Advertisement

റഹ്മാനും മലയാള സിനിമയും തമ്മില്‍…

May 5, 2018
Google News 2 minutes Read

നെല്‍വിന്‍ വില്‍സണ്‍

തന്റെ പ്രതിഭ കൊണ്ട് ലോകത്തിലെമ്പാടും ആരാധകരെ സൃഷ്ടിച്ച എ.ആര്‍. റഹ്മാന്‍ മലയാള സിനിമയ്ക്ക് വേണ്ടി തന്റെ സംഗീത മാന്ത്രികത അധികം വിനിയോഗിച്ചിട്ടില്ലെന്ന സത്യം ഏറെ ദുഃഖത്തോടെയാണ് അദ്ദേഹത്തിന്റെ ആരാധകരായ മലയാളികള്‍ ഇന്നും ഓര്‍ക്കുന്നത്. അതിനാല്‍ തന്നെ, കാല്‍നൂറ്റാണ്ടിനപ്പുറം റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക് എന്ന വാര്‍ത്ത കുറച്ച് നാളുകള്‍ക്ക് മുന്‍പ് പുറത്തുവന്നപ്പോള്‍ മലയാളികള്‍ ഏറെ സന്തോഷിച്ചു. ബ്ലെസി സംവിധാനം ചെയ്യാന്‍ പോകുന്ന ആടുജീവിതത്തിലൂടെ താന്‍ വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നു എന്ന വാര്‍ത്ത സാക്ഷാല്‍ റഹ്മാന്‍ തന്നെയാണ് പുറത്തുവിട്ടത്. ആ വാര്‍ത്തകള്‍ സത്യമാകുകയാണെങ്കില്‍, 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എ.ആര്‍. റഹ്മാന്‍ മലയാള സിനിമയുടെ ഭാഗമാകാന്‍ എത്തുന്നത്. എന്നാല്‍, അതിന് മുന്‍പ് മലാളികള്‍ക്ക് റഹ്മാന്റെ സംഗീത വിരുന്ന് ആസ്വദിക്കാന്‍ ഒരു അവസരം ഒരുക്കുകയാണ് ഫ്ളവേഴ്സ് ചാനല്‍. മെയ് 12 ന് എറണാകുളത്തെ ഇരുമ്പനം ഗ്രൗണ്ടില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി ‘എ.ആര്‍. റഹ്മാന്‍ ഷോ’ ചരിത്രത്തിലിടം നേടാന്‍ ഒരുങ്ങുകയാണ്.

റഹ്മാന്റെ യോദ്ധ…

1992 ല്‍ സംഗീത് ശിവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘യോദ്ധ’യിലൂടെയാണ് എ.ആര്‍. റഹ്മാന്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. ‘യോദ്ധ’ ജനങ്ങള്‍ ഏറ്റെടുത്തു. മോഹന്‍ലാലും ജഗതി ശ്രീകുമാറും യോദ്ധയിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറവും യോദ്ധ എന്ന സിനിമ ഓര്‍ത്തിരിക്കുന്നതു പോലെ സിനിമയിലെ ഗാനങ്ങളെയും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നു. റഹ്മാന്‍ സംഗീതം നല്‍കിയ യോദ്ധയിലെ ഗാനങ്ങള്‍ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ട്രാക്കുകളാണ്. യേശുദാസും എം.ജി. ശ്രീകുമാറും ഒന്നിച്ച് ആലപിച്ച ‘പടകാളി…’ എന്നാരംഭിക്കുന്ന ഗാനം ഇന്നും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട അടിച്ചുപൊളി പാട്ടാണ്. സിനിമയുടെ തീം മ്യൂസിക്ക് അടക്കം നാല് ഗാനങ്ങളാണ് റഹ്മാന്‍ യോദ്ധയില്‍ ചെയ്തിരിക്കുന്നത്.

റഹ്മാന്റെ കയ്യൊപ്പ് റാംജിറാവിലും…

യോദ്ധ പുറത്തിറങ്ങിയിട്ട് 25 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പക്ഷേ, റഹ്മാന്റെ ഈണത്തില്‍ മറ്റൊരു മലയാള സിനിമ ഗാനം ഈ കാലമത്രയും പുറത്തിറങ്ങിയിട്ടില്ല. റഹ്മാന് മലയാള സിനിമയില്‍ എടുത്ത് പറയാന്‍ യോദ്ധ മാത്രമാണ് ഉള്ളതെങ്കിലും സിദ്ധിഖ് ലാല്‍ ചിത്രം റാംജിറാവ് സ്പീക്കിംഗില്‍ റഹ്മാന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുള്ള കാര്യം ഇന്നും പല മലയാളികള്‍ക്കും അറിയില്ല. സംവിധായകനായ സിദ്ധിഖ് ഇക്കാര്യം പുറത്ത് പറഞ്ഞപ്പോഴാണ് എല്ലാവരും റഹ്മാന്റെ കയ്യൊപ്പ് പതിഞ്ഞ റാംജിറാവ് സ്പീക്കിംഗിലെ ആ ഗാനത്തെ തേടിയിറങ്ങിയത്. ആ ഗാനം ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടത് തന്നെ.

