാസക്തരായവരെ താമസിപ്പിക്കാൻ സൗകര്യമില്ല. ജില്ലയിൽ ഒരോ കേന്ദ്രം വേണമെന്നാണ് നിർദേശം. ലഹരിയുടെ പിടിയില്‍ നിന്ന് യുവതലമുറയെ സംരക്ഷിക്കാന്‍ ഏവരും ഒരുമിച്ച് നില്‍ക്കേണ്ടതുണ്ടെന്നും നാടൊന്നാകെ തോളോട്‌തോള്‍ ചേരേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights : CM Pinarayi Vijayan against drug usage in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here