‘ശസ്ത്രക്രിയ മുടങ്ങിയതിൽ തന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ല’; കാരണം കാണിക്കൽ നോട്ടീസിന് മറുപടിയുമായി ഡോ. ഹാരിസ് ഹസൻ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലാത്തതിനെത്തുടർന്ന് ചികിത്സ മുടങ്ങിയെന്ന വിവാദത്തിൽ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസൻ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി. ശസ്ത്രക്രിയ മുടങ്ങിയതിൽ തനിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം മറുപടിയിൽ വ്യക്തമാക്കി.
ആശുപത്രിയിൽ ഉണ്ടായിരുന്ന ശസ്ത്രക്രിയ ഉപകരണം തന്റേതല്ലെന്നും, അത് മറ്റൊരു ഡോക്ടർ സ്വന്തമായി വാങ്ങിയതാണെന്നും ഹാരിസ് ഹസൻ അറിയിച്ചു. ഉപകരണങ്ങളുടെ ക്ഷാമം സംബന്ധിച്ച് അധികൃതരെ മുൻപ് അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം സർവീസ് ചട്ടലംഘനം ഉണ്ടായെങ്കിൽ അതിൽ ക്ഷമ ചോദിക്കുന്നതായും ഡോക്ടർ മറുപടിയിൽ കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ഉയർന്ന ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് ഡോക്ടറുടെ വിശദീകരണം.
Read Also: പൊതു ഭരണ വകുപ്പിന് ഇനി അബ്കാരി കേസിൽ കസ്റ്റഡിയിലെടുത്ത കാർ ഉപയോഗിക്കാം; സർക്കാർ ഉത്തരവ്
അതേസമയം, ഡോ. ഹാരിസിന്റെ നടപടികൾ സർവീസ് ചട്ടലംഘനം എന്നായിരുന്നു അന്വേഷണ സമിതിയുടെ റിപ്പോർട്ടിലെ കണ്ടെത്തൽ. ഇത് പ്രകാരമാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഏഴു ദിവസത്തിനകം മറുപടി നൽകണം. സർക്കാർ സർവീസ് ചട്ടത്തിൽ ഉൾപ്പെടുന്ന വകുപ്പുകൾ ഡോക്ടർ ലംഘിച്ചു എന്ന് കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു. ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതും പരസ്യപ്രസ്താവന നടത്തിയതും തെറ്റാണെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്. ഹാരിസ് ചിറക്കൽ ഉന്നയിച്ച പരാതികൾ എല്ലാം വസ്തുതയല്ല. ഡോക്ടർ ഹാരിസ് പ്രോബ് ഇല്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയകൾ മുടക്കി. എന്നാൽ പ്രോബ് ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഇതേ പ്രോബ് ഉപയോഗിച്ച് ശസ്ത്രക്രിയകൾ നടക്കുകയും ചെയ്തു. പരാമർശങ്ങൾ സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്നും നോട്ടീസിലുണ്ട്.
Story Highlights : ‘There was no lapse on my part in the cancellation of the surgery’; Dr. Haris Hasan responds to show cause notice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here