കടുവാ സാന്നിധ്യം മുന്നറിയിപ്പ് നൽകിയിട്ടും അനങ്ങിയില്ല; കാളികാവിൽ വനം വകുപ്പിന്റേത് ഗുരുതര വീഴ്‌ച

മലപ്പുറം നിലമ്പൂർ കാളികാവിലെ കടുവാ ആക്രമണത്തിൽ വനംവകുപ്പിന്റേത് ഗുരുതര വീഴ്ച. കടുവയുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി നിലമ്പൂർ സൗത്ത് DFO ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്തയച്ചെങ്കിലും നടപടി സ്വീകരിച്ചില്ല. കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. എൻടിസിഎ മാർഗ്ഗനിർദ്ദേശ പ്രകാരം രൂപീകരിച്ച ടെക്നിക്കൽ കമ്മിറ്റിയുടെ നിർദേശ പ്രകാരമായിരുന്നു കത്തയച്ചത്.
കൂട് സ്ഥാപിക്കാൻ അനുമതി തേടിയാണ് നിലമ്പൂർ സൗത്ത് DFO ചീഫ് വൈൽഡ്‌ലൈഫ് വാർഡന് രണ്ട് തവണ കത്തയച്ചത്. എന്നാൽ കത്തയച്ചിട്ടും ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയിരുന്നില്ല. ആദ്യം കത്തയക്കുന്നത് മാർച്ചിലാണ്. പിന്നീട് അതിന് മറുപടി ലഭിക്കാതിരുന്നത്തോടെയാണ് ഏപ്രിൽ 2 ന് വീണ്ടും കത്തയക്കുന്നത്. കാളികാവ് മേഖലയിൽ ശക്തമായ രീതിയിൽ കടുവാ സാന്നിധ്യം നിലനിൽക്കുന്നുണ്ട്. അത് ജനങ്ങളുടെ ജീവനും സ്വത്തിനും അത് വലിയ അപകടം ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട് കൂട് സ്ഥാപിക്കേണ്ടതുണ്ട് അതിനനുമതി നൽകണം എന്നാവാശ്യപ്പെട്ടുകൊണ്ടായിരുന്നു സൗത്ത് DFO ജി ധനിക് ലാൽ കത്തയച്ചത്. എന്നാൽ ഈ കത്ത് അവഗണിയ്ക്കുകയായിരുന്നു. അതിന് ശേഷമാണ് നരഭോജി കടുവ ഗഫൂറിനെ ആക്രമിച്ചു കൊല്ലുന്നത്.
മെയ് 15നാണ് കാളികാവ് അടയ്ക്കാക്കുണ്ടില്‍ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ കടിച്ചുകൊന്നത്. റബ്ബര്‍ ടാപ്പിംഗിനെത്തിയ രണ്ടുപേര്‍ക്കു നേരെ കടുവ പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ കടിച്ചുവലിക്കുകയായിരുന്നു. ഗഫൂറിന്റെ മൃതദേഹവുമായി നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധിച്ചിരുന്നു.
Story Highlights : Serious failure of the forest department in Kalikavu, malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here