ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായി ഹ്യുണ്ടായി ക്രെറ്റ; തുടർച്ചയായി രണ്ടാം മാസവും നമ്പർ 1

തുടര്‍ച്ചയായ രണ്ടാം മാസവും ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായി ഹ്യുണ്ടായി ക്രെറ്റ. ക്രെറ്റ കഴിഞ്ഞ മാസം 17,016 യൂണിറ്റ് വില്‍പ്പന കൈവരിച്ചു, 2024 ഏപ്രിലിനെ അപേക്ഷിച്ച് 10.2 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. രാജ്യത്ത് എസ്‌യുവി വിഭാഗത്തിന് പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചുകൊണ്ട്, 2025 ജനുവരി മുതൽ ഏപ്രിൽ വരെ 69,914 യൂണിറ്റുകളാണ് വിൽപന നടത്തിയത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി ക്രെറ്റ മാറി.
ക്രെറ്റയുടെ ഈ മികച്ച പ്രകടനം 2025 ഏപ്രിലിൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ആഭ്യന്തര വിൽപ്പനയിൽ എസ്‌യുവിയുടെ സംഭാവന എക്കാലത്തെയും ഉയർന്ന നിരക്കായ 70.9 ശതമാനത്തിൽ എത്തിക്കാൻ സഹായിച്ചു. ഈ കലണ്ടര്‍ വര്‍ഷം ഇതുവരെ മിഡ്‌സൈസ് എസ്‌യുവിക്ക് 69,914 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.
“ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായ് ക്രെറ്റയുടെ തുടർച്ചയായ ആധിപത്യം, ഇന്ത്യൻ ഉപഭോക്താക്കൾ ബ്രാൻഡിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പ്രതിഫലനമാണ്. തുടർച്ചയായി രണ്ട് മാസമായി എല്ലാ സെഗ്‌മെന്റുകളിലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറും 2025 ലെ ആദ്യ നാല് മാസങ്ങളിൽ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയും എന്നത് അഭിമാനകരമായ നേട്ടമാണ്” ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ മുഴുവൻ സമയ ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ തരുൺ ഗാർഗ് പറഞ്ഞു.
കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യന്‍ വിപണിയില്‍ ശക്തമായ പിടിമുറുക്കാന്‍ ഹ്യുണ്ടായി ക്രെറ്റയ്ക്ക് കഴിഞ്ഞു. 10 വര്‍ഷം കൊണ്ട് ഇതുവരെ 12 ലക്ഷം വീടുകളിലാണ് ക്രെറ്റ എത്തിയത്. മികച്ച ഡിസൈന്‍, ഏറ്റവും പുതിയ സാങ്കേതികവിദ്യ, ശക്തമായ പെര്‍ഫോമന്‍സ് എന്നിവയുടെ ബലത്തില്‍ പുതുതലമുറ എസ്‌യുവി ഉപഭോക്താക്കളുടെ ആദ്യ ചോയ്‌സായി ക്രെറ്റ മാറുകയാണ്.
Story Highlights : Hyundai Creta becomes India’s highest-selling car in April, second month in a row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here