വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്യുന്നത് പ്രതിഷേധാർഹം; മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട് സർവകലാശാലയിലെ ബിരുദ പാഠ്യപദ്ധതിയിൽ നിന്ന് വേടൻ, ഗൗരി ലക്ഷ്മി എന്നിവരുടെ റാപ്പ് ഗാനങ്ങൾ നീക്കം ചെയ്യണമെന്ന വിദഗ്ദ്ധ സമിതിയുടെ ശിപാർശയെ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ശക്തമായി അപലപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഈ നീക്കമെന്ന് മന്ത്രി പറഞ്ഞു.
ചാൻസലർ നിയമിച്ച സർവകലാശാല ഭരണസമിതി അംഗങ്ങൾ നൽകിയ പരാതിയെ തുടർന്നാണ് ഗാനങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനമെന്നാണ് റിപ്പോർട്ട്. അക്കാദമിക് കമ്മിറ്റികൾ ഇതിനകം തയ്യാറാക്കിയ ഒരു സിലബസിൽ അഭിപ്രായങ്ങൾ ശേഖരിക്കാൻ മറ്റൊരു നിയമവിരുദ്ധ കമ്മിറ്റിയെ നിയമിക്കുന്നത് അക്കാദമിക താല്പര്യങ്ങൾക്ക് ഗുണകരമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. റാപ്പ് സംഗീതത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യവും മാനവും തിരിച്ചറിയാത്തവരാണ് ഇതിന് പിന്നിൽ. വൈസ് ചാൻസലർ വൈവിധ്യങ്ങളെ സ്വീകരിക്കാനുള്ള കേരളീയ സാംസ്കാരിക ബോധത്തെ തിരിച്ചറിയണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, തന്റെ പാട്ടുൾപ്പെടുന്ന ഭാഗം കാലിക്കറ്റ് സർവകലാശാല ബി.എ മലയാളം സിലബസിൽ നിന്നും ഒഴിവാക്കാനുള്ള ശിപാർശ ചിരിപ്പിക്കുന്നതും വിദ്യാർഥികളെ മണ്ടൻമാരാക്കുന്നതുമെന്ന് ഗായിക ഗൗരി ലക്ഷ്മി പറഞ്ഞു. വേടന്റെ നിലപാടുകൾ പുതുതലമുറയുടെ കാഴ്ചപ്പാടുമായി സാമ്യമുള്ളതാണ്. അക്കാരണം കൊണ്ടാണ് വേടനെ മാറ്റി നിർത്താൻ പലരും നിലപാട് സ്വീകരിക്കുന്നതെന്ന് ഗൗരി ലക്ഷ്മി ട്വന്റിഫോറിനോട് പറഞ്ഞു. പാട്ട് ഒഴിവാക്കാൻ മുന്നോട്ടുവെച്ച കാരണങ്ങൾ തമാശയായിട്ടുണ്ടെന്ന് ഗൗരി ലക്ഷ്മി പറയുന്നു. കുറേ നാളായിട്ട് ഇത്തരത്തിൽ ചിരിപ്പിക്കുന്ന സംഭവങ്ങൾ നടക്കുന്നുണ്ട്. അതിൽ ഒരു സംഭവമായിട്ട് മാത്രമേ ഇത് കാണുന്നുള്ളൂവെന്ന് ഗൗരി ലക്ഷ്മി പറഞ്ഞു.
Story Highlights : Minister V Sivankutty reaction about Removing the song of Vedan and Gauri Lakshmi from the curriculum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here