Advertisement

മാസപ്പടി കേസ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

April 16, 2025
Google News 2 minutes Read
exalogic

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് മാധ്യമ പ്രവര്‍ത്തകനായ എംആര്‍ അജയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്. മുഖ്യമന്ത്രിക്കും മകള്‍ വീണ തൈക്കണ്ടിയിലിനും എതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആണ് ഹര്‍ജിയിലെ ആവശ്യം. സിഎംആര്‍എല്‍, എക്‌സാലോജിക് കമ്പനികളും ശശിധരന്‍ കര്‍ത്ത ഉള്‍പ്പടെയുള്ള സിഎംആര്‍എല്‍ ഉദ്യോഗസ്ഥരും ഉള്‍പ്പടെയുള്ളവരാണ് മറ്റ് എതിര്‍കക്ഷികള്‍.

അതേസമയം, സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ വീണാ വിജയനെ ചോദ്യം ചെയ്യുന്നതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടന്‍ തീരുമാനമെടുക്കും. എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി നിര്‍ദേശം നല്‍കി. എസ്എഫ്‌ഐഒ ചുമത്തിയ കുറ്റങ്ങളും കുറ്റപത്രത്തിലെ വിവരങ്ങളും പരിശോധിച്ച ശേഷം വീണാ വിജയന് സമന്‍സ് അയയ്ക്കാനാണ് ഇഡിയുടെ നീക്കം. എസ്എഫ്‌ഐഒ സമര്‍പിച്ച കുറ്റപത്രം എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസമാണ് ഫയലില്‍ സ്വീകരിച്ചത്.

Read Also: ‘എല്ലാ മത നേതാക്കളും ലഹരിക്ക് എതിരെ ഒറ്റക്കെട്ടായി പ്രചാരണം നടത്തണം’ ; കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍

മാസപ്പടിക്കേസില്‍ 2024 മാര്‍ച്ചില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ECIR രജിസ്റ്റര്‍ ചെയ്തിരുന്നു. സിഎംആര്‍എല്‍, കെ എസ് ഐ ഡി സി ഉദ്യോഗസ്ഥരെ തുടര്‍ന്ന് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ ഇ ഡി നീക്കങ്ങള്‍ക്ക് വേഗം കുറഞ്ഞു. പക്ഷേ അടുത്തിടെ എസ് എഫ് ഐ ഒ കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ ഇഡി തങ്ങളുടെ കേസും പൊടി തട്ടിയെടുത്തു. കുറ്റപത്രം പരിശോധിച്ച ശേഷം പ്രതിപ്പട്ടികയിലുള്ള ആളുകളെ ചോദ്യം ചെയ്യുന്നതിലേക്ക് ഇ ഡി കടക്കും. ഇ ഡി കൊച്ചി യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സിനി ഐ ആര്‍ എസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

നേരത്തെ മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട ഇടപാടില്‍ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിചാരണ കോടതി കേസെടുത്തിരുന്നു. സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി കുറ്റപത്രം എറണാകുളം അഡീഷണല്‍ സെഷന്‍ ഏഴാം നമ്പര്‍ കോടതിയാണ് സ്വീകരിച്ചത്. അടുത്ത ആഴ്ചയോടെ വീണ, ശശിധരന്‍ കര്‍ത്ത തുടങ്ങി 13 പേര്‍ക്കെതിരെ കോടതി സമന്‍സ് അയക്കും. തുടര്‍ന്ന് കുറ്റപത്രത്തില്‍ പേരുള്ളവര്‍ അഭിഭാഷകന്‍ വഴി കോടതിയില്‍ ഹാജരാകേണ്ടിവരും.

Story Highlights : Masappadi case: High Court to consider public interest litigation seeking CBI investigation today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here