Advertisement

വിക്രം മിസ്രിക്കെതിരായ സൈബര്‍ ആക്രമണം: അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എംപി

15 hours ago
Google News 2 minutes Read
misri

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എംപി. അടിയന്തര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരുടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണവും അന്വേഷിക്കണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അദ്ദേഹം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു. ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് അയച്ച കത്തിന്റെ കോപ്പിയടക്കമാണ് പങ്കുവച്ചത്.

ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരെ നടന്ന ഹീനമായ സൈബര്‍ ആക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്ത് അയച്ചുവെന്നാണ് ജോണ്‍ ബ്രിട്ടാസ് സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചത്. രാജ്യം ഭരിക്കുന്ന സര്‍ക്കാറിന്റെ ആവശ്യപ്രകാരം നിര്‍ദ്ദേശിക്കപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിലെ പത്രസമ്മേളനങ്ങളില്‍ പറഞ്ഞിട്ടുള്ളതെന്നും എന്നാല്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ വെടിനിര്‍ത്തല്‍ തീരുമാനം വന്നതോടെ വിദേശകാര്യ സെക്രട്ടറിക്കും കുടുംബത്തിനുമെതിരെ സംഘടിതമായ സൈബര്‍ ആക്രമണമാണ് നടന്നതെന്നും അദ്ദേഹം കുറിച്ചു. സ്വന്തം സാമൂഹിക മാധ്യമ അക്കൗണ്ട് പൂട്ടി വയ്‌ക്കേണ്ട സാഹചര്യമാണ് സംജാതമായത്. ഭരണനിര്‍വഹണത്തില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തേയും മനോവീര്യത്തെയും തകര്‍ക്കുന്ന രീതിയിലുള്ള ആക്രമണമായിരുന്നു അത്. ഇത്തരം വേട്ടയാടലുകള്‍ക്ക് ഉദ്യോഗസ്ഥര്‍ ഇരയായാല്‍ അതിന്റെ ഭവിഷത്ത് അത്യന്തം ഗുരുതരമായിരിക്കും – ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.

പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരുടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കുമെതിരെ, അവര്‍ സമുദായ മൈത്രിക്കു വേണ്ടി നിലകൊണ്ടു എന്ന കാരണത്താല്‍, അഴിച്ചുവിടപ്പെട്ട സൈബര്‍ ആക്രമവും അന്വേഷിക്കേണ്ടതാണെന്നും ജോണ്‍ ബ്രിട്ടാസ് പറയുന്നു. അതിഹീനമായ ഈ നടപടികളില്‍ വ്യാപൃതരായവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

Story Highlights : John Brittas MP writes to Home Minister Amit Shah regarding cyber attack on Vikram Misri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here