Advertisement

മാധുരിയുടെയും ശ്രീദേവിയുടെയും ഡാൻസ് കരിയറിലെ സരോജിന്റെ കയ്യൊപ്പ്

July 3, 2020
Google News 9 minutes Read

‘ഞാൻ ആകെ തകർന്നു പോയി. എനിക്ക് ഒന്നും പറയാൻ സാധിക്കുന്നില്ല. തുടക്കം മുതൽ തന്നെ എന്റെ യാത്രയുടെ ഭാഗമായിരുന്നു സരോജ്. അവർ എനിക്ക് ഒരുപാട് പഠിപ്പിച്ച് തന്നു. നൃത്തം മാത്രമല്ല, മറ്റ് പലതും അവർ പഠിപ്പിച്ചു. അവരെ കുറിച്ച് ചിന്തിക്കുമ്പോൾ കുറേ ഓർമകൾ എന്റെ മനസിൽ ഓടി വരികയാണ്. വ്യക്തിപരമായ നഷ്ടം തന്നെയാണിത്. ആദരാഞ്ജലികൾ’ പ്രശസ്ത നൃത്ത സംവിധായിക സരോജ് ഖാന്റെ വിയോഗത്തെ കുറിച്ച് ബോളിവുഡ് നടിയായ മാധുരി ദീക്ഷിത് എഴുതിയ കുറിപ്പാണിത്. മികച്ച നർത്തകി കൂടിയായ മാധുരിയുടെ പ്രശസ്തമായ ഡാൻസ് നമ്പറുകളിൽ മിക്കതും സരോജ് ചിട്ടപ്പെടുത്തിയവ.

സരോജ് ഖാൻ തന്റെ കരിയറിൽ രണ്ടായിരത്തിൽ അധികം പാട്ടുകൾക്കാണ് ചുവടുകൾ ചിട്ടപ്പെടുത്തിയത്. മിക്കതും സൂപ്പർ ഹിറ്റുകളും. നാല് പതിറ്റാണ്ട് നീളുന്ന കരിയറിൽ തന്റെ സ്റ്റൈൽ ഗാനത്തിന്റെ താളത്തിലും, ചടുലതയിലും ലയിപ്പിക്കാൻ കഴിഞ്ഞ നൃത്ത സംവിധായിക ആയിരുന്നു സരോജ്.

സരോജിന്റെ മരണം ബോളിവുഡിന് കൊവിഡ് കാലത്ത് മറ്റൊരു ആഘാതം കൂടി നൽകിയിരിക്കുകയാണ്. എന്നാൽ സരോജിന്റെ ചുവടുകൾ ഏറ്റവും മികച്ച വെള്ളിത്തിര അനുഭവം നൽകിയിരുന്നത് മാധുരി ദീക്ഷിതും ശ്രീദേവിയും അടക്കമുള്ള ചില അഭിനേതാക്കളാണ്.

മാധുരിയെ സരോജ് വളരെയധികം പ്രശംസിച്ചിരുന്നു. മാധുരി കഠിനാധ്വാനിയും പൂർണതയ്ക്ക് വേണ്ടി പരിശ്രമിക്കുന്നവളുമാണെന്നാണ് സരോജ് എപ്പോഴും പറഞ്ഞിരുന്നത്. ദേവദാസിലെ ‘ഡോലാരെ’ കണ്ടവർ ആർക്കും മറക്കാൻ സാധിക്കില്ല. സ്വതസിദ്ധമായ, പ്രക്ഷകരുടെ മനസിൽ ആനന്ദം സമ്മാനിക്കുന്ന സ്റ്റെപ്പുകളാണ് സരോജ് നൽകിയിരുന്നത്.

തൊണ്ണൂറുകളിൽ ധക് ധക് കർനേ ലഗാ, ഏക് ദോ തീൻ, തമ്മാ തമ്മാ, ചോളി കെ പീച്ചേ ക്യാ ഹേ തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനരംഗങ്ങൾ സരോജ്- മാധുരി കൂട്ടുകെട്ടിൽ പിറന്നവയാണ്. ഏക് ദോ തീൻ ആണ് മാധുരിയുടെ ഏറ്റവും മികച്ച പെർഫോമെൻസ് എന്നും ആ ഗാനരംഗമാണ് നർത്തകിയെന്ന രീതിയിൽ മാധുരിയെ പ്രസിദ്ധയാക്കിയതെന്നും സരോജ് പറഞ്ഞിരുന്നു.

കൂടാതെ തനിക്ക് കിട്ടിയതിൽ വച്ച് ഏറ്റവും മികച്ച ശിഷ്യയാണ് മാധുരിയെന്നും സരോജ് പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞു.

ദക്ഷിണേന്ത്യയിൽ നിന്നെത്തിയ ശ്രീദേവിക്ക് കരിയർ ബ്രേക്കുകൾ നൽകിയത് സരോജാണ്. ശ്രീദേവിയെയും ബോളിവുഡിലെ മികച്ച ഡാൻസർ ആക്കി തീർക്കുന്നതിൽ വളരെ വലുതാണ് സരോജിന്റെ പങ്ക്. 1974ൽ ഗീതാ മേരാ നാം എന്ന ചിത്രത്തിൽ സ്വതന്ത്ര നൃത്ത സംവിധായികയായി അരങ്ങേറ്റം കുറിച്ച സരോജിന് പ്രശസ്തി നേടിക്കൊടുത്തത് ശ്രീദേവിയുടെ മിസ്റ്റര്‍ ഇന്ത്യയിലെ ‘ഹവാ ഹവായി’ എന്ന ക്ലാസിക് ഡാൻസ് നമ്പറാണ്.

സരോജിന്റെ നൃത്ത ചുവടുകൾക്കൊപ്പം ശ്രീദേവിയുടെ ഭാവങ്ങളും കൂടി ചേർന്നപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് മികച്ച ദൃശ്യാനുഭവം. പിന്നീട് നാഗിന, ചാന്ദ്‌നി എന്നീ ചിത്രങ്ങളിലും അവർ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.

മദർ ഓഫ് ഡാൻസ് എന്നാണ് സരോജ് ഖാൻ അറിയപ്പെട്ടിരുന്നത്. ബോളിവുഡിലെ പുതുതലമുറയെ അടക്കം ചുവട് വയ്പിച്ച സരോജിന്റെ പ്രസിദ്ധ നൃത്ത രംഗങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം തന്നെ ഓർമയിൽ വരിക മാധുരിയുടെയും ശ്രീദേവിയുടെയും ഡാൻസ് നമ്പറുകളാണ്. സരോജിന്റെ പ്രിയ നർത്തകിമാരിൽ മുൻനിരയിലാണ് ഇരുവരുടെയും സ്ഥാനം.

sreedevi, madhuir dixit, saroj khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here