Advertisement

നിലമ്പൂരിന്റെ മറവില്‍ പി വി അന്‍വര്‍ യു ഡി എഫിലെത്തുമോ ?

April 21, 2025
Google News 2 minutes Read
pv anvar

പി വി അന്‍വറിന്റെ വഴിയേ കോണ്‍ഗ്രസ് പോവുമോ ? തൃണമൂല്‍ കോണ്‍ഗ്രസിന് യു ഡി എഫില്‍ ഇടം കിട്ടുമോ ? നിലമ്പൂരില്‍ അന്‍വര്‍ നടത്തുന്ന സമ്മര്‍ദരാഷ്ട്രീയം ഫലം കാണുമോ ? നിരവധി ചോദ്യങ്ങളാണ് നിലമ്പൂരില്‍ ഉയരുന്നത്. നിലമ്പൂര്‍ മണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ ആരവങ്ങളിലേക്ക് നീങ്ങുകയാണ്. ഇതിടയിലും പി വി അന്‍വര്‍ തന്നെയാണ് മണ്ഡലത്തില്‍ പ്രധാന ചര്‍ച്ചാവിഷയം.

എല്‍ ഡി എഫിന് എക്കാലവും ബാലികേറാമലയായിരുന്നു നിലമ്പൂര്‍. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന ആര്യാടന്‍ മുഹമ്മദ് ദീര്‍ഘകാലം സ്വന്തം തട്ടകമായി വച്ചിരുന്ന നിലമ്പൂരില്‍ കഴിഞ്ഞ രണ്ടുതവണ വിജയിച്ചത് പി വി അന്‍വറായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അത്ര എളുപ്പം തള്ളിക്കളയാനാവില്ലെന്ന ബോധം യു ഡി എഫ് നേതാക്കള്‍ക്കുണ്ട്. ആര്യാടന്‍ മുഹമ്മദ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറഞ്ഞതോടെയായിരുന്നു കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയായ നിലമ്പൂര്‍ മണ്ഡലം കൈവിട്ടത്. കോണ്‍ഗ്രസ് വിമതനായി രംഗത്തെത്തിയ പി വി അന്‍വര്‍ ആര്യാടന്‍ ഷൗക്കത്തിനെ തറപറ്റിച്ചു. ഇതാടെ നിലമ്പൂര്‍ ഇടത്തോട്ടുചരിഞ്ഞു. കോണ്‍ഗ്രസിന് വന്‍ഭീഷണിയുയര്‍ത്തിയ അതേ അന്‍വര്‍ സി പി ഐ എമ്മിനോട് കലഹിക്കുകയും ഇടതുപാളയത്തോട് വിടപറയുകയുമായിരുന്നു. അതിനാല്‍ നിലമ്പൂരില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

ഒരു വര്‍ഷത്തിനുശേഷം നടക്കാനിരിക്കുന്ന അസംബ്ലി ഇലക്ഷന്റെ റിഹേഴ്സലായാണ് കേരള രാഷ്ട്രീയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. അതിനാല്‍ ഈ തിരഞ്ഞെടുപ്പ് ഇരു മുന്നണികള്‍ക്കും നിര്‍ണായകവുമാണ്.

Read Also: പി വി അൻവർ ഒറ്റയ്ക്ക് യുഡിഎഫിലേക്കില്ല; മറ്റന്നാള്‍ നിര്‍ണായക കൂടിക്കാഴ്ച

എന്നാല്‍ പി വി അന്‍വര്‍ ഉയര്‍ത്തുന്ന പ്രതിരോധം കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കയാണ്. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും സ്ഥാനാർഥി ആരായാലും വിജയം ഉറപ്പാണ് എന്നൊക്കെ പറയുമ്പോഴും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അനിശ്ചിതത്വം യു ഡി എഫിന് തിരിച്ചടിയാവുമോ എന്ന ആശങ്ക യു ഡി എഫ് ക്യാമ്പിനുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നുവെങ്കില്‍ മണ്ഡലത്തില്‍ നിര്‍ണായകമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് യു ഡി എഫ് ഘടകകക്ഷി നേതാക്കളുടെ അഭിപ്രായം. മണ്ഡലത്തില്‍ നിര്‍ണായക ശക്തിയാണ് മുസ്ലിംലീഗ്. ലീഗിന്റെ നിലപാടും നിര്‍ണായകമാണ്. യു ഡി എഫ് ഘടകകക്ഷിയാണെങ്കിലും ആര്യാടന്‍ മുഹമ്മദുമായി എല്ലാ കാലത്തും അകല്‍ച്ച പാലിച്ചിരുന്നു മുസ്ലിം ലീഗ്. എന്നാല്‍ ആര്യാടന്‍ ഷൗക്കത്തിനെ ലീഗ് പരസ്യമായി എതിര്‍ക്കുന്നില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരായാലും യു ഡി എഫിന് വന്‍ വിജയം നേടാന്‍ കഴിയുമെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്.

കോണ്‍ഗ്രസ് നിലവില്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി പി വി അന്‍വറാണ്. ഇതോടെ നിലമ്പൂരില്‍ വീണ്ടും നേട്ടമുണ്ടാക്കാനുള്ള വഴികള്‍ ആരായുകയാണ് സി പി ഐ എം. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പി വി അന്‍വറുടെ നിലപാട് കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന് അഭിപ്രായഭിന്നതയെ രാഷ്ട്രീയമായി എങ്ങിനെ ഉപയോഗിക്കാമെന്നാരായുകയാണ് സി പി ഐ എം.

നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല. മെയ് രണ്ടാം വാരത്തോടെ തിരഞ്ഞെടുപ്പു നടക്കുമെന്നാണ് സൂചനകള്‍. ഇതിനകം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരിക്കയാണ്. ഇതിനിടയിലാണ് മുന്‍ എം എല്‍ എയും നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ അന്‍വര്‍ കോണ്‍ഗ്രസിനെ കടുത്ത സമ്മര്‍ദത്തിലാക്കിയിരിക്കുന്നത്.

മലപ്പുറം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനായ വി എസ് ജോയിയെ യു ഡി എഫ് സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം അന്‍വര്‍ ആവര്‍ത്തിക്കുകയാണ്. ഇതേ ആവശ്യം അന്‍വര്‍ നേരത്തെയും ഉന്നയിച്ചിരുന്നു. പ്രഖ്യാപിത രാഷ്ട്രീയ എതിരാളിയായ ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ത്ഥിയാവുന്നതിനോട് അന്‍വറിന് താല്പര്യമില്ല. അതിനാല്‍ ഷൗക്കത്തിനെ തുടക്കത്തിലെ എതിര്‍ക്കാന്‍ അന്‍വര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതിനായി അന്‍വര്‍ കണ്ടെത്തിയ മാര്‍ഗംമാത്രമാണ് വി എസ് ജോയിയെ ഉയര്‍ത്തിക്കാണിക്കുകയെന്നത്.

യു ഡി എഫ് സ്ഥാനാര്‍ഥി ആരായാലും പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച അന്‍വര്‍ അവസാനഘട്ടത്തില്‍ മലക്കം മറിഞ്ഞത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഒന്നുകില്‍ മുന്നണിയില്‍ പ്രവേശനം നേടിയെടുക്കുക. അല്ലെങ്കില്‍ താന്‍ തീരുമാനിച്ചയാളെ സ്ഥാനാര്‍ഥിയാക്കുക. ഇതു രണ്ടും സംഭവിച്ചില്ലെങ്കില്‍ അന്‍വര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. ഇത് കോണ്‍ഗ്രസിന് കനത്ത വെല്ലുവിളിയാവും.
ഇതോടെ കോണ്‍ഗ്രസ് വിഷമസന്ധിയിലായിരിക്കയാണ്.

അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങളെ എങ്ങിനെ നേരിടാമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. കോണ്‍ഗ്രസ് രണ്ടുതട്ടിലല്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങളുണ്ടാവില്ലെന്നുമാണ് കോണ്‍ഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ പറയുന്നത്.

സീറ്റു ലഭിച്ചാലും ഇല്ലെങ്കിലും എന്നും കോണ്‍ഗ്രസുകാരനായിരിക്കുമെന്നാണ് ആര്യാടന്‍ ഷൗക്കത്തിന്റെ പ്രതികരണം. ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെങ്കില്‍ അന്‍വറിനെ മെരുക്കണം. അതിന് വ്യക്തമായ രാഷ്ട്രീയ നിലപാട് ഉണ്ടാവണം. പ്രശ്നം പരിഹരിക്കാനായി അന്‍വറിനെ മുന്നണിയില്‍ എടുക്കണമെന്ന നിര്‍ദേശമാണ് ഏറ്റവും ഒടുവിലായി ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ അന്‍വറിനെ മാത്രമായി മുന്നണിയില്‍ എടുക്കാമെന്ന നിര്‍ദേശമാണ് ഹൈക്കമാന്റ് മുന്നോട്ടുവെക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ പ്രവേശിപ്പിക്കണമെങ്കില്‍ അത് പെട്ടെന്നു തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ഇത്തരം സാങ്കേതിക വിഷയങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ അന്‍വറിനെ നേരിട്ട് അറിയിച്ചിട്ടുണ്ട്.

പി വി അന്‍വറിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെ പിണക്കിയാലും അന്‍വറിനെ പിണക്കിയാലും നിലമ്പൂരില്‍ അപകടമാണെന്ന് ചെന്നിത്തലയ്ക്കും വ്യക്തമാണ്. നിലമ്പൂരില്‍ സി പി ഐ എം ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. വീണ്ടും സ്വതന്ത്രനെ ഇറക്കാനുള്ള നീക്കത്തിലാണ് സി പി ഐ എം. ഇതാണ് യു ഡി എഫിന്റെ പ്രധാന ആശങ്കയും.വി എസ് ജോയിക്കുമാത്രമേ നിലമ്പൂരില്‍ വിജയസാധ്യതയുള്ളൂ എന്ന് ആവര്‍ത്തിക്കുകയാണ് അന്‍വര്‍. ഇത് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുതന്നെയായിരുന്നു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വറിന്റെ പിന്തുണ കോണ്‍ഗ്രസിന് അനിവാര്യമാണ്. അതിനാല്‍ അന്‍വറെ പിണക്കാന്‍ കോണ്‍ഗ്രസും ലീഗും തയ്യാറല്ല.നിലമ്പൂരിന്റെ ചുമതലയുള്ള എ പി അനില്‍കുമാറിനെ കണ്ടും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. വിഷയം ബോധ്യപ്പെടുത്താനായി അന്‍വര്‍ ലീഗ് നേതാക്കളെ നേരില്‍ കണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പിന് ശേഷം, തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുന്നണി വിപുലീകരണ വിഷയം ചര്‍ച്ച ചെയ്യാമെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

നിലമ്പൂര്‍ സീറ്റ് പിടിച്ചെടുക്കുകയെന്നത് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത അജണ്ടയാണ്. സി പി ഐ എമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും സന്ധിയില്ലാ സമരം പ്രഖ്യാപിച്ച അന്‍വറിന് നിലമ്പൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ പരാജയവും അനിവാര്യമാണ്. പിണറായിസം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പറയുമ്പോഴും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ മറയാക്കി മുന്നണി പ്രവേശം വേഗത്തിലാക്കാനുള്ള നീക്കമാണ് അന്‍വര്‍ നടത്തുന്നത്. ഇത് സമ്മര്‍ദ തന്ത്രമായാണ് കോണ്‍ഗ്രസ് കാണുന്നത്.

ഇതേസമയം നിലമ്പൂരില്‍ എല്ലാ മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും ഉപതിരഞ്ഞെടുപ്പിനുള്ള തിരക്കിട്ട നീക്കങ്ങളിലാണ്.സ്ഥാനാര്‍ഥികളുടെ പേരൊഴിവാക്കി ചിഹ്നങ്ങള്‍ വരച്ചുള്ള ചുവരെഴുത്തുകള്‍ മണ്ഡലത്തില്‍ എങ്ങും നിറഞ്ഞുകഴിഞ്ഞു. വോട്ടര്‍പട്ടിക പുതുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. പുതിയ വോട്ടുകള്‍ ചേര്‍ക്കാനും ഇരട്ടവോട്ടുകള്‍ ഒഴിവാക്കാനുമായുള്ള പ്രവര്‍ത്തനങ്ങളും പ്രാദേശിക നേതൃത്വം സജീവമായി ഏറ്റെടുത്തിരിക്കുകയാണ്.

Story Highlights : Will Nilambur’s PV Anvar join the UDF?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here