Advertisement

വിമാനത്താവളമില്ലെങ്കില്‍ ഐ ടി വ്യവസായം ? ആറന്മുളയില്‍ പോരാടാന്‍ ഉറച്ച് മന്ത്രി പി പ്രസാദ്

June 18, 2025
3 minutes Read
p prasad against aranmula chip manufacturing company

ജനകീയസമരം കാരണം ഉപേക്ഷിച്ച വിമാനത്താവള പദ്ധതിപ്രദേശം വ്യവസായത്തിന് വിട്ടുകൊടുക്കാനുള്ള നീക്കത്തിന് തടസവാദവുമായി സി പി ഐ മന്ത്രി. കൃഷി മന്ത്രി പി പ്രസാദാണ് ആറന്മുളയില്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന ഐടി അധിഷ്ഠിത കമ്പനിക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുന്നത്. ഭരണത്തില്‍ പങ്കാളിയായിരിക്കുമ്പോഴും സര്‍ക്കാരിന്റെ ചില നിലപാടുകളെ എതിര്‍ത്ത് സി പി ഐ മന്ത്രിമാര്‍ രംഗത്തുവരാറുണ്ട്. അതേ പാതയിലാണ് കൃഷിമന്ത്രി പി പ്രസാദ്. (p prasad against aranmula chip manufacturing company)

പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തില്‍ സ്വകാര്യ മദ്യനിര്‍മാണകമ്പനിക്ക് ബ്രൂവറി സ്ഥാപിക്കാന്‍ അനുമതി കൊടുത്തപ്പോള്‍ ആദ്യം എതിര്‍പ്പുമായി രംഗത്തെത്തിയത് സി പി ഐ ആയിരുന്നു. മന്ത്രിമാരടക്കം ബ്രൂവറിക്കെതിരെ നിലപാട് സ്വീകരിച്ചതോടെ സിപിഐഎമ്മും സര്‍ക്കാരും പ്രതിരോധത്തിലായി. ബ്രൂവറി വിഷയത്തില്‍ മെല്ലെപ്പോക്കിലേക്ക് എക്സൈസ് മന്ത്രിയെ എത്തിച്ചതും സി പി ഐ മന്ത്രിമാരുടെ നിലപാടായിരുന്നു. ഇത് സി പി എം – സി പി ഐ ബന്ധത്തില്‍തന്നെ വിള്ളല്‍ വീഴ്ത്തുന്നതിലേക്ക് നീങ്ങി. ഒടുവില്‍ എക്സൈസ് മന്ത്രി എം ബി രാജേഷ് നേരിട്ട് സി പി ഐ ആസ്ഥാനത്തെത്തി സര്‍ക്കാരിന്റെ നിലപാടുകള്‍ വിശദീകരിക്കേണ്ടിവന്നിരുന്നു.

Read Also: അന്ന് ഇ പി, ഇന്ന് ഗോവിന്ദന്‍; സിപിഐഎം പ്രതിരോധത്തില്‍

ഇതേവരെ മന്ത്രിസഭയിലെ നിശബ്ദനായിരുന്ന മന്ത്രിയായ പി പ്രസാദ് ഇപ്പോള്‍ ചില കടുത്ത നിലപാടുകള്‍ പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. വിവാദങ്ങളുടെ പിറകെ പോവുന്നതായിരുന്നില്ല മന്ത്രി പി പ്രസാദിന്റെ ലക്ഷ്യം. എന്നാല്‍ ലോകപരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ടുള്ള വിവാദത്തെത്തുടര്‍ന്നാണ് പ്രസാദ് എന്ന മന്ത്രിയും േ്രശദ്ധയനാവുന്നത്. കൃഷി വകുപ്പ് രാജ്ഭവനില്‍ സംഘടിപ്പിക്കാനിരുന്ന പൊതു പരിപാടിയില്‍ കാവിക്കൊടിയേന്തി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തമെന്ന നിര്‍ദേശം മന്ത്രിയുടെ ഓഫീസ് തള്ളുകയായിരുന്നു. സി പി ഐ ഗവര്‍ണര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാല്‍ സി പി എം ഈ വിഷയത്തെ ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഗവര്‍ണര്‍ സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ താത്പര്യപ്പെടുന്നില്ലെന്ന സന്ദേശം ഇതിനോടകം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. രാജ്ഭവനിലെ ഭാരതാംബ വിവാദം മുഖ്യമന്ത്രി ഏറ്റെടുത്തില്ല.

