‘പാര്‍ട്ടിയുടെ സഹകരണ സ്ഥാപനം കട്ടുമുടിച്ചതിന്റെ പേരില്‍ ഒരു ആരോപണവും ഞാന്‍ കേട്ടിട്ടില്ല’ ; ആന്റോ ആന്റണിയ്ക്ക് പരോക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍

ആന്റോ ആന്റണിയ്ക്ക് പരോക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍. പാവപ്പെട്ട സഹകാരികളെ വഞ്ചിച്ച് പാര്‍ട്ടിയുടെ സഹകരണ സ്ഥാപനം കട്ടുമുടിച്ചതിന്റെ പേരില്‍ ഒരു ആരോപണവും താന്‍ കേട്ടിട്ടില്ലെന്ന് മുരളീധരന്‍ പറയുന്നു. പൊതു ജീവിതത്തില്‍ ഒരു രൂപയുടെ പോലും അഴിമതി ആരോപണങ്ങളും നാളിതുവരെ കേള്‍പ്പിച്ചിട്ടില്ല. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം നൂറ് ശതമാനം ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടും ചെയ്തിട്ടുണ്ട് – മുരളിധരന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം. രാവിലെ കെ മുരളീധരനെ പരോക്ഷമായി വിമര്‍ശിച്ച് ആന്റോ ആന്റണി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നുഅധികാരത്തിന്റെ ആര്‍ത്തി മൂത്ത് പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിച്ച നേതാക്കള്‍ ഉള്ള പാര്‍ട്ടിയാണെന്ന് ഓര്‍ക്കണമെന്നായിരുന്നു വിമര്‍ശനം.
കെ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മുന്‍ മുഖ്യമന്ത്രിമാരായ ശ്രീ.കെ കരുണാകരന്റെയും ശ്രീ.ഉമ്മന്‍ചാണ്ടിയുടെയും ശ്രീ.ആര്‍.ശങ്കറിന്റെയും സ്മൃതികുടീരങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി നാളെ ചുമതല ഏറ്റെടുക്കുന്ന കെപിസിസിയുടെ പുതിയ നേതൃത്വത്തിന് അഭിനന്ദനങ്ങളും ഒപ്പം എല്ലാ വിജയാശംസകളും നേരുന്നു.
നാളിതുവരെ എന്നെ പാര്‍ട്ടി ഏല്‍പ്പിച്ച ഏതൊരു ഉത്തരവാദിത്വവും നൂറ് ശതമാനം ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടും ചെയ്തിട്ടുണ്ട്.
കേരളത്തില്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും ആത്മാഭിമാനമായ കെപിസിസി ആസ്ഥാന മന്ദിരം ഇന്ദിരാഭവന്‍ പടുത്തുയര്‍ത്തിയത് ഞാന്‍ കെപിസിസി പ്രസിഡന്റായിരിക്കുമ്പോഴാണ്.
രാപകലില്ലാതെ കേരളം മുഴുവന്‍ സഞ്ചരിച്ച് പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്നു കേരളത്തില്‍ ഓരോ ബൂത്ത് കമ്മിറ്റികളും ചലിപ്പിച്ച് സംഘടനയെ ശക്തമാക്കിയ കാലഘട്ടം. നിര്‍ജീവമായിരുന്ന ജയ്ഹിന്ദും വീക്ഷണവും ഒക്കെ സജീവമായ കാലം.
പാവപ്പെട്ട സഹകാരികളെ വഞ്ചിച്ച് പാര്‍ട്ടിയുടെ സഹകരണ സ്ഥാപനം കട്ടുമുടിച്ചതിന്റെ പേരില്‍ ഒരു ആരോപണവും ഞാന്‍ കേട്ടിട്ടില്ല. പൊതു ജീവിതത്തില്‍ ഒരു രൂപയുടെ പോലും അഴിമതി ആരോപണങ്ങളും നാളിതുവരെ കേള്‍പ്പിച്ചിട്ടില്ല.
പിന്നെ വട്ടിയൂര്‍ക്കാവിലും നേമത്തും വടകരയിലും തൃശ്ശൂരിലും ഒക്കെ പോരാട്ടത്തിന് ഇറങ്ങിയത് അധികാരത്തിനു വേണ്ടിയായിരുന്നില്ല. രാജ്യത്തെ ഭിന്നിപ്പിക്കുന്ന വര്‍ഗീയതക്കെതിരെ മതേതരത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളായിരുന്നു പലതും. പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും ആത്മാഭിമാനം സംരക്ഷിക്കാനായിരുന്നു പല മത്സരങ്ങളും.
ഒടുവില്‍ പ്രിയപ്പെട്ട രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ കേരളം മുഴുവന്‍ കാല്‍നടയായി സഞ്ചരിച്ചതും കോണ്‍ഗ്രസിലും മതേതരത്വത്തിലുമുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്.
രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടത്തിനൊപ്പം അവസാനശ്വാസം വരെ ഞാന്‍ ഉണ്ടാവും.
ജനങ്ങളെ അണിനിരത്തി കേരളത്തില്‍ പിണറായി വിജയന്റെ ദുര്‍ഭരണത്തിന് അന്ത്യം കുറിക്കാന്‍ യുഡിഎഫിന്റെയും കെപിസിസിയുടെയും പുതിയ നേതൃത്വത്തിനൊപ്പം ശക്തമായി നിലകൊള്ളും.]
Story Highlights : K Muraleedharan indirectly criticizes Anto Antony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here