SKN 40 കേരളയാത്ര; ഇന്ന് സുൽത്താൻ ബത്തേരിയിൽ, കൽപ്പറ്റയിൽ സമാപനം

ലഹരിക്കെതിരെ ശക്തമായ സന്ദേശവുമായി ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നടത്തുന്ന SKN ഫോർട്ടി കേരളയാത്ര ഇന്ന് തുടങ്ങുന്നത് സുൽത്താൻ ബത്തേരിയിൽ നിന്നാണ്. തുടർന്ന് മീനങ്ങാടിയിലും മുട്ടിലിലും യാത്രയെത്തും. കൽപ്പറ്റയിലാണ് വയനാട് ജില്ലയിലെ യാത്രയുടെ സമാപനം.
മൂന്നു സംസ്ഥാനങ്ങളുടെ സംഗമ നഗരം എന്ന വിശേഷണമാണ് സുൽത്താൻബത്തേരിക്ക് ഉള്ളത്. ഒരു ഭാഗം കർണാടക, മറുഭാഗം തമിഴ്നാട്. ഇപ്പോൾ വൃത്തിയുടെ പേരിലാണ് ഈ നഗരത്തിന്റെ ഖ്യാതി . സംസ്ഥാനത്തെ ഏറ്റവും സുന്ദരമായ നഗരം. അലക്ഷ്യമായി ഉപേക്ഷിക്കപ്പെട്ട ഒരു മിഠായി കടലാസ് പോലും ഈ നഗരത്തിൽ കാണില്ല. പാതയോരത്ത് പൂച്ചെടികൾ നിറച്ച് മോടിയിൽ ആറാടുന്ന നഗരമാണ് സുൽത്താൻബത്തേരി. ഗണപതി വട്ടം ക്ഷേത്ര പരിസരത്തു നിന്നുമാണ് വിഷു ദിനത്തിലെ മോണിംഗ് ഷോയിൽ ട്വന്റി ഫോർ ചീഫ് എഡിറ്റർ R ശ്രീകണ്ഠൻനായർ ലഹരി വിരുദ്ധ സന്ദേശവുമായി എത്തുന്നത്.
നഗരസഭാ പരിസരം, അസംപ്ഷൺ ജംഗ്ഷൻ, സെൻമേരിസ് കോളേജ് മൈതാനത്തെ ഹാപ്പിനസ്സ് ഫസ്റ്റ് എന്നിവിടങ്ങളിലാണ് മോണിംഗ് ഷോ നടക്കുക. തുടർന്ന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കുടുംബശ്രീ സംഗമത്തിൽ എസ് കെ എൻ പങ്കെടുക്കും. മുട്ടിൽ വയനാട് മുസ്ലിം ഓർഫനേജിലും ആർ ശ്രീകണ്ഠൻ നായർ എത്തും. വയനാട് ജില്ലയിലെ അവസാന പര്യടനം കൽപ്പറ്റയിലാണ് . വൈകിട്ട് മൂന്നിന് കൽപ്പറ്റ വയനാട് ഫെസ്റ്റ് എക്സ്പോ വേദിയിൽ എസ് കെ എൻ ലഹരി വിരുദ്ധ പ്രഭാഷണം നടത്തും. ഇന്നലെ പുൽപ്പള്ളിയിലും ബാവലിയിലും മാനന്തവാടിയിലും ഊഷ്മള സ്വീകരണമാണ് യാത്രയ്ക്ക് ലഭിച്ചത്.
Story Highlights : SKN 40 Kerala Yatra Sultan Bathery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here