മന്നാര്‍ മത്തായിയും, ഗോപാലകൃഷ്ണനും, ബാലകൃഷ്ണനും ചേര്‍ന്ന് സിനിമയുടെ ക്ലൈമാക്‌സില്‍ വേഷം മാറി പോരാട്ടത്തിനിറങ്ങുമ്പോള്‍ കേള്‍ക്കുന്ന ആ ഗാനമാണ് റാംജിറാവ് സ്പീക്കിംഗില്‍ റഹ്മാന്റെ കയ്യൊപ്പ് പതിഞ്ഞ ഗാനം. ‘കളിക്കളം..ഇത് കളിക്കളം.. ‘എന്നാരംഭിക്കുന്ന സിനിമയിലെ ക്ലൈമാക്‌സ് ഗാനത്തിന് സംഗീതം ഒരുക്കിയത് സാക്ഷാല്‍ എ.ആര്‍. റഹ്മാനാണ്.

സംവിധായകന്‍ സിദ്ധിഖ് പറയുന്നു..

ഒരു പശ്ചാത്തല സംഗീതം മാത്രമായി വിഭാവനം ചെയ്തതിനെ ഒരു പാട്ടിന്റെ രൂപത്തിലേക്ക് എത്തിക്കുകയായിരുന്നു എന്ന് സംവിധായകന്‍ സിദ്ധിഖ് പിന്നീട് പറഞ്ഞു. കളിക്കളം..എന്നാരംഭിക്കുന്ന ആ ഗാനത്തിന് പിന്നില്‍ റഹ്മാന്റെ സാന്നിധ്യം വന്നതെങ്ങനെയാണെന്ന് സംവിധായകന്‍ സിദ്ധിഖ് പറയുന്നത് ഇങ്ങനെ: “പശ്ചാത്തലസംഗീതം മാത്രമായി ഉദ്ദേശിച്ചതിനെ പിന്നീട് ഇത്തരത്തിലൊരു ഗാനമാക്കുകയായിരുന്നു. ബിച്ചു തിരുമലയുടെ വരികള്‍ക്ക് എസ്. ബാലകൃഷ്ണന്‍ സംഗീതം നല്‍കിയ ശേഷം പാട്ടിന്റെ റെക്കോര്‍ഡിംഗിന് വേണ്ടി എത്തിയപ്പോള്‍ കാര്യമായ ഓര്‍ക്കസ്ട്ര സംവിധാനങ്ങളൊന്നും അവിടെ കണ്ടില്ല. ഓര്‍ക്കസ്ട്ര സംവിധാനം ഇല്ലേ എന്ന് ചോദിച്ചപ്പോള്‍ എസ്. ബാലകൃഷ്ണന്‍ ഒരു പയ്യനെ ചൂണ്ടിക്കാണിച്ച് പറഞ്ഞത് കാര്യമായ ഓര്‍ക്കസ്ട്രയുടെ ആവശ്യമില്ല, പശ്ചാത്തലത്തിലുളള സംഗീതമായതിനാല്‍ ഒരു കീബോര്‍ഡ് മാത്രം മതിയെന്നായിരുന്നു. ആ കീബോര്‍ഡ് വായിക്കാന്‍ ഒരു കൊച്ചുപയ്യന്‍ അന്ന് തയ്യാറായി നില്‍ക്കുന്നു. ഉയരം കുറഞ്ഞ്, വണ്ണത്തില്‍ ഒരു കൊച്ചുപയ്യന്‍. ആ പയ്യനാണ് കളിക്കളം…എന്ന ഗാനത്തിന് കീബോര്‍ഡ് വായിച്ചത്. ആ പയ്യന്റെ അന്നത്തെ പേര് ദിലീപ് എന്നായിരുന്നു. ഇന്ന് ആ കൊച്ചുപയ്യനാണ് എ.ആര്‍. റഹ്മാന്‍ എന്ന അതുല്യപ്രതിഭയായി വളര്‍ന്ന് വലുതായിരിക്കുന്നത്”. അന്ന് ദിലീപ് എന്ന കൊച്ചുപയ്യന്‍ കീബോര്‍ഡ് വായിച്ചപ്പോള്‍ ശിവമണി ഡ്രംസ് വായിച്ചു. എല്ലാവരും യോദ്ധയെ ഓര്‍ക്കുമ്പോള്‍ റാംജിറാവ് സ്പീക്കിംഗിലെ ഈ ഗാനത്തെ മറന്ന് പോകുന്നു.

മലയാളത്തില്‍ നിന്ന് ആരംഭം…

ആര്‍.കെ. ശേഖറും റഹ്മാനും (ഫോട്ടോ) 

മലയാളത്തില്‍ എണ്ണിയെടുത്ത് പറയാന്‍ മാത്രം റഹ്മാന്‍ എന്ന സംഗീതമാന്ത്രികന് സ്വന്തമായി സൃഷ്ടികള്‍ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ സംഗീത ജീവിതത്തില്‍ മലയാള സിനിമയും പാട്ടുകളും ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി സംഗീതം ഒരുക്കിയിരുന്ന പിതാവായ ആര്‍.കെ. ശേഖറിനൊപ്പമാണ്
റഹ്മാന്‍ സംഗീത ജീവിതത്തില്‍ പിച്ചവെക്കാന്‍ ആരംഭിച്ചത്. അച്ഛന്‍ തയ്യാറാക്കുന്ന ഗാനങ്ങള്‍ കേട്ടും അതിനെ ധ്യാനിച്ചും സംഗീതത്തില്‍ ഉപാസന ചെയ്യാന്‍ ആരംഭിച്ച റഹ്മാന്റെ ജീവിതത്തില്‍ മലയാള സിനിമയും ഗാനങ്ങളും ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നത് പരമാര്‍ത്ഥമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here