‘ആളുകളെ കൊള്ളയടിച്ച സംഭവമായിട്ടും നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ട്?’ ; കരുവന്നൂര്‍ കേസില്‍ പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ പൊലീസ് അന്വേഷണത്തെ വിമര്‍ശിച്ച് ഹൈക്കോടതി. അന്വേഷണം തുടങ്ങി നാല് വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കത്തത് എന്തുകൊണ്ടെന്നാണ് കോടതിയുടെ ചോദ്യം. ആളുകളെ കൊള്ളയടിച്ച സംഭവമല്ലേ ഇതെന്നും എന്നിട്ടും നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
ഇ ഡി വളരെ കൃത്യമായി അന്വേഷണം നടത്തുന്നുണ്ടായിരുന്നല്ലോ, ഇങ്ങനെ പോയാല്‍ കേസ് സിബിഐയെ ഏല്‍പ്പിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. എന്നാല്‍, കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഇ ഡി കൊണ്ടുപോയതുകൊണ്ടാണ് അന്വേഷണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇപ്പോഴത്തെ നിലയില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസത്തെ സമയം കൂടി വേണ്ടിവരുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും, വാദം കോടതി അംഗീകരിച്ചില്ല. അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന ഹര്‍ജിയില്‍ നാളെ ഹാജരായി മറുപടി നല്‍കാന്‍ സിംഗിള്‍ ബെഞ്ച് സിബിഐ അഭിഭാഷകനോട് നിര്‍ദേശിച്ചു.
അതേസമയം, കേസില്‍ മുന്‍മന്ത്രി എ സി മൊയ്തീന്‍, സിപിഐഎം മുന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എന്നിവരെ പ്രതി ചേര്‍ക്കാന്‍ അനുമതി. ഇരുപത് പ്രതികള്‍ അടങ്ങുന്ന രണ്ടാംഘട്ട പ്രതിപട്ടികയ്ക്ക് ഇ ഡി ആസ്ഥാനം അനുമതി നല്‍കി. മൂന്നാംഘട്ട പ്രതിപട്ടികയ്ക്ക് കൂടി അംഗീകാരം ലഭിച്ചശേഷമാകും കുറ്റപത്രം സമര്‍പ്പിക്കുക.
ക്രമക്കേടിലൂടെ ലോണ്‍ തരപ്പെടുത്തിയവരും കേസില്‍ പ്രതികളാകും. ഇഡി ഹെഡ്ക്വാര്‍ട്ടേഴ്സ് ആണ് പ്രതി പട്ടിക അംഗീകരിച്ചത്. കേസില്‍ ആകെ 80ലധികം പ്രതികള്‍ വരും എന്നാണ് വിവരം. കൂടുതല്‍ സിപിഐഎം നേതാക്കള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
Story Highlights : High Court criticizes police in Karuvannur case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here