Advertisement

മുംബൈയിലെ ഇ ഡി ഓഫീസിൽ തീപിടുത്തം

2 days ago
Google News 1 minute Read
ed office

മുംബൈയിലെ എൻഫോഴ്‌സ്‌മെന്റ്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ തീപിടുത്തം. ദക്ഷിണ മുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ ഇഡിയുടെ സോൺ-1 ഓഫീസിൽ ഞായറാഴ്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരുക്കുകൾ ഉണ്ടായിട്ടില്ലെങ്കിലും വളരെ പ്രധാനപ്പെട്ട കേസുകളിലെ അന്വേഷണ രേഖകൾ നഷ്ട്ടമായോ എന്ന ആശങ്കയിലാണ് അധികൃതർ.

നാടുവിട്ട രത്ന വ്യാപാരി മെഹുൽ ചോക്‌സി, നിരവ് മോദി, രാഷ്ട്രീയക്കാരായ ഛഗൻ ഭുജ്ബൽ, അനിൽ ദേശ്മുഖ് എന്നിവർ ഉൾപ്പെട്ട ചില ഉന്നത കേസുകളുടെ അന്വേഷണ രേഖകൾ സൂക്ഷിച്ചിരിക്കുന്ന ഓഫീസാണിത്.

കേസുമായി ബന്ധപ്പെട്ട രേഖകൾ നഷ്ടമായാൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളെ ഇത് ബാധിക്കും. മാത്രമല്ല ഓഫീസിലെ കമ്പ്യൂട്ടറുകളും ഡോക്യുമെന്റേഷനും ഉൾപ്പെടെയുള്ളവ തീപിടുത്തത്തിൽ നശിച്ചു. നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തൽ നടന്നുവരികയാണ്. അന്വേഷണത്തിന്റെ മിക്ക രേഖകളും ഡിജിറ്റൈസ് ചെയ്തതിനാൽ, ഏജൻസിക്ക് അവ വീണ്ടെടുക്കാൻ കഴിഞ്ഞേക്കുമെന്ന് വൃത്തങ്ങൾ അറിയിക്കുന്നു.

കുറ്റപത്രം സമർപ്പിച്ച കേസുകളുടെ യഥാർത്ഥ അന്വേഷണ രേഖകൾ ഇ.ഡി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്, അവയുടെ പകർപ്പുകളാണ് ഇ ഡി ഓഫീസിൽ സൂക്ഷിക്കുന്നത്. ഏജൻസിയുടെ അഡീഷണൽ ഡയറക്ടറുടെ ഓഫീസും അന്വേഷണ യൂണിറ്റുകളും സ്ഥിതി ചെയ്യുന്ന നാലാം നിലയിലെ ഓഫീസിലാണ് തീപിടുത്തം ഉണ്ടായത്.

പുലർച്ചെ 2.30 ഓടെയാണ് കെട്ടിടത്തിൽ തീപിടുത്തമുണ്ടായതെന്നാണ് അഗ്നിശമന സേന അറിയിക്കുന്നത്. ആ സമയത്ത് കെട്ടിടത്തിൽ കാന്റീൻ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആദ്യം തീപിടിത്തം ലെവൽ-1 (മൈനർ) ആയി പ്രഖ്യാപിക്കപ്പെട്ടിരുന്നു, എന്നാൽ പുലർച്ചെ 4.20 ഓടെ ലെവൽ-3 (മേജർ) ആയി ഉയർത്തി. കനത്ത പുകയും ചൂടും കാരണം പരിസരത്ത് പ്രവേശിക്കാൻ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞില്ല. കൂടാതെ, കെട്ടിടം പഴയതായതിനാൽ ഒരു ഗോവണി മാത്രമേയുള്ളൂ. തടി ഫർണിച്ചറുകൾക്ക് പുറമേ ധാരാളം രേഖകൾ ഉള്ളതും തീ പടരാൻ കാരണമായി. ഉച്ചയോടെയാണ് തീ പൂർണമായും അണയ്ക്കാൻ സാധിച്ചത്.

Story Highlights : Mumbai ED Office Fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here