Advertisement

കരമനയില്‍ പൊലീസിനെതിരായ പരാതി വ്യാജമെന്ന് ദൃക്‌സാക്ഷി; പൊലീസിനെ രക്ഷിക്കാനുള്ള അടവെന്ന് പരാതിക്കാരി

തിരുവനന്തപുരം കരമനയില്‍ മത്സ്യത്തൊഴിലാളിയുടെ മീനുകള്‍ തട്ടിതെറിപ്പിച്ചെന്ന പരാതി വ്യാജമെന്ന് ദൃക്സാക്ഷി. പൊലിസ് മീന്‍ തട്ടി തെറിപ്പിച്ചിട്ടില്ലെന്നും മത്സ്യത്തൊഴിലാളിയാണ് മീന്‍ വലിച്ചെറിഞ്ഞതെന്നും ദൃക്സാക്ഷി യൂസഫ് പറഞ്ഞു.

ഇന്നലെ വൈകിട്ടായിരുന്നു കരമന പാലത്തിന് സമീപം മീന്‍ വിറ്റുകൊണ്ടിരുന്ന വലിയതുറ സ്വദേശിനി മരിയ പുഷ്പം കരമന സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥര്‍ മീന്‍ തട്ടിത്തെറിപ്പിച്ചുവെന്ന് പരാതിപ്പെട്ടത്. പാലത്തിലും സമീപ പ്രദേശങ്ങളിലും മീന്‍ വില്‍പന പാടില്ല എന്നാരോപിച്ചായിരുന്നു പൊലീസ് അതിക്രമമെന്നും പരാതിക്കാരി പറഞ്ഞിരുന്നു. എന്നല്‍ പരാതി കെട്ടിച്ചമച്ചതെന്നാണ് ദ്യക്‌സാക്ഷി യൂസഫ് പറയുന്നത്. പാലത്തില്‍ നിന്ന് മാറിയിരിക്കാന്‍ ജീപ്പില്‍ ഇരുന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. മത്സ്യത്തൊഴിലാളി സ്വയം മീനുകള്‍ വലിച്ചെറിയുകയായിരുന്നു. പിന്നാലെ നഷ്ട പരിഹാരം ആവശ്യപ്പെട്ട് ബഹളംവച്ചുവെന്നും ദൃക്സാക്ഷി വ്യക്തമാക്കി.

പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാവണമെന്നും പരാതിക്കാരി പറഞ്ഞു. ദൃക്സാക്ഷിയുടെ മൊഴി പൊലീസിനെ രക്ഷിക്കാനുള്ള പൊലീസിന്റെ അടവാണെന്നു മരിയ പുഷ്പം പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

Story Highlight: karamana police attack