Advertisement

‘ഇത് ചരിത്രവിധി; ഹിന്ദുത്വവല്‍ക്കരണത്തിന് ഏറ്റ തിരിച്ചടി; ഗവര്‍ണര്‍ ഭരണത്തിന് തടയിടുന്നു’ ; എം വി ഗോവിന്ദന്‍

April 13, 2025
Google News 2 minutes Read
mvg

നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇന്ത്യയിലെ പ്രതിപക്ഷ സംസ്ഥാന സര്‍ക്കാരുകളെ സംബന്ധിച്ച് വളരെയേറെ പ്രാധാന്യമുള്ള വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. നിയമ സംഹിതയുടെ ചരിത്രത്തില്‍ ആദ്യമായി ഗവര്‍ണറോ പ്രസിഡന്റോ ഒപ്പിടാതെ സുപ്രീംകോടതിയുടെ ഇടപെടലിന്റെ ഭാഗമായി നിയമനിര്‍മാണത്തിന് അംഗീകാരം ലഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു പുതിയ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് അതിരൂപത നിയുക്ത ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കലിനെ സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. മന്ത്രി പി എ മുഹമ്മദ് റിയാസും ഒപ്പമുണ്ടായിരുന്നു. ഇ.പി ജയരാജനും ഡോ. വര്‍ഗീസ് ചക്കാലക്കലിനെ സന്ദര്‍ശിച്ചു. ഇന്നലെ മുഖ്യമന്ത്രിയും അദ്ദേഹത്തെ കാണാന്‍ എത്തിയിരുന്നു.

കോര്‍പ്പറേറ്റ് – ഹിന്ദുത്വവത്കരണ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഈ പശ്ചാത്തലത്തിലും നിയമവാഴ്ചയ്ക്ക് സാധുതയുണ്ട് എന്ന് തന്നെയാണ് സുപ്രീംകോടതിയുടെ ഈ വിധിയിലൂടെ രാജ്യം മനസിലാക്കിയിട്ടുള്ളത്. അതിനെതിരായ ചില പ്രതികരണങ്ങള്‍ കേരളത്തിലെ ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉള്‍പ്പടെയുണ്ടായിട്ടുണ്ട് – അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗവര്‍ണര്‍ ഭരണത്തിന് തടയിടുന്നതാണ് സുപ്രീം കോടതി വിധിയെന്നും ഹിന്ദുത്വവത്കരണത്തിന് ഏറ്റ തിരിച്ചടിയെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവര്‍ണര്‍ ആയാലും പ്രസിഡന്റ് ആയാലും പ്രവര്‍ത്തനം ഭരണഘടനാപരമാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Story Highlights : M V Govindan about Governor Supreme Court row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here