മുംബൈ ട്രെയിൻ സ്ഫോടന കേസ്; പ്രതികളെ വെറുതെവിട്ട വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു

2006 മുംബൈ ട്രെയിൻ സ്ഫോടന കേസിൽ 12 പേരെ വെറുതെ വിട്ട ബോംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിം കോടതി. പ്രതികൾ തിരികെ ജയിലിലേക്ക് പോകേണ്ടതില്ലെന്ന് സുപ്രിം കോടതി. മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രിം കോടതിയുടെ സ്റ്റേ. പ്രതികൾക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മോചിതരായവരെ തിരികെ ജയിലിലേക്ക് അയക്കേണ്ടെന്ന നിർദേശം മഹാരാഷ്ട്ര സർക്കാരാണ് മുന്നോട്ട് വച്ചത്. സോളിസിറ്റർ ജനറൽ തുഷാർമേത്തയാണ് ഇക്കാര്യം കോടതിയിൽ പറഞ്ഞത്.
189 പേരുടെ ജീവനെടുക്കുകയും 800ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടന പരമ്പര കേസിലാണ് പ്രതികളെയെല്ലാം ബോംബെ ഹൈക്കോടതി വെറുതെ വിട്ടത്. വിചാരണ കോടതി അഞ്ച് പ്രതികളെ വധശിക്ഷയ്ക്കും ഏഴ് പേരെ ജീവപര്യന്തം തടവിനുമാണ് ശിക്ഷിച്ചിരുന്നത്. ജസ്റ്റിസ് അനില്‍ കിലോര്‍, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരുടെ ബെഞ്ചാണ് ഹൈക്കോടതിയില്‍ പ്രതികളുടെ അപ്പീല്‍ പരിഗണിച്ചത്.
2006 ജൂലൈ 11ന് വൈകീട്ട് ആറരയോടെയാണ് സബര്‍ബന്‍ ട്രെയിനുകളില്‍ സ്‌ഫോടന പരമ്പര നടന്നത്. വെസ്റ്റേണ്‍ ലൈനില്‍ മാട്ടുംഗയ്ക്കും മീരാഭയന്തറിനും ഇടയില്‍ സഞ്ചരിക്കുകയായിരുന്ന ട്രെയിനുകളുടെ ഫസ്റ്റ്ക്ലാസ് കംപാര്‍ട്‌മെന്റുകളില്‍ ഏഴ് തവണ സ്‌ഫോടനം ഉണ്ടായി. 2015ലാണ് വിചാരണ കോടതി പ്രതികളെ ശിക്ഷിച്ചത്. ഒരു പ്രതിയെ വിചാരണ കോടതി തന്നെ വെറുതെ വിട്ടിരുന്നു.
Story Highlights : Mumbai train blast case: Supreme Court stays acquittal of accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here