‘ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ പ്ലേറ്റ് കൊണ്ട് തലക്കടിച്ചു, പ്ലേറ്റ് പൊട്ടിത്തകര്‍ന്നു, വല്ലാതെ പേടിച്ച് കഴിയുകയാണ്’; ഭര്‍ത്താവിന്റെ ക്രൂരത വിവരിച്ച് അതുല്യ സഹോദരിക്ക് അയച്ച സന്ദേശം പുറത്ത്

ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം കോയിവിള സ്വദേശിനി അതുല്യയ്ക്ക് ഭര്‍ത്താവ് സതീഷില്‍ നിന്നും ഏല്‍ക്കേണ്ടി വന്നത് കൊടിയ പീഡനം. ഇനിയും പിടിച്ചുനില്‍ക്കാന്‍ ആകില്ലെന്ന് പറഞ്ഞ് സഹോദരിക്ക് അയച്ച ശബ്ദ സന്ദേശം ട്വന്റി ഫോറിന് ലഭിച്ചു. പ്ലേറ്റ് കൊണ്ട് തലക്കടിച്ചതായും ജോലിക്ക് പോയാല്‍ സതീഷ് തന്റെ വിസ ക്യാന്‍സല്‍ ചെയ്യുമോ എന്നു ഭയപ്പെട്ടിരുന്നതായും അതുല്യ സഹോദരിയോട് വെളിപ്പെടുത്തിയിരുന്നു. (athulya’s audio clip against husband satheesh)
സതീഷിന്റെ ക്രൂര പീഡനങ്ങള്‍ അച്ഛനും അമ്മയും സഹപാഠികളായ സുഹൃത്തുക്കളും പറഞ്ഞത് പൂര്‍ണ്ണമായും ശരിവെയ്ക്കുന്ന അതുല്യയുടെ തന്നെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. താന്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ സഹോദരി അഖിലയോട് വെളിപ്പെടുത്തുന്നതായിരുന്നു ഈ സന്ദേശം. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ പ്ലേറ്റ് കൊണ്ട് തലക്കടിച്ചതായും അടിയില്‍ പ്ലേറ്റ് പൊട്ടി തകര്‍ന്നതായും അതുല്യ പറയുന്നു. മടുത്തുവെന്നും ഒരു ശകലം പിടിച്ചുനില്‍ക്കാന്‍ ആകില്ലന്നും അതുല്യ പറയുന്നുണ്ട്.
സതീഷ് അടിച്ചു കൊല്ലുമെന്നും അവിടെ നിന്നും മാറാന്‍ അമ്മ പറഞ്ഞതായും ഓഡിയോ ക്ലിപ്പിലുണ്ട്. ജോലിക്ക് പോയാല്‍ ആ വാശിയില്‍ സതീഷ് തന്റെ വിസ ക്യാന്‍സല്‍ ചെയ്യുമോ എന്നും ഭയപ്പെട്ടിരുന്നതായും അതുല്യ സഹോദരിയോട് വെളിപ്പെടുത്തി. അതുല്യയുടെ ശബ്ദ സന്ദേശം പുറത്തുവന്നതോടെ സതീഷിന്റെ വാദങ്ങള്‍ പൂര്‍ണമായും പൊളിയുകയാണ്.
Story Highlights : athulya’s audio clip against husband satheesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here