ജിഷ്ണു കേസ്; മൊഴി നല്‍കിയതിന് മാനേജുമെന്റ് തോല്‍പ്പിച്ച കുട്ടികള്‍ക്ക് പുനഃപരീക്ഷയില്‍ വിജയം

നെഹ്റു കോളേജ് മാനേജുമെന്റ് മനപ്പൂർവ്വം തോൽപ്പിച്ചതായി കണ്ടെത്തിയ വിദ്യാർത്ഥികൾക്ക് പുന:പരീക്ഷയിൽ വിജയം. പാമ്പാടി നെഹ്റു കോളേജിലെ അതുൽ ജോസ്, മുഹമ്മദ് ആഷിക് എന്നിവരാണ് ആരോഗ്യ സർവ്വകലാശാല നേരിട്ട് പ്രായോഗിക പരീക്ഷ നടത്തിയപ്പോൾ വിജയിച്ചത്. ജിഷ്ണു പ്രണോയ് കേസിലെ സാക്ഷികളായ വിദ്യാർത്ഥികളെ കോളേജ് മനപ്പൂർവ്വം തോൽപ്പിച്ചെന്ന വാർത്ത ട്വന്റിഫോറാണ് പുറത്തു കൊണ്ടുവന്നത് .
ഡിസംബർ 31 നും ജനുവരി ഒന്നിനും കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് വീണ്ടും പ്രാക്ടിക്കൽ പരീക്ഷ നടത്തിയപ്പോഴാണ് പാമ്പാടി നെഹ്റു കോളേജിലെ ഫാർമസി വിദ്യാർത്ഥികളായ അതുൽ ജോസും മുഹമ്മദ് ആഷികും വിജയിച്ചത്. ആകെയുള്ള എഴുപത് മാർക്കിൽ അതുൽ 43 ഉം ആഷിക് 52 ഉം മാർക്ക് നേടി. 35 മാർക്കാണ് ജയിക്കാൻ വേണ്ടിയിരുന്നത്. ക്രമക്കേട് കാട്ടിയ അധ്യാപകർക്കെതിരെ നടപടി വേണമെന്നാണ് വിദ്യാർത്ഥികളുടെ ഇനിയുള്ള ആവശ്യം.
ജിഷ്ണു പ്രണോയ് കേസിൽ സിബിഐയ്ക്ക് മൊഴി കൊടുത്ത വിദ്യാർത്ഥികളെ പ്രാക്ടിക്കൽ പരീക്ഷയിൽ മനപ്പൂർവ്വം തോൽപ്പിച്ചതിന്റെ തെളിവുകൾ ’24’ പുറത്തു കൊണ്ടുവന്നിരുന്നു. ആരോഗ്യ സർവ്വകലാശാല നടത്തിയ അന്വേഷണത്തിലും ഇക്കാര്യം വ്യക്തമായി. ഇതിനെ തുടർന്നാണ് മറ്റേതെങ്കിലും കേന്ദ്രത്തിൽ വെച്ച് സർവ്വകലാശാലയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പരീക്ഷ നടത്താൻ തീരുമാനിച്ചത്. ജിഷ്ണു പ്രണോയ് മരിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോഴും കോളേജ് പ്രതികാര നടപടി തുടരുന്നതിന്റെ ആശങ്കയിലാണ് വിദ്യാർത്ഥികൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here