എന്നാല്‍ സിപിഐഎമ്മിനെ വെട്ടിലാക്കുന്ന തീരുമാനമാണ് കൃഷിവകുപ്പ് കൈക്കൊണ്ടിരിക്കുന്നത്. സി പി എം താത്പര്യപ്പെട്ട് ആറന്മുളയിലേക്ക് വ്യവസായം കൊണ്ടുവരാനുള്ള നീക്കത്തിനാണ് കൃഷി വകുപ്പ് ചുവപ്പുകൊടി കാണിച്ചിരിക്കുന്നത്. കൃഷിമന്ത്രി മന്ത്രി പി പ്രസാദ് സംസ്ഥാന സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുകയാണ്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായുള്ള ഏറ്റമുട്ടലിന് പിന്നാലെ ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലം ചിപ്പ് നിര്‍മാണ കമ്പനിക്ക് വിട്ടുനല്‍കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുകയാണ് കൃഷി മന്ത്രിയായ പി പ്രസാദ്. പാരിസ്ഥിക പ്രശ്നം ഉന്നയിച്ച് ആറന്മുള വിമാനത്താവളത്തിനായി നിലം നികത്തിയും പരമ്പരാഗത ജലശ്രോതസുകള്‍ നികത്തിയുമുള്ള വിമാനത്താവള നിര്‍മാണത്തിനെതിരെ അതിശക്തമായ ജനകീയ സമരമായിരുന്നു ഉയര്‍ന്നിരുന്നത്. അന്ന് പി പ്രസാദ് സി പി ഐയുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറി കൂടിയായിരുന്നു.

പത്തനംതിട്ടയിലെ ആറന്മുളയില്‍ കോടികള്‍ ചിലവഴിച്ച് നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിരുന്ന വിമാനത്താവള പദ്ധതി ഭൂമി,പരിസ്ഥിതി സമരങ്ങള്‍ കാരണം ഉപേക്ഷിക്കുകയായിരുന്നു. ഈ സമരത്തിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളായിരുന്നു പി പ്രസാദ്. പാരിസ്ഥിതിക വിഷയങ്ങളുടെ പേരില്‍ ഒരു പദ്ധതി ഉപേക്ഷിക്കാണമെന്നും ഭൂമി പഴയപടിയാക്കണമെന്നുമായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. അതേ ഭൂമി വ്യാവയായികമായ ആവശ്യത്തിന് വിട്ടുകൊടുക്കാനുള്ള ഇടത് സര്‍ക്കാരിന്റെ നീക്കം പ്രസാദ് കൂടി അംഗമായിരിക്കുന്ന മന്ത്രിസഭയുടേതായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

നര്‍മദാ ബച്ചാവോ ആന്ദോളന്‍ സമരത്തിന്റെ ഭാഗമായിരുന്നു പി പ്രസാദ്. 2011-ല്‍ വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി പ്രസാദ്, ജനയുഗം തിരുവനന്തപുരം യൂണിറ്റ് മാനേജരായും പ്രവര്‍ത്തിച്ചുവെങ്കിലും പാര്‍ട്ടി കേന്ദ്രങ്ങളില്‍പോലും പ്രസാദ് അറിയുന്നത് പരിസ്ഥിതി പ്രവര്‍ത്തകനെന്നനിലയാലായിരുന്നു.

പരിസ്ഥിതി ആഘാതമുണ്ടാക്കുമെന്നതിന്റെ പേരില്‍ ആറന്മുള അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്കെതിരായ ജനകീയപ്രതിരോധം പോലുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവുകൂടിയാണ് മന്ത്രി പി പ്രസാദ്. അദ്ദേഹം കൃഷി മന്ത്രിയായിരിക്കെയാണ് ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത സ്ഥലത്ത് ഐടി പദ്ധതികള്‍ ആരംഭിക്കാന്‍ നീക്കം നടക്കുന്നത്. ഇലക്ടോണിക് മാനുഫേച്ചറിംഗ് ക്ലസ്റ്റര്‍ ആരംഭിക്കാനാണ് ഐ ടി വകുപ്പിന്റെ നീക്കം. ആറന്മുളയില്‍ ആരംഭിക്കാനിരിക്കുന്ന പദ്ധതിക്ക് സംരഭകരും താത്പര്യം അറിയിച്ചതോടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു. തണ്ണീര്‍തടവും കൃഷിഭൂമിയും നികത്തിയുള്ള പദ്ധതിക്കെതിരെയായിരുന്നു പി പ്രസാദ് അടക്കം നേതൃത്വം വഹിച്ച പ്രക്ഷോഭം. 335 .26 ഏക്കര്‍ സ്ഥലമാണ് പദ്ധതിക്കായി വിമാനത്താവള കമ്പനിയായ കെ ദി എസ് ആറന്മുള എയര്‍പോര്‍ട്ട് ലിമിറ്റഡ് മുന്നോട്ടുവച്ചത്. ഒരു ലക്ഷം തൊഴിലവസരങ്ങളും 4000 കോടിയുടെ നിക്ഷേപവുമാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്.

