Advertisement

‘ഈ ശബ്ദത്തെ ഭയപ്പെടുന്നതാര്? എഴുത്തുകാരന്റെ നാവ് മൂടാനാകില്ല’; ഷിജു ഖാനെ സാഹിത്യോത്സവത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം

5 hours ago
3 minutes Read
left profiles supports shiju khan in social media

കേരള സാഹിത്യ അക്കാദമിയുടെ സാര്‍വദേശീയ സാഹിത്യോത്സവത്തില്‍ നിന്ന് ഡിവൈഎഫ്‌ഐ നേതാവ് ഷിജു ഖാനെ ഒഴിവാക്കി പരിപാടി റദ്ദ് ചെയ്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ഷിജു ഖാന്റേത് ഉള്‍പ്പെടെയുള്ള വ്യത്യസ്ത ശബ്ദങ്ങള്‍ നിശബ്ദമാക്കാനുള്ള ചിലരുടെ ഗൂഢാലോചനയും ഫ്യൂഡല്‍ ചിന്താഗതിയുമാണ് ഇതിന് പിന്നിലെന്നാണ് ചില ഇടത് പ്രൊഫൈലുകളില്‍ നിന്ന് വരുന്ന വിമര്‍ശനങ്ങള്‍. ആരെ പേടിച്ചാണ് ഷിജുഖാനെ ഒഴിവാക്കിയതെന്ന് വ്യക്തമാക്കണമെന്നാണ് പോസ്റ്റുകളിലൂടെ ഇവര്‍ ആവശ്യപ്പെടുന്നത്. സ്ഥാപിത താത്പര്യക്കൂട്ടങ്ങളുടെ ഇത്തരം ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ഷിജു ഖാനെ പിന്തുണയ്ക്കുന്നവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. (left profiles supports shiju khan in social media)

ഷിജു ഖാന്‍ ശിശുക്ഷേമ സമിതിയുടെ ചുമതലയിലിരിക്കേ ദത്ത് വിവാദത്തില്‍ സ്വീകരിച്ച നിലപാടിന്റെ പേരിലാണ് അദ്ദേഹത്തെ സാഹിത്യോത്സവത്തില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന. ഷിജു ഖാന്‍ സംസാരിച്ചാല്‍ ദത്തുവിവാദത്തില്‍ ഉള്‍പ്പെട്ട അനുപമ ഉള്‍പ്പെടെ പ്രതിഷേധിക്കുമെന്ന് ഭയന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് വിവരം. ദത്ത് വിവാദത്തില്‍ ഷിജു ഖാന്‍ സ്വീകരിച്ച നിലപാട് അടക്കം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ അദ്ദേഹത്തിന്റെ വിവിധ പദവികളിലെ പ്രവര്‍ത്തനങ്ങളും നിലപാടുകളും മികച്ചതായിരുന്നുവെന്ന് അഭിപ്രായപ്പെടുകയാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം.

എഴുത്തുകാരന്‍ രാഹുല്‍ എസ്സിന്റെ പോസ്റ്റ് ഇങ്ങനെ:

സഖാവ്. ഡോ. ജെ.എസ് ഷിജൂഖാന്‍
പാര്‍ട്ടിയും സര്‍ക്കാരും ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ എല്ലാം കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട്. ഇനി അങ്ങോട്ടും അങ്ങനെ തന്നെയുണ്ടാകും ?

ഷിജുഖാനെ പിന്തുണച്ച് കവിതാ ആനന്ദ് കുമാര്‍ എഴുതിയത്:

നാവുമരമൊക്കെ നാവും നട്ടെല്ലും തളര്‍ന്ന് വശം കെട്ടെടോ സഖാവേ…
ഭയം ഭരിക്കുന്ന ഇന്ത്യയെ കുറിച്ചുള്ള ആദികള്‍, അക്കാദമി ചെയര്‍മാന്‍ തത്ക്കാലം മാറ്റി വച്ചിരിക്കുന്നു….
ഇനി അല്പം വിവാദങ്ങള്‍ ഭരിക്കുന്ന കേരളത്തെ കുറിച്ചുള്ള ആദികളാവാം…????
NB : ഡോ. ഷിജുഖാനെ കേരളത്തിന് കേള്‍ക്കാന്‍ സാഹിത്യ അക്കാദമിയുടെ പൂരപ്പറമ്പ് വേണ്ട. എന്നാലും ആ ലൈംഗിക കുറ്റാരോപിതരുടെയും മീടൂ ആരോപണ വിധേയരെയുടെയും സെക്ഷനുകള്‍ എന്തായോ എന്തോ

Read Also: പറവൂരില്‍ പുഴയില്‍ ചാടി ജീവനൊടുക്കിയ വീട്ടമ്മയുടെ സംസ്‌കാരം ഇന്ന്; വട്ടിപ്പലിശക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്ന് കുടുംബം

വിഷയത്തില്‍ രാജേഷ് ചിറപ്പാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ആരെ പേടിച്ചിട്ടാണ് ഡോ. ഷിജുഖാനെ കേരള സാഹിത്യ അക്കാദമിയുടെ രാജ്യാന്തര സാഹിത്യോത്സവത്തില്‍ നിന്ന് ഒഴിവാക്കിയതെന്ന് അറിഞ്ഞാല്‍ കൊള്ളാം. സാഹിത്യ അക്കാദമി പ്രസിഡന്റ് പറയുന്നത് വിവാദങ്ങള്‍ ഒഴിവാക്കാനാണെന്നാണ്. അറിയാന്‍ കഴിയുന്നത് ആ പരിപാടി തന്നെ റദ്ദ് ചെയ്തു എന്നാണ്. കഷ്ടം നിങ്ങള്‍ ആരുടെ വിശുദ്ധ പശുക്കളെയാണ് മേയ്ക്കാന്‍ നില്‍ക്കുന്നത് ? ഫ്യൂഡലിസത്തിന്റെ തൊഴുത്തുകളിലെ കറവ പറ്റിയ ആശയങ്ങളെ എത്ര കാലം നിങ്ങള്‍ക്ക് പോറ്റാനാവും?

ഒസ്‌ബോണ്‍ യേശുദാസിന്റെ പോസ്റ്റ് വായിക്കാം:

എഴുത്തുകാരന്റെ ശബ്ദം മൂടാനാവില്ല ?
കേരള സാഹിത്യ അക്കാദമി തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ സംസാരിക്കുവാന്‍ ക്ഷണിക്കപ്പെട്ട ഡോ. ഷിജുഖാനെ പങ്കെടുപ്പിക്കരുതെന്ന പ്രചാരണം ചില സ്ഥാപിത താല്‍പര്യകൂട്ടങ്ങള്‍ സംഘടിപ്പിച്ച ഒരു ജനാധിപത്യവിരുദ്ധ നീക്കമാണ്.
ഒരു എഴുത്തുകാരനെ, ചിന്തകനെ,സാംസ്‌കാരികപ്രവര്‍ത്തകനെ സാഹിത്യവേദിയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ നടത്തുന്ന ഇത്തരം നീക്കങ്ങളിലൂടെ ചിലരുടെ ഭീതിയും അസഹിഷ്ണുതയുമാണ് തെളിയിക്കുന്നത്.
ഡോ. ഷിജുഖാന്‍ കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം, യുവജന സംഘടനാ നേതാവ്, എഴുത്തുകാരന്‍, വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവര്‍ത്തകന്‍ തുടങ്ങി കേരളത്തിന്റെ മുഖ്യധാരയില്‍ ഇടപെടുന്ന ശക്തമായ ജനകീയ ശബ്ദമാണ്.
സാഹിത്യ വേദിയില്‍ നിന്നും വ്യത്യസ്തമായ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ ജനാധിപത്യത്തെയും സംസ്‌കാരത്തെയും നേരിടുന്ന ഫാസിസ്റ്റ് സ്വഭാവത്തിന്റെ പ്രകടനമാണ്.
സാഹിത്യത്തിന്റെ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണത്തെ ജനാധിപത്യത്തിനെതിരായ വെല്ലുവിളിയെ ഞങ്ങള്‍ ഒന്നാകെ അപലപിക്കുന്നു!

Story Highlights : left profiles supports shiju khan in social media

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top