അധിക ലഗേജിന് പണം നൽകണം, ശ്രീനഗർ വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് ജീവനക്കാർക്ക് യാത്രക്കാരന്റെ ക്രൂരമർദ്ദനം

ശ്രീനഗർ വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനക്കമ്പനിയിലെ ജീവനക്കാരെ യാത്രക്കാരനായ സൈനിക ഉദ്യോഗസ്ഥൻ മർദ്ദിച്ചതായി റിപ്പോർട്ട്. ജൂലൈ 26-നാണ് സംഭവം നടന്നത്. അധിക ലഗേജിന് പണം ആവശ്യപ്പെട്ടതാണ് മർദ്ദനത്തിന് കാരണം. ആക്രമണത്തിൽ നാല് ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റു.
[Passenger brutally assaults 4 SpiceJet employees]
ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ ആർമി ഉദ്യോഗസ്ഥനാണ് ആക്രമണം നടത്തിയത്. അനുവദനീയമായതിലും കൂടുതൽ ഭാരമുള്ള ക്യാബിൻ ബാഗേജ് ഉണ്ടായിരുന്നതിനാൽ അധിക ചാർജ് നൽകണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാകാതെ ബോർഡിംഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കും മുമ്പ് യാത്രക്കാരൻ വിമാനത്തിലേക്ക് കയറാൻ ശ്രമിച്ചു. ഇത് ജീവനക്കാർ തടഞ്ഞതോടെ യാത്രക്കാരൻ പ്രകോപിതനാകുകയും ജീവനക്കാരെ മർദ്ദിക്കുകയുമായിരുന്നു.
Read Also: ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശിയായ സ്വകാര്യ പി ജി ഉടമ അറസ്റ്റിൽ
ഗുരുതരമായി പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മുഖത്തും നട്ടെല്ലിനും സാരമായ പരിക്കുകളുണ്ട്. സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരനെ നോ-ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നടപടികളും എയർലൈൻ അധികൃതർ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. വ്യോമയാന മന്ത്രാലയത്തിന് എയർലൈൻ കത്തയക്കുകയും യാത്രക്കാരനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Story Highlights : Passenger brutally assaults 4 SpiceJet employees for asking them to pay for excess luggage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here