മുനമ്പം മനുഷ്യക്കടത്ത് മുന്‍കൂര്‍ അറിഞ്ഞിട്ടും പൊലീസ് അവഗണിച്ചു; നിര്‍ണ്ണായക വിവരങ്ങള്‍ 24 ന്

മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. എഴുപതോളം പേര്‍ മത്സ്യബന്ധനബോട്ടില്‍ രക്ഷപ്പെടുമെന്ന വിവരം അറിഞ്ഞിട്ടും പൊലീസും സുരക്ഷാ സേനയും അവഗണിച്ചു എന്ന നിര്‍ണ്ണായക വിവരമാണ് 24 പുറത്തുവിടുന്നത്. ബോട്ടില്‍ കടന്നവരുമായി ബന്ധമുള്ള നാഥുറാം എന്ന ആളാണ് പൊലീസിനെ വിവരം മുന്‍കൂട്ടി അറിയിച്ചത്. യാത്രയ്ക്ക് തൊട്ടുമുന്‍പ് നാവികസേനയ്ക്കും കോസ്റ്റ് ഗാര്‍ഡിനും വിവരം കൈമാറിയിരുന്നു.
ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് മുനമ്പത്തു നിന്നും എഴുപതോളം പേര്‍ രക്ഷപ്പെട്ടത്. ഭാര്യ ഉള്‍പ്പെടെയുള്ളവരെ മുനമ്പത്തു നിന്നും കടത്താന്‍ മനുഷ്യക്കടത്തിന് ചുക്കാന്‍ പിടിച്ച ശ്രീകാന്ത് ശ്രമിച്ചിരുന്നതായി നാഥുറാം വെളിപ്പെടുത്തി. ശ്രീകാന്തിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ താന്‍ അത് പ്രകടിപ്പിച്ചുവെന്നും തുടര്‍ന്ന് മറ്റുള്ളവരുമായി ശ്രീകാന്ത് കടന്നുകളയുകയായിരുന്നുവെന്നും നാഥുറാം പറഞ്ഞു. ഇതിന് പിന്നാലെ ആറ് മണിയോടെ പനങ്ങാട്, മട്ടാഞ്ചേരി, എറണാകുളം ട്രാഫിക് പൊലീസ് സ്റ്റേഷനുകളില്‍ വിവരമറിയിച്ചു. ഹിന്ദിയിലാണ് സംസാരിച്ചത്. അത് പൊലീസുകാര്‍ക്ക് മനസിലായില്ല. തുടര്‍ന്ന് മറ്റൊരു നമ്പര്‍ നല്‍കുകയും അതില്‍ ബന്ധപ്പെടാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നുവെന്നും നാഥുറാം 24 നോട് പറഞ്ഞു. പൊലീസ് നല്‍കിയ നമ്പറില്‍ ബന്ധപ്പെടുകയും തുടര്‍ന്ന് സംഭവങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ ഒഴുക്കന്‍ മട്ടിലായിരുന്നു പൊലീസിന്റെ പ്രതികരണം.
കഴിഞ്ഞദിവസം അംബേദ്കര്‍ കോളനിയില്‍ ഉള്‍പ്പെടെ എത്തി പൊലീസ് ആളുകളുടെ മൊഴിയെടുത്തിരുന്നു. എന്നാല്‍ നാഥുറാമില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനോ മൊഴിയെടുക്കാനോ പൊലീസ് തയ്യാറായില്ല. മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പൊലീസിന്റെ കൃത്യവിലോപനം വ്യക്തമാക്കുന്നതാണ് നിലവില്‍ പുറത്തുവന്നിരിക്കുന്ന വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here