Advertisement

‘ഇത് മുൻപേ പറഞ്ഞതാണ്, ഒരിക്കൽക്കൂടി ആവർത്തിക്കുന്നു’; ട്രംപ് – സെലൻസ്‌കി കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെ പുടിൻ; ചർച്ചയ്ക്ക് തയ്യാറെന്ന് പ്രഖ്യാപനം

3 days ago
Google News 2 minutes Read

മോസ്കോ: യുദ്ധം അവസാനിപ്പിക്കുന്നതിൽ യുക്രൈനുമായി ഉപാധികളില്ലാതെ ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിൻ. അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനോട് പുടിൻ നിലപാട് അറിയിച്ചതായി റഷ്യ അറിയിച്ചു. ഇത് നേരത്തെ തന്നെ പറഞ്ഞതാണെന്നും ഇപ്പോൾ ഒന്നുകൂടി ആവർത്തിക്കുകയാണെന്നും പുടിൻ പറഞ്ഞതായി റഷ്യയുടെ വിദേശകാര്യ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു.

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിനെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് വോളോദിമർ സെലെൻസ്‌കിയും റോമിൽ അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പുടിൻ തൻ്റെ നിലപാട് അറിയിച്ചത്. സെലൻസ്കിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം പുടിന്റെ വിഷയം മറ്റൊരു രീതിയിൽ കൈകാര്യം ചെയ്യേണ്ടി വന്നേക്കാമെന്ന് ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെച്ച കുറിപ്പും ചര്‍ച്ചയായി.

യുക്രൈനിലെ സിവിലിയൻ പ്രദേശങ്ങളിലേക്കും നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും മിസൈലുകൾ തൊടുത്തുവിടേണ്ട ഒരു കാരണവും റഷ്യക്ക് ഉണ്ടായിരുന്നില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങൾ പരാമർശിച്ച് ട്രംപ് കുറിച്ചു. യുദ്ധം നിർത്താൻ പുടിൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ബാങ്കിങ് അടക്കം ഉപരോധങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും ട്രംപ് കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുടിൻ ഒരു ഉപാധിയുമില്ലാതെയാണ് ചർച്ചയ്ക്ക് തയ്യാറാണെന്ന് വീണ്ടും വ്യക്തമാക്കിയത്.

യുക്രൈന്റെ വിവിധ പ്രദേശങ്ങളില്‍ ബുധനാഴ്ച രാത്രിയിലും റഷ്യ ആക്രമണം നടത്തിയിരുന്നു. ഇതിൽ ആറ് കുട്ടികളടക്കം 9 പേര്‍ കൊല്ലപ്പെട്ടിരുന്നു. 63 പേര്‍ക്ക് പരുക്കേറ്റു. രാജ്യ തലസ്ഥാനമായ കീവിലും സമീപ പ്രദേശങ്ങളിലും ആക്രമണം നടന്നു. നിരവധി പാര്‍പ്പിട സമുച്ചയങ്ങൾ തകര്‍ന്നു. ആക്രമണത്തിന് പിന്നാലെ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി തന്റെ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി മടങ്ങിയിരുന്നു.

Story Highlights : Putin says US delegate that Russia ready for unconditional talks with Ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here