‘വിവരം എവിടുന്ന്?, ഖർഗെയുടെ പ്രസ്താവന അടിസ്ഥാനരഹിതവും മാപ്പ് അർഹിക്കാത്തതും’; വിമർശിച്ച് ബിജെപി

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പ്രസ്താവനയെ വിമർശിച്ച് ബിജെപി. പ്രസ്താവന അടിസ്ഥാനരഹിതവും മാപ്പ് അർഹിക്കാത്തതുമാണെന്നും ബിജെപി നേതാവ് സി.ആർ. കേശവൻ പ്രതികരിച്ചു. ഖർഗെയ്ക്ക് ഈ തരത്തിലുള്ള വിവരം എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും, അവകാശവാദങ്ങൾക്ക് തെളിവുകൾ ഹാജരാക്കണമെന്നും അല്ലെങ്കിൽ മാപ്പ് പറയേണ്ടതുണ്ടെന്നും കേശവൻ ആവശ്യപ്പെട്ടു.
പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ രംഗത്തുവന്നിരുന്നു. ആക്രമണം നടക്കുമെന്ന ഇന്‍റലിജന്‍സ് റിപ്പോർട്ട് മൂന്ന് ദിവസം മുൻപ് പ്രധാനമന്ത്രിക്ക് കിട്ടിയിരുന്നുവെന്നാണ് മല്ലികാര്‍ജുൻ ഖര്‍ഗെയുടെ ആരോപണം. പഹൽഗാമിൽ ആക്രമണം നടന്നതിന്‍റെ മൂന്നു ദിവസം മുമ്പാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കിട്ടിയതെന്ന് ഖര്‍ഗെ ആരോപിച്ചു.
ഈ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീര്‍ സന്ദര്‍ശനം മാറ്റിവെച്ചതെന്നും ഖര്‍ഗെ ആരോപിച്ചു. പഹൽഗാം ആക്രമണത്തിൽ ഗുരുതരമായ ഇന്‍റലിജന്‍സ് വീഴ്ചയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായത്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും സര്‍ക്കാര്‍ ഇടപെടാതിരുന്നത് ദുരൂഹമാണെന്നും മല്ലികാര്‍ജുൻ ഖര്‍ഗെ ആരോപിച്ചു.
Story Highlights : BJP React Kharge’s big claim on Pahalgam attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here