കേരള ഫിലിം അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരായ പരാതിയിലെ നടപടി; അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനും നന്ദി പറഞ്ഞ് സാന്ദ്ര തോമസ്

കേരള ഫിലിം അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരായ അധിക്ഷേപ പരാതിയില്‍ കേസന്വേഷണത്തിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞ് നിര്‍മാതാവ് സാന്ദ്ര തോമസ്. തുടര്‍ന്നും സഹായമുണ്ടാകണമെന്ന് സാന്ദ്ര തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് സാന്ദ്ര തോമസിന്റെ പ്രതികരണം.
അന്വേഷണസംഘത്തിന് നേതൃത്വം കൊടുത്ത ഐജി പൂങ്കുഴലീ IPS, അന്വേഷണസംഘത്തിലെ മറ്റ് അംഗങ്ങളായ സിബി, മധു ഉള്‍പ്പെടെ മറ്റെല്ലാ അംഗങ്ങള്‍ക്കും താന്‍ നന്ദി രേഖപെടുത്തുന്നുവെന്ന് സാന്ദ്ര ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാവിധ സഹായസഹകരണങ്ങളും പിന്തുണയും നല്‍കിയ സംസ്ഥാന ഗവണ്മെന്റിനും ആഭ്യന്തര വകുപ്പ് നയിക്കുന്ന മുഖ്യമന്ത്രി പിണാറായി വിജയനും പ്രത്യേകം നന്ദി രേഖപെടുത്തുന്നുവെന്നും അവര്‍ വ്യക്തമാക്കി.
കുറിപ്പിന്റെ പൂര്‍ണരൂപം
കേരളാ ഫിലിം പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ, പ്രസിഡന്റ് ശ്രീ ആന്റോ ജോസഫ് ഒന്നാം പ്രതിയായും സെക്രട്ടറി ബി രാകേഷ് രണ്ടാം പ്രതിയായും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനില്‍ തോമസ് , ഔസേപ്പച്ചന്‍ വാളക്കുഴി എന്നിവരെ മൂന്നും നാലും പ്രതികളായും എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ll മുന്‍പാകെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. IPC സെക്ഷന്‍സ് 509,34, 354A14, 506വകുപ്പുകള്‍ പ്രകാരം ആണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എനിക്ക് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ ഓഫീസില്‍ വെച്ചുണ്ടായ ദുരനുഭവത്തെ സംബന്ധിച്ച് ഞാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ FIR രെജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് കേസ് അന്വേഷണം ആരംഭിച്ചത്. ഹൈക്കോടതി ഉത്തരവിലൂടെ SIT നോഡല്‍ ഓഫീസര്‍ ആയ ശ്രീമതി ജി പൂങ്കുഴലി IPS ന്റെ നേതൃത്വത്തില്‍ SI സിബി ടി ദാസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍,
Team members ASI സുമേഷ്, ASI ഷീബ, SCPO മധു, CPO ശാലിനി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. 7 മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയാണ് ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
അന്വേഷണസംഘത്തിന് നേതൃത്വം കൊടുത്ത ഐജി ശ്രീ പൂങ്കുഴലീ IPS അന്വേഷണസംഘത്തിലെ മറ്റ് അംഗങ്ങളായ ശ്രീമതി സിബി, മധു ഉള്‍പ്പെടെ മറ്റെല്ലാ അംഗങ്ങള്‍ക്കും ഞാന്‍ നന്ദി രേഖപെടുത്തുന്നു. എല്ലാവിധ സഹായസഹകരണങ്ങളും പിന്തുണയും നല്‍കിയ സംസ്ഥാന ഗവണ്മെന്റിനും ആഭ്യന്തര വകുപ്പ് നയിക്കുന്ന മുഖ്യമന്ത്രി ശ്രീ പിണാറായി വിജയനും പ്രത്യേകം നന്ദി രേഖപെടുത്തുന്നു. അതോടൊപ്പം എന്നെ പിന്തുണച്ച കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എനിക്ക് നേരിട്ട് പരിജയം ഇല്ലാത്ത സോഷ്യല്‍ മീഡിയയിലൂടെ പിന്തുണ നല്‍കി എനിക്ക് ധൈര്യം നല്‍കിയ ഓരോ വ്യക്തികളോടും പ്രത്യേകം പ്രത്യേകം നന്ദിയുണ്ട്. ഇത്തരം പിന്തുണകളാണ് അചഞ്ചലമായി നിയമവഴിയിലൂടെ മുന്നോട്ടു പോകാന്‍ എന്നെ പ്രേരിപ്പിച്ചത്. തുടര്‍ന്നും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഈ കേസ് അട്ടിമറിക്കാനും എന്നെ സ്വാതീനിക്കാനും എന്നെ ഇല്ലായിമ ചെയ്യാനും എന്നെ മലയാളസിനിമയില്‍ നിന്ന് തന്നെ നിഷ്‌കാസനം ചെയ്യാനും സംഘടിതമായ ശ്രമമുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ചു കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചു എന്നുള്ളത് വലിയ വിജയമായി ഞാന്‍ കാണുന്നു . ഇത്തരം ശ്രമങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം എന്നെ സ്‌നേഹിക്കുന്ന പിന്തുണക്കുന്ന നല്ലവരായ ജനങ്ങളുടെ പിന്തുണയോട് കൂടി അതിജീവിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
Story Highlights : Producer Sandra Thomas thanked the officers who led the investigation into the case filed by her
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here