156 .45 ഏക്കര്‍ സ്ഥലം നെല്‍പാടമാണ്. 13.77 ഏക്കര്‍ സ്ഥലം തണ്ണീര്‍തടവുമായതിനാല്‍ വ്യവസായ ആവശ്യത്തിന് വിട്ടുകൊടുക്കാനാവില്ലെന്നാണ് കൃഷി വകുപ്പിന്റെ നിലപാട്. റവന്യൂ വകുപ്പും പദ്ധതിക്ക് എതിരാണ്. നിയമം മറികടക്കാന്‍ ആവില്ലെന്നാണ് മന്ത്രിയെന്ന നിലയിലുള്ള പി പ്രസാദിന്റെ പ്രതികരണം.

പാലക്കാട് പ്ലാച്ചിമടയിലെ കൊക്കകോള വിരുദ്ധപോരാട്ടത്തിലും നേതൃപരമായ പങ്ക് വഹിച്ചിരുന്ന നേതാവായിരുന്നു പി പ്രസാദ്. പരിസ്ഥിതി പ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ എന്നീ തീരദേശങ്ങളിലെ മണല്‍ ഖനന വിരുദ്ധ പ്രസ്ഥാനത്തിന് പുതിയൊരു മുഖം നല്‍കാന്‍ പി പ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങളിലൂടെ കഴിഞ്ഞു. സംസ്ഥാന തലത്തിലും ദേശീയതലത്തിലും ശ്രദ്ധേയമായ മേധാ പട്കറിന്റെയും വന്ദന ശിവയുടെയും പരിസ്ഥിതി സംരക്ഷണ പോരാട്ടങ്ങളില്‍ പങ്കെടുത്തതിന്റെ അനുഭവസമ്പത്തുമായാണ് പ്രസാദ് പൊതുരംഗത്ത് ശ്രദ്ധേയനായത്. നര്‍മ്മദ ബച്ചാവോ ആന്ദോളനില്‍ സജീവ സന്നദ്ധപ്രവര്‍ത്തകനായിരുന്നു. മൂന്നാര്‍, കുറിഞ്ഞിമല വന്യജീവി സങ്കേതം എന്നിവിടങ്ങളിലെ കൈയേറ്റക്കാര്‍ മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആശങ്കകള്‍ക്കെതിരെ അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇതിനിടയിലാണ് സംസ്ഥാന സര്‍ക്കാര്‍ ആറന്മുള വിമാനത്താവള പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി ചിപ്പ് നിര്‍മാണ കമ്പനിക്ക് കൈമാറാന്‍ തീരുമാനിച്ചത്. കൃഷി ഭൂമിയായിരുന്ന ആറന്മുളയിലെ ഭൂമി തിരികെ കൃഷിക്കായി വിട്ടുകൊടുക്കണമെന്നാണ് വകുപ്പ് മന്ത്രിയെന്ന നിലയില്‍ പി പ്രസാദിന്റെ നിലപാട്. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ വ്യവസായ വകുപ്പും കൃഷിവകുപ്പും തമ്മില്‍ നേരിട്ട പോരാട്ടത്തിനുള്ള വഴിയായി ആറന്മുള ചിപ്പ് നിര്‍മാണ കമ്പനി മാറുകയാണ്. എലപ്പുള്ളി ബ്രൂവറി വിവാദം പോലെ ആറന്മുളയിലെ ചിപ്പ് നിര്‍മാണ വ്യവസായവും വിവാദങ്ങളിലേക്ക് വഴിമാറാനും, സി പി എം- സി പി ഐ ബന്ധം ഉലയാനുള്ള വഴിയാവാനും സാധ്യതയുണ്ട്.

Story Highlights : p prasad against aranmula chip manufacturing company

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top