16
Jan 2019
Wednesday
Save Alappad

അമ്മ കണ്ട സ്വപ്‌നമാണ് ശ്രീദേവി

sridevi new

ഉന്മേഷ് ശിവരാമന്‍

‘മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചു എന്ന് തോന്നുന്നതേയില്ല. എല്ലാവരോടും നന്ദിയുണ്ട്. ആരാധകര്‍ക്കും.സംവിധായകര്‍ക്കും.സഹപ്രവര്‍ത്തകര്‍ക്കും.അവരൊന്നും ഇല്ലെങ്കില്‍ ഞാനുണ്ടാകുമായിരുന്നില്ല’ .

‘മോ’മിലൂടെ അഭിനയരംഗത്ത് മടങ്ങിയെത്തിയ ശ്രീദേവി രാജീവ് മസന്തുമായുള്ള അഭിമുഖത്തിനിടെ തന്റെ വിജയങ്ങളെ വിലയിരുത്തിയത് ഇങ്ങനെയാണ്. മകളുടെ സിനിമാ പ്രവേശനം സംബന്ധിച്ച ചോദ്യങ്ങള്‍ക്കും ശ്രീദേവി അഭിമുഖത്തില്‍ കൃത്യമായ മറുപടി നല്‍കുന്നുണ്ട്. മകളെക്കുറിച്ചുള്ള ഒരമ്മയുടെ സ്വപ്‌നങ്ങള്‍ മറ്റാരെക്കാളും ശ്രീദേവിക്ക് പരിചിതമായിരുന്നു .സിനിമയിലെ നര്‍ത്തകസംഘത്തില്‍ അംഗമായിരുന്നു അമ്മ രാജേശ്വരി. വിവാഹത്തോടെ രാജേശ്വരി കുടുംബ ജീവിതത്തിലേക്ക് ചുരുങ്ങി. രാജേശ്വരിയുടെ സിനിമാ സ്വപ്‌നമായിരുന്നു തമിഴകവും ദക്ഷിണേന്ത്യയും ബോളിവുഡും കീഴടക്കിയ ശ്രീദേവിയുടെ താരസിംഹാസന പദവി. ഇന്ത്യന്‍ സിനിമയിലെ ഒരേയൊരു വനിതാ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ശ്രീദേവി ഉയര്‍ന്നത് ചുരുങ്ങിയ കാലത്തിനുള്ളിലാണ്.

ബാലതാരമായി അരങ്ങേറ്റം
നാലാം വയസിലാണ് സിനിമയില്‍ ശ്രീദേവിയുടെ അരങ്ങേറ്റം.ആദ്യ ചിത്രം ‘തുണൈവന്‍’. മുരുകന്റെ വേഷത്തില്‍ ശ്രീദേവി ആദ്യമായി അഭ്രപാളിയില്‍ തിളങ്ങി.1971-ല്‍ ‘പൂമ്പാറ്റ’എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരം നേടി.’നാം നാട് ‘,’പ്രാര്‍ത്ഥനൈ’,’ബാബു’,’വസന്ത മാളിഗൈ’ എന്നീ ചിത്രങ്ങളിലും ബാലതാരമായി ശ്രീദേവിയെത്തി.

ബാലചന്ദര്‍ കണ്ടെടുത്ത നായിക
തെന്നിന്ത്യന്‍ സംവിധായകന്‍ കെ ബാലചന്ദര്‍ ആണ് ശ്രീദേവിയെ നായികയാക്കി ഉയര്‍ത്തിയത്. ‘മുണ്ട്ര് മുടിച്ച്’എന്ന ചിത്രത്തില്‍ കമല്‍ഹാസനും രജനീകാന്തും ഒപ്പമുണ്ടായിരുന്നു. ശ്രീദേവിക്ക് അന്ന് പ്രായം പതിമൂന്ന് വയസ്സ്.പിന്നീട് കമല്‍ഹാസന്‍ -ശ്രീദേവി ജോഡി തെന്നിന്ത്യന്‍ സിനിമാലോകം കീഴടക്കുന്നതാണ് കണ്ടത്.’സിഗപ്പ് റോജാക്കള്‍’,’മൂന്നാംപിറൈ’ എന്നീ ചിത്രങ്ങള്‍ കൂടി പുറത്തുവന്നതോടെ പകരം വെയ്ക്കാനില്ലാത്ത താരസാന്നിധ്യമായി ശ്രീദേവി മാറി. തമിഴില്‍ മാത്രമല്ല, തെലുങ്കിലും കന്നഡയിലും
അക്കാലത്ത് ശ്രീദേവിയായിരുന്നു യുവാക്കളുടെ സ്വപ്‌നസുന്ദരി.

മലയാളത്തെ സ്‌നേഹിച്ച ശ്രീദേവി
കേരളഭക്ഷണം ഇഷ്ടമാണെന്ന് ശ്രീദേവി പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.പ്രേംനസീറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും. ഐ വി ശശിയെന്ന സംവിധായക പ്രതിഭയെയും ശ്രീദേവി അഭിമുഖങ്ങളില്‍ ഓര്‍ത്തെടുക്കാറുണ്ട്. ചെറുതും വലുതുമായ വേഷങ്ങളിലായി ഇരുപത്തിയാറ് മലയാള ചിത്രങ്ങളില്‍ ശ്രീദേവി വേഷമിട്ടു. ‘സത്യവാന്‍ സാവിത്രി’,’അനുരാഗം’ ,’അഭിനന്ദനം’,’കുറ്റവും ശിക്ഷയും’, ‘സ്വപ്‌നങ്ങള്‍’,’തീര്‍ത്ഥയാത്ര’,’ആലിംഗനം’,’ഊഞ്ഞാല്‍’,’വേഴാമ്പല്‍’ എന്നീ ചിത്രങ്ങളിലെ അഭിനയം മലയാളത്തിലും ശ്രീദേവിക്ക് നിരവധി ആരാധകരെ സൃഷ്ടിച്ചു.’ദേവരാഗ’മാണ്(1996) ശ്രീദേവി ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.

ബോളിവുഡിലെ ഒരേയൊരു വനിതാ സൂപ്പര്‍സ്റ്റാര്‍
1975-ലാണ് ശ്രീദേവി ഹിന്ദി സിനിമാലോകത്ത് എത്തിയത്. ‘ജൂലി’യാണ് ആദ്യ ചിത്രം.1978-ല്‍ ‘സോള്‍വസാവനി’ലൂടെ നായികയായെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.1983-ല്‍ ജിതേന്ദ്രയുടെ നായികയായി അഭിനയിച്ച ‘ഹിമ്മത് വാല’യാണ് ശ്രീദേവിയെ സ്ഥിരപ്രതിഷ്ഠയാക്കിയത്.’നാഗിന’,’മിസ്റ്റര്‍ ഇന്ത്യ’,’കര്‍മ്മ’,’ചാല്‍ബാസ്’,’ചാന്ദ്‌നി’ എന്നീ ചിത്രങ്ങള്‍ കൂടി പുറത്തുവന്നതോടെ ബോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ശ്രീദേവി എത്തി. അഭിനയ മികവിലൂടെയും അഴകടയാളങ്ങളിലൂടെയുമാണ് ശ്രീദേവി ബോളിവുഡിലെ താരറാണിപ്പട്ടം സ്വന്തമാക്കിയത്. തൊണ്ണായിരത്തി എണ്‍പതുകളില്‍ ശ്രീദേവി-മിഥുന്‍ ചക്രവര്‍ത്തി ബന്ധം ഗോസിപ്പുകോളങ്ങളില്‍ നിറഞ്ഞു. ഇരുവരും രഹസ്യമായി വിവാഹം കഴിച്ചു എന്നുവരെ വാര്‍ത്തകള്‍ പ്രചരിച്ചു. 1996-ലായിരുന്നു ശ്രീദേവിയുടെ വിവാഹം.ചലച്ചിത്ര നിര്‍മ്മാതാവായ ബോണി കപൂറായിരുന്നു ഭര്‍ത്താവ്.1997-ല്‍ പുറത്തുവന്ന ‘ജുദായി’ എന്ന ചിത്രത്തോടെ ശ്രീദേവി അഭിനയ രംഗത്തുനിന്ന് പിന്‍മാറി.

ശ്രീദേവിയുടെ രണ്ടാംവരവ്
വിവാഹശേഷം 2012-ലാണ് അഭ്രപാളിയില്‍ ശ്രീദേവിയെ കണ്ടത്. ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ ശ്രീദേവിയുടെ അഭിനയപ്രതിഭയെ ഒരിക്കല്‍ക്കൂടി വെളിവാക്കി.’മോ’മില്‍ ആരാധകര്‍ കണ്ടത് ഒരമ്മയുടെ പൂര്‍ണ്ണതയായിരുന്നു.ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്ന ‘സീറോ’ അവസാന സിനിമയായി. മകള്‍ ജാഹ്നവിയുടെ സിനിമാ പ്രവേശം എന്ന സ്വപ്‌നം ബാക്കിയാക്കിയാണ് ശ്രീദേവി മടങ്ങിയത്.

Top