യൂട്യൂബ് വീഡിയോ വഴി കെ എം എബ്രഹാമിനെതിരായ അധിക്ഷേപ പരാമർശം; ഖേദം പ്രകടിപ്പിച്ച് ജസ്റ്റിസ് കെമാൽ പാഷ

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം.എബ്രഹാമിനെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ ഹൈക്കോടതി ജഡ്ജി കെമാൽ പാഷ. യൂട്യൂബ് വീഡിയോ വഴിയായിരുന്നു അധിക്ഷേപ പരാമർശം. ഇതിനെതിരെ കെഎം അബ്രഹാം വക്കീൽ നോട്ടീസ് അയച്ചിരുന്നു. പിന്നാലെയാണ് വീഡിയോ പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചത്.
ഏപ്രിൽ 11 , 20 തീയതികളിൽ അപ് ലോഡ് ചെയ്ത രണ്ടു വീഡിയോകളിലായാണ് കെമാൽ പാഷയുടെ വിവാദ പരാമർശങ്ങൾ. ‘ജസ്റ്റിസ് കെമാൽ പാഷ വോയിസ് ‘ എന്ന സ്വന്തം യൂട്യൂബ് ചാനൽ വഴിയായിരുന്നു അധിക്ഷേപ പരാമർശം. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ ഹൈക്കോടതി കെ.എം.എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്നാണ് അധിക്ഷേപപരാമർശങ്ങളടങ്ങിയ വിഡിയോ കെമാൽ പാഷ സ്വന്തം യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തത്.
Read Also: കപ്പലിലെ രാസമാലിന്യം കായലിൽ കയറുമോയെന്ന് ആശങ്ക; തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് നിർത്താൻ നിർദേശം
കെ.എം.എബ്രഹാമിനെ ‘കാട്ടുകള്ളൻ’, ‘അഴിമതി വീരൻ’, ‘കൈക്കൂലി വീരൻ’ തുടങ്ങിയ പരാമർശങ്ങളിലൂടെ അധിക്ഷേപിക്കുകയാണ് ഉന്നതമായ ന്യായാധിപ സ്ഥാനത്തിരുന്ന ജ.കെമാൽ പാഷ ചെയ്തതെന്ന് കെ.എം.എബ്രഹാമിന്റെ വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടി. തന്റെ സേവനകാലയളവിൽ ഉണ്ടാക്കിയ സൽപ്പേരിന് കളങ്കംചാർത്തി കുടുംബത്തിലും സഹപ്രവർത്തകർക്കിടയിലും സുഹൃത്തുക്കൾക്കുമിടയിൽ തന്നെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന തരത്തിലാണ് ഉന്നത ന്യായാധിപ സ്ഥാനത്തിരുന്ന കെമാൽ പാഷ അധിക്ഷേപ പരാമർശം നടത്തിയതെന്നും വീഡിയോ പിൻവലിച്ച് പരസ്യമായി മാപ്പുപറയുകയും മാപ്പപേക്ഷ മുൻനിര പത്രങ്ങളിലടക്കം പ്രസിദ്ധീകരിക്കുകയും വേണമെന്നാണ് കെഎം എബ്രഹാം വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടത്.
ഇങ്ങനെ ചെയ്യാത്ത പക്ഷം 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകുമെന്നും മുന്നറിയിപ്പ് നൽകുന്നതായിരുന്നു വക്കീൽനോട്ടീസ്. ഇതേതുടർന്നാണ് ജസ്റ്റിസ് കെമാൽ പാഷ രണ്ട് വിവാദ വീഡിയോകൾ പിൻവലിക്കുകയും പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് കെ.എം.എബ്രഹാമിന്റെ അഭിഭാഷകന് മറുപടി നൽകിയത്.
Story Highlights : Justice Kemal Pasha apologises over remarks against KM Abraham
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here