മുർഷിദബാദ് സംഘർഷം ആസൂത്രിതം; SDPIക്ക് പ്രധാന പങ്കെന്ന് ബംഗാൾ പോലീസ്

വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്ന് കലാപബാധിതമായ പശ്ചിമബംഗാളിലെ മുർഷിദാബാദിൽ കൂടുതൽ സുരക്ഷാ വിന്യാസം. കലാപം ആസൂത്രിതമെന്നും എസ്ഡിപിഐയ്ക്ക് ഇതിൽ പ്രധാനപങ്കുണ്ടെന്നുമാണ് പൊലീസ് കണ്ടെത്തൽ. അതേസമയം കലാപബാധിത മേഖലകളിൽ നിന്ന് ആളുകൾ കൂട്ടമായി ഒഴിഞ്ഞുപോകുകയാണ്. പ്രദേശത്ത് ഇന്റർ നെറ്റ് നിരോധനം തുടരുകയാണ്.
മുസ്ലീങ്ങളുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ആണ് പുതിയ നിയമത്തിലൂടെ കേന്ദ്രം ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ പ്രചരണം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. കലാപത്തിൽ കൊല്ലപ്പെട്ട ഇജാസ് അഹമ്മദിന്റെ കുടുംബാംഗങ്ങൾ പ്രദേശത്ത് എസ്ഡിപിഐ പ്രകോപനപരമായ പ്രചാരണം നടത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.
വഖഫ് നിയമം ഉപയോഗിച്ച് എസ്ഡിപിഐ അംഗങ്ങൾ മേഖലയിലെ യുവാക്കളെ പ്രകോപിപ്പിച്ച് വീടുതോറും പ്രചാരണം നടത്തുന്നുണ്ടെന്നാണ് പോലീസ് അന്വേഷണത്തിയത്. ഒരുകാലത്ത് നിരോധിത സിമി ഗ്രൂപ്പിന്റെ ആസ്ഥാനമായിരുന്നു മുർഷിദാബാദ്. സിമി വിട്ട് നിരവധി പേർ പിഎഫ്‌ഐയിൽ ചേർന്നുവെന്നും ഇപ്പോൾ എസ്‌ഡിപിഐയുമായി ബന്ധമുണ്ടെന്നും പോലീസ് പറയുന്നു.
Read Also: മുംബൈ ഭീകരക്രമണ കേസ്; തഹാവൂർ റാണക്ക് ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം പരിശോധിക്കാൻ NIA
വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം വഖഫ് നിയമത്തിനെതിരായ ആരംഭിച്ച പ്രതിഷേധം അക്രമാസക്തമായി മാറുകയായിരുന്നു. വെള്ളിയാഴ്ച വിശ്വാസികൾ ഒന്നിക്കുന്ന ഘട്ടത്തിൽ ഈ അവസരം മുതലെടുത്ത് എസ്ഡിപിഐയുടെ നേതൃത്വത്തിൽ ആസൂത്രിതമായി സംഘർഷമുണ്ടാക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധത്തിനായി എസ്ഡിപിഐ കാത്തിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനായി വഖഫ് നിയമഭേഗതി സംബന്ധിച്ച് യുവാക്കൾക്കിടയിൽ പ്രകോപനപരമായ പ്രചാരണം നടത്തിയെന്നും പൊലീസ് കണ്ടെത്തി. സംഘർഷവുമായി ബന്ധപ്പെട്ട് 160ഓളം പേരാണ് അറസ്റ്റിലായിട്ടുള്ളത്. മൂന്ന് പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്.
മുർഷിദാബാദിലെ സംഷേർഗഞ്ച് പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിച്ചു. കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചു കേന്ദ്ര സേനയെ വിന്യസിച്ചു. അഞ്ച് കമ്പനി ബി എസ് എഫ് സേനയെ കൂടി മേഖലയിൽ വിന്യസിച്ചിരുന്നു. പൊലീസുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമെങ്കിൽ കൂടുതൽ സേനയെ അയയ്ക്കാൻ തയ്യാറാണെന്നും BSF അറിയിച്ചിരുന്നു.
Story Highlights : Murshidabad violence was planned; West Bengal Police says SDPI played key role
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here