മഞ്ചേശ്വരത്തെ ഓട്ടോറിക്ഷ ഡ്രൈവറുടെ മരണം: കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മഞ്ചേശ്വരത്ത് ഓട്ടോറിക്ഷ ഡ്രൈവറുടെ മരണം കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മുഹമ്മദ് ഷെരീഫിന്റെ കൈക്കും കഴുത്തിലും വെട്ടേറ്റ പാടുകളുണ്ട്. ഇന്നലെ രാത്രിയാണ് മഞ്ചേശ്വരത്ത് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
മുഹമ്മദ് ഷെരീഫിന്റെ കഴുത്തിനും തലയ്ക്കും കൈക്കും ആയുധങ്ങള്‍ കൊണ്ട് മുറിവേറ്റ പാടുകളുണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണ കാരണം കഴുത്തിനേറ്റ മുറിവും. മണിക്കൂറുകളോളം വെള്ളത്തില്‍ കിടന്നിട്ടും ശ്വാസകോശത്തില്‍ വെള്ളം കയറിയിട്ടില്ല. അതിനാല്‍ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കിണറ്റില്‍ തള്ളിയതാണെന്ന നിഗമനത്തിലാണ് പൊലീസ്. പരിയാരം മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. മഞ്ചേശ്വരം സിഐ അനൂപ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഇന്നലെ രാത്രി സംശയകരമായ സാഹചര്യത്തില്‍ ഓട്ടോ കണ്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കിണറിനു സമീപത്ത് രക്തക്കറയുമുണ്ടായിരുന്നു. മംഗളൂരൂ മുള്‍ക്കി സ്വദേശിയാണ് മരിച്ച മുഹമ്മദ് ഷെരീഫ്. ബുധനാഴ്ച രാത്രി 10 മണിയോടെ 3 പേര്‍ ഷെരീഫിന്റെ ഓട്ടോ വാടകയ്ക്കു വിളിച്ചു പോയിരുന്നതായി പറയുന്നു. അന്ന് രാത്രി മുതലാണ് ഇയാളെ കാണാതായത്. ഇതേക്കുറിച്ചടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.
Story Highlights : Manjeshwaram death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here