Advertisement

മലയാള സിനിമയുടെ നവതി ആഘോഷം; സര്‍ക്കാറിന്റേത് കാലം തെറ്റിയുള്ള ആഘോഷമെന്ന് ആക്ഷേപം

February 28, 2018
Google News 5 minutes Read

മലയാള സിനിമയുടെ നവതി ആഘോഷം നവതി തികയുംമുമ്പാണെന്ന് ആക്ഷേപം. കനകകുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസമാണ് മലയാള സിനിമയുടെ നവതി ആഘോഷചടങ്ങുകള്‍ക്ക് തുടക്കമായത്. നവതി നിറവില്‍ മലയാള സിനിമ 1928-2018 എന്നാണ് ചടങ്ങിന്റെ പേര്. 1928ല്‍ വിഗതകുമാരന്‍ എത്തിയെന്ന കണക്കുകൂട്ടലിലാണ് നവതി ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കിയത്. എന്നാല്‍ 1930 നവംബര്‍ 25നാണ് ചിത്രം റിലീസ് ചെയ്തതെന്നാണ്  സിനിമാ രംഗത്തുള്ളവരുടെ ആക്ഷേപം.

പ്രശസ്ത സിനിമാ ഗവേഷകനും,ഫോട്ടോഗ്രാഫറുമായ ഗോപാലകൃഷ്ണന്‍ നായരാണ് നവതി ആഘോഷത്തിന് എതിരെ പ്രത്യക്ഷത്തില്‍ രംഗത്ത് വന്നിരിക്കുന്നത്. 1930 നവംബര്‍ 25നാണ് വിഗതകുമാരന്‍ തീയറ്റര്‍ റിലീസ് ചെയ്തതെന്നാണ് ഗോപാലകൃഷ്ണന്‍ വ്യക്തമാക്കുന്നത്. അന്നത്തെ വാര്‍ത്താ ശകലങ്ങള്‍ ഉദ്ധരിച്ചാണ് സര്‍ക്കാരിന്റെ നവതിയാഘോഷം തെറ്റിപ്പോയെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

1930 നവംബർ 25ന് നിധീരിക്കൽ മാണിക്കത്തനാർ എന്ന കത്തോലിക്കാ പുരോഹിതൻ പത്രാധിപരായിരുന്ന നസ്രാണി ദീപിക (ഇന്നത്തെ രാഷ്ട്രദീപികയുടെ ആദ്യ പേര്) യുടെ ഒന്നാം പേജിൽ മൂന്ന് കോളം വാര്‍ത്ത വന്നു. “മലയാളത്തിലെ ആദ്യ ചലനചിത്രം ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിച്ചു എന്ന്”. അതേ ദിവസംതന്നെ, കെ. പി. കേശവമേനോൻ പത്രാധിപരായി കോഴിക്കോട് നിന്നും പ്രസിദ്ധീകരിച്ചിരുന്ന മാതൃഭൂമി പത്രത്തിന്റെ രണ്ടാം പേജിൽ ഒരു വാർത്ത വന്നു. ജെ. സി. ഡാനിയൽ നിർമ്മിച്ച വിഗതകുമാരൻ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിച്ചു എന്ന്. 1930 നവംബർ 25ന് പ്രഗത്ഭ അഭിഭാഷകനും അന്നത്തെ Central Legislative Assembly അംഗവും അക്കാലത്തെ പ്രശസ്തനായ പത്രപ്രവര്‍ത്തകനുമായിരുന്ന എ. രംഗസ്വാമി അയ്യങ്കാർ പത്രാധിപരായിരുന്ന ഹിന്ദു പത്രത്തിന്റെ മദ്രാസ് എഡിഷനിലെ ഉൾപേജിൽ ഒരു വാർത്തയുണ്ട് ” The premier show of the first silent movie of kerala directed by Mr. J.C.Daniel was done yesterday at Trivandrum” അതിന്‍റെ കൂടെ വിഗതകുമാരന്റെ ഒരു working stillഉം കൊടുത്തിട്ടുണ്ട്. അതിൽ നാലു സ്ത്രീകളേയും കാണാം. ” Sitting on the floor on the right side end is Mr. Daniel, Director of the movie” എന്നൊരു അടിക്കുറിപ്പും കൊടുത്തിട്ടുണ്ട്. ഈ പത്രങ്ങളുടെയെല്ലാം കോപ്പി അതാത് പത്രമോഫീസിൽ സൂക്ഷിച്ചിട്ടുമുണ്ട്. പക്ഷേ കേരള സർക്കാർ പറയുന്നു മലയാള സിനിമക്ക് നവതിയായി എന്ന്. ശരിയായിരിക്കും. നിധീരിക്കൽ മാണിക്കത്തനാരും, കെ. പി. കേശവമേനോനും, എ. രംഗസ്വാമി അയ്യങ്കാരും ഒക്കെ കൂടിയാലോചിച്ച് ഒരു വാർത്തയുണ്ടാക്കിയതാവാനും സാദ്ധ്യതയുണ്ട്.

ഇക്കഴിഞ്ഞ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാള സിനിമയോട് ആദരസൂചകമായി സിഗ്നേച്ചര്‍ ഫിലിം തയ്യാറാക്കിയിരുന്നു. ഇതില്‍ എ വിഗതകുമാരനെ കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ലാഞ്ഞതിനെ തുടര്‍ന്ന് അന്ന് ഇത് വിവാദമായിരുന്നു. സെന്റിമെന്റല്‍ സെല്ലുലോയിഡ് എന്ന് പേരിട്ട 56സെക്കന്റ് ദൈര്‍ഘ്യമുള്ള സിഗ്നേച്ചര്‍ ഫിലിം തയ്യാറാക്കിയത് ടികെ രാജീവ് കുമാറായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ വിവാദത്തിനും മലയാള സിനിമാ രംഗത്ത് തിരികൊളുത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here