Advertisement

കോൺഗ്രസിൽ ഗ്രൂപ്പുപോര് ശക്തിപ്രാപിക്കുന്നു; എ ഗ്രൂപ്പിന്റെ നേതാവാകാൻ ചാണ്ടി ഉമ്മൻ

2 days ago
Google News 2 minutes Read

ഒരു കാലത്ത് എ ഗ്രൂപ്പിന്റെ അവസാനവാക്കായിരുന്നു ഉമ്മൻ ചാണ്ടി. എ ഗ്രൂപ്പ് ആരംഭിച്ചത് എ കെ ആന്റണിയാണെങ്കിലും ഗ്രൂപ്പിനെ എല്ലാകാലത്തും പിടിച്ചു നിർത്തിയത് ഉമ്മൻ ചാണ്ടിയായിരുന്നു. വയലാർ രവിയും പി സി ചാക്കോയും എ ഗ്രൂപ്പ് വിട്ടുപോയപ്പോഴും എ ഗ്രൂപ്പിനെ പ്രതാപത്തോടെ ഉമ്മൻചാണ്ടി മുന്നോട്ടുകൊണ്ടു പോയി. എ ഗ്രൂപ്പിന്റെ കൈകളിൽ സുരക്ഷിതമായിരുന്നു സംസ്ഥാന ഭരണം. എന്നാൽ സോളാർ കേസിന്റെ പശ്ചാത്തലത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ കോൺഗ്രസിൽ നീക്കങ്ങൾ സജീവമായി. ഇതോടെയാണ് എ ഗ്രൂപ്പിന്റെ ആധിപത്യം അവസാനിക്കുന്നത്. ഭരണം നഷ്ടമാവുകയും രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായകുകയും ചെയ്തതോടെ എ ഗ്രൂപ്പിന്റെ ശക്തി ക്ഷയിച്ചു.

എ ഗ്രൂപ്പിൽ തലയെടുപ്പുള്ള നേതാക്കൾ കുറഞ്ഞു. കെ സി ജോസഫും തിരുവഞ്ചൂർ രാധാകൃഷ്ണുമായിരുന്നു ‘എ’ ഗ്രൂപ്പിന്റെ നേതാക്കൾ. കെ സി ജോസഫ് നിലവിൽ നിയമസഭാംഗമല്ല. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് നിലവിൽ സഭയിൽ എ ഗ്രൂപ്പിന്റെ തലമുതിർന്ന നേതാവ്. രമേശ് ചെന്നിത്തലയെ മാറ്റി വി ഡി സതീശനെ പ്രതിപക്ഷനേതാവാക്കിയതോടെ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒരുമിച്ചുനിൽക്കാൻ നീക്കങ്ങൾ നടന്നുവെങ്കിലും അതൊന്നും ഫലം കണ്ടില്ല.

കെ പി സി സി അധ്യക്ഷനായി വന്ന കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും തമ്മിലുള്ള വടം വലിയാണ് പിന്നീട് കേരളം കണ്ടത്. ഇതേ നില തുടർന്നാൽ കേരളത്തിൽ എ ഗ്രൂപ്പ് കാലഹരണപ്പെടുമെന്ന തിരിച്ചറിവിലാണ് എ ഗ്രൂപ്പിനെ ശക്തിപ്പെടുത്താനുള്ള നിയോഗം ചാണ്ടി ഉമ്മൻ ഏറ്റെടുക്കുന്നത്.

ഒരു ഗ്രൂപ്പിനെ നയിക്കാനുള്ള ശേഷി തിരുവഞ്ചൂരിന് ഇല്ലെന്നാണ് എ ഗ്രൂപ്പിന്റെ തന്നെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് എ ഗ്രൂപ്പിന്റെ നേതാവായി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ ഉയർത്തി കൊണ്ടുവരാനുള്ള ചർച്ചകൾ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തിയതെന്ന് ഗ്രൂപ്പ് ഭേദമന്യേ എല്ലാ നേതാക്കളും അംഗീകരിച്ചതാണ്.

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് ഒരു സ്ത്രീ മരിക്കാനിടയായ സംഭവത്തിൽ വളരെ ശ്രദ്ധേയമായ ഇടപെടലാണ് ചാണ്ടി ഉമ്മൻ നടത്തിയിരുന്നത്. യമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയ വിഷയത്തിലും ചാണ്ടി ഉമ്മൻ മാതൃകാപരമായ ഇടപെടൽ നടത്തി. ഉമ്മൻ ചാണ്ടി നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമങ്ങൾ നടത്തിയിരുന്നു, അതിന്റെ തുടർച്ചയായിരുന്നു ചാണ്ടി ഉമ്മന്റെ ഇടപെടൽ. പൊതു ജനങ്ങൾക്കിടയിൽ സ്വീകാര്യതയുള്ള നേതാവായി ചാണ്ടി ഉമ്മൻ മാറിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെട്ടുന്നത്.

തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പുപോര് ശക്തിപ്രാപിച്ചിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനമാണ് യൂത്ത് കോൺഗ്രസിൽ പ്രകടമാവുന്നത്. കെ പി സി സി, ഡി സി സി പുനഃസംഘടന, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർഥി നിർണയം എന്നിവയിൽ ഗ്രൂപ്പ് പരിഗണന ഉറപ്പുവരുത്തുന്നതിനുള്ള നീക്കങ്ങളാണ് നേതാക്കൾ നടത്തുന്നതെന്നാണ് ആരോപണം. നിലവിലുള്ള ഗ്രൂപ്പുകൾക്ക് പുറമെ പ്രതിപക്ഷനേതാവ് വി ഡി സതീശനെ അംഗീകരിക്കുന്നവരും എതിർക്കുന്നവരും എന്ന നിലയിലേക്ക് കോൺഗ്രസിലെ ഗ്രൂപ്പുപ്രവർത്തനം മാറിയിട്ടുണ്ട്. ചെന്നിത്തല വിഭാഗവും സജീവമായി രംഗത്തുണ്ട്. കോൺഗ്രസ് പുനഃസംഘടന ലക്ഷ്യത്തിലെത്താത്തത് ഈ ഗ്രൂപ്പു മാനേജർമാരുടെ കടുംപിടുത്തംമൂലമാണെന്നാണ് ആരോപണം.

Story Highlights : Chandy Oommen to become leader of Group A

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here