Advertisement

കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 26 വയസ്

10 hours ago
Google News 1 minute Read

കാർഗിൽ യുദ്ധ വിജയത്തിന്റെ ഓർമ പുതുക്കി രാജ്യം ഇന്ന് വിജയ് ദിവസ് ആചരിക്കുകയാണ്.
കാർഗിലിൽ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യൻ സൈന്യം ചരിത്രവിജയം നേടിയിട്ട് 26 വർഷം. 1999 ജൂലൈ 26 നാണ്, ഇന്ത്യൻ സൈന്യത്തെയും സർക്കാർ സംവിധാനങ്ങളെയും വെല്ലുവിളിച്ച പാക് നുഴഞ്ഞുകയറ്റക്കാരെ കാർഗിലിൽ നിന്ന് ഇന്ത്യൻ സൈന്യം തുരത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്റർ ഉയരത്തിൽ, തണുത്തുറഞ്ഞ മഞ്ഞിൽ ഇന്ത്യയുടെ സൈനിക കരുത്ത് പാകിസ്താന്‍ തിരിച്ചറിഞ്ഞ യുദ്ധമായിരുന്നു കാര്‍ഗില്‍.

വര്‍ഷത്തില്‍ ഒമ്പത് മാസവും മഞ്ഞ് മൂടിക്കിടക്കുന്ന പര്‍വതമേഖലയാണ് കാര്‍ഗില്‍. കൊടും ശൈത്യകാലത്ത് ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ പിൻമാറുകയാണ് പതിവ്. ശേഷം തണുപ്പ് കുറയുമ്പോൾ തിരിച്ചുവരികയും ചെയ്യും. എന്നാൽ 1999ൽ പാക് സൈന്യം സാധാരണയിലും നേരത്തെ തിരിച്ചുവന്നു. ഏറെ വൈകി മെയ് മാസത്തിലാണ് പാക്ക് നുഴഞ്ഞുകയറ്റത്തെപ്പറ്റി ഇന്ത്യന്‍ പട്ടാളത്തിന് വിവരം ലഭിക്കുന്നത്.. പ്രദേശത്ത് ആട് മേയ്ക്കുന്നവർ നൽകിയ വിവരം നിർണായകമായി. പിന്നീടുള്ള സൈന്യത്തിന്റെ നീക്കം ചടുലമായിരുന്നു. ആദ്യം പട്രോൾ സംഘങ്ങൾ പാക് സൈന്യത്തിന്റെ സാന്നിധ്യം ഉറപ്പിച്ചു. തുടർന്ന് നടത്തിയ ശക്തമായ ഏറ്റുമുട്ടൽ 72 ദിവസമാണ് നീണ്ടത്. 1999 മെയ് മൂന്നിന് തുടങ്ങിയ യുദ്ധം ജൂലൈ 26നാണ് ഔദ്യോഗികമായി അവസാനിച്ചത്. ഒടുവിൽ പാക്കിസ്താന് പരാജയം സമ്മതിക്കേണ്ടിവന്നു.

ക്യാപ്റ്റൻ ജെറി പ്രേം രാജ്, ലാൻസ് നായ്ക്ക് സജി കുമാർ, ലെഫ്. കേണൽ ആർ വിശ്വനാഥൻ തുടങ്ങി നിരവധി മലയാളികൾ ഉൾപ്പെടെ 527 ഇന്ത്യന്‍ ജവാന്മാര്‍ കാര്‍ഗിലില്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചു. അനൌദ്യോഗിക കണക്കു പ്രകാരം, 1000ത്തിലധികം പട്ടാളക്കാരെയാണ് പാകിസ്താന് നഷ്ടപ്പെട്ടത്. എന്നാല്‍ നുഴഞ്ഞുകയറ്റത്തിലെ തങ്ങളുടെ പങ്ക് പാക് സൈന്യം നിഷേധിച്ചു.

Story Highlights : Kargil Vijay Diwas 2025, 26 Years Later

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here