പത്മനാഭ സ്വാമി ക്ഷേത്രത്തിൽ കാണാതായ സ്വർണ്ണം തിരികെ കിട്ടി; കണ്ടെത്തിയത് ക്ഷേത്രത്തിനുള്ളിലെ മണലിൽ നിന്ന്

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം തിരികെ കിട്ടി. പൊലീസ് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിനുള്ളിലെ മണൽപരപ്പിൽ സ്വർണം കണ്ടെത്തിയത്.
നഷ്ടപ്പെട്ട സ്വർണ്ണം തന്നെയാണോയെന്ന് പരിശോധിച്ച് ഉറപ്പിച്ചശേഷമാകും ഔദ്യോഗിക സ്ഥിരീകരണം. ബോംബ് സ്ക്വാഡും പൊലിസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. സ്ട്രോങ് റൂമിലെ സ്വർണം നിലത്ത് വന്നത് എങ്ങനെയെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്.
ലോക്കറിൽ സൂക്ഷിച്ച പതിമൂന്നര പവൻ സ്വർണമാണ് മോഷണം പോയത്. ശ്രീകോവിലിൻ്റെ താഴികകുടത്തിന് സ്വർണ്ണം പൂശുന്ന പണി നടന്നുവരികയാണ്. ഇതിനുവേണ്ടി ലോക്കറിൽ സ്വർണം സൂക്ഷിച്ചിരുന്നു. ഓരോ ദിവസവും നിർമ്മാണത്തിന് ആവശ്യമായ സ്വർണം തൂക്കി നൽകിയശേഷം ബാക്കി തിരികെ വയ്ക്കുകയാണ് ചെയ്യുക.
ഇന്നലെ രാവിലെ ജോലിക്കാർ എത്തിയ ശേഷം സ്വർണം തൂക്കി നോക്കിയപ്പോഴാണ് പതിമൂന്നര പവൻ കാണാനില്ലെന്ന് മനസ്സിലായത്. തുടർന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ഫോർട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
Story Highlights : sree padmanabhaswamy temple missing gold recovered
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here