കേരളാ കോണ്‍ഗ്രസിനെ പൂട്ടാന്‍ കോട്ടയം മണ്ഡലത്തില്‍ നേരിട്ട് മത്സരിക്കാനൊരുങ്ങി സിപിഎം

കോട്ടയം ലോക്‌സഭാ മണ്ഡലം തിരികെ വാങ്ങി നേരിട്ട് മത്സരിക്കാനൊരുങ്ങി സിപിഐഎം ജില്ലാ നേതൃത്വം. നേരിട്ട് മത്സരിച്ചാല്‍ ഇക്കുറി സാഹചര്യങ്ങള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ്, ഘടക കക്ഷിയായ ജനതാദളില്‍ നിന്ന് സീറ്റ് മടക്കി വാങ്ങാന്‍ ആലോചന തുടങ്ങിയത്.
കാലാവധി പൂര്‍ത്തിയാകും മുമ്പേ മണ്ഡലം ഉപേക്ഷിച്ച് രാജ്യസഭാ സീറ്റിനു പിന്നാലെ പോയ ജോസ്.കെ.മാണിയുടെ നിലപാടാകും ഇക്കുറി ഇടതു മുന്നണിയുടെ പ്രചാരണ ആയുധം. സി.പിഐ.എം നേരിട്ട് മത്സരിച്ചിരുന്ന കോട്ടയം ലോക്‌സഭ സീറ്റ് കഴിഞ്ഞ തവണയാണ് പതിവിന് വിരുദ്ധമായി ഘടകകക്ഷിക്ക് കൈമാറിയത്. ജനതാദളില്‍ നിന്നും മാത്യു. ടി തോമസാണ് മത്സര രംഗത്തിറങ്ങിയതെങ്കിലും ജനവിധി അനുകൂലമായില്ല.
Read Also: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഷാനിമോള്‍ ഉസ്മാനും?
കേരള കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണെങ്കിലും, നേരിട്ട് മത്സരിച്ചാല്‍ ഇക്കുറി വിജയം ഉറപ്പാണെന്ന വിലയിരുത്തലിലാണ് സിപിഐഎം ജില്ലാ നേതൃത്വം. ഇതോടെ ജനതാദളില്‍ നിന്ന് സീറ്റ് തിരികെ വാങ്ങാനുള്ള ആലോചനകളാണ് അണിയറയില്‍ നടക്കുന്നത്.
Read Also: കോണ്‍ഗ്രസ് തേടുന്നത് ഇന്ദിരയുടെ പിന്‍ഗാമിയെയോ?
കാലാവധി അവസാനിക്കും മുമ്പേ രാജ്യസഭാ സീറ്റ് ലഭ്യമായതോടെ മണ്ഡലത്തെ തഴഞ്ഞു പോയ ