കെ സംഗീത് തട്ടിപ്പ് വീരൻ; അന്വേഷണം വന്നാൽ പിടിക്കപ്പെടാതിരിക്കാൻ ഫയലുകൾ നശിപ്പിച്ചു, ലോട്ടറി ഡയറക്ട്രേറ്റിലും തട്ടിപ്പ് നടത്തിയെന്ന് വിജിലൻസ്

ലോട്ടറി ക്ഷേമനിധി ബോർഡിന് പുറമേ, ക്ലർക്കായ കെ. സംഗീത് ലോട്ടറി ഡയറക്ട്രേറ്റിലും തട്ടിപ്പ് നടത്തിയെന്ന് വിജിലൻസ്. ലോട്ടറി ഡെപ്യൂട്ടി ഡയറക്ടറുടെ വ്യാജ ഒപ്പിട്ടും ഇയാൾ തട്ടിപ്പ് നടത്തി.ഇതിൽ അന്വേഷണം വന്നാൽ പിടിക്കപ്പെടാതിരിക്കാൻ ഫയലുകൾ നശിപ്പിച്ചു. അഴിമതിപ്പണം കൊണ്ട് സംഗീത്,
നഗരത്തിൽ രണ്ട് വീടുകൾ വച്ചെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.
സംഗീത് ഓഫീസിൽ കാൻസർ രോഗിയായി അഭിനയിച്ചും സഹതാപം പിടിച്ചുപറ്റാൻ ശ്രമം നടത്തി. കാൻസർ രോഗിയാണെന്ന് കാണിച്ച് രേഖകളും ഓഫീസിൽ നൽകിയിരുന്നു. എന്നാൽ മേലുദ്യോഗസ്ഥരുടെ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. സ്ഥാനക്കയറ്റം ലഭിച്ചാൽ സ്ഥലംമാറ്റം കിട്ടുമെന്ന് കരുതി വേണ്ടെന്ന് വച്ചു. ലോക്കൽ ഫണ്ട് ഓഡിറ്റിൽ ഇയാൾ നടത്തിയ തട്ടിപ്പ് കണ്ടെത്താതിരിക്കാൻ ഫയലുകളിൽ തിരിമറി നടത്തിയിരുന്നു. സംഗീത് മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണെന്നാണ് ബന്ധുക്കൾ വിജിലൻസിനോട് പറയുന്നതെങ്കിലും ഇതിൽ എത്രത്തോളം സത്യമുണ്ടെന്ന കാര്യവും വിജിലൻസ് പരിശോധിക്കുന്നുണ്ട്.
അതേസമയം, ഓഫീസ് ഫയലുകൾ വീട്ടിൽ കൊണ്ടുപോകുന്നത് സംഗീതിൻറെ പതിവാണെന്നും ഇങ്ങനെ ഇയാൾ നിരവധി ഫയലുകൾ മുക്കിയതായും കണ്ടെത്തൽ ഉണ്ട്.
അനധികൃത സ്വത്ത് സമ്പാദനത്തിൽ ബന്ധു നൽകിയ പരാതി അന്വേഷിക്കാനെത്തിയ വിജിലൻസ് സംഘമാണ് ലോട്ടറി ഡയറക്ട്രേറ്റിലെ ക്ലർക്ക് സംഗീത് നടത്തിയ വൻ തട്ടിപ്പ് പുറത്ത് കൊണ്ടുവരുന്നത്. 2018,19,20 കാലയളവിൽ ഡയറക്ട്രേറ്റിലെ ക്ഷേമനിധി വിഭാഗത്തിൽ ജോലി ചെയ്യുന്നതിടെയായിരുന്നു വകുപ്പിന്റെ പ്രതിദിന വരുമാനത്തിൽ നിന്നും ക്ഷേമനിധിയിലേക്ക് മാറ്റുന്ന തുകയിൽ സംഗീത് തിരിമറി നടത്തിയത്. 63 ലക്ഷം രൂപ ഇയാൾക്കായി വീട് വയ്ക്കുന്ന കോൺട്രാക്ടറുടെ അക്കൌണ്ടിലേക്കും 15 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്കുമാണ് സംഗീത് മാറ്റിയത്. സാമ്പത്തിക തിരിമറിയുടെ രേഖകൾ സംഗീത് പൂഴ്ത്തിയതായും ആരോപണമുണ്ട്. തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ 14ാം തീയതി വകുപ്പ് ഡയറക്ടർ സംഗീതിനെതിരെ മ്യൂസിയം സ്റ്റേഷനിൽ പരാതിയും നൽകി. ലോട്ടറി വകുപ്പ് ഡയറക്ടറുടെ വ്യാജ മുദ്ര ഉണ്ടാക്കി അനധികൃത അവധിയെടുത്തതിന് ആറ് മാസം മുമ്പ് സംഗീതിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ തട്ടിപ്പും പുറത്ത് വരുന്നത്.
Story Highlights : Lottery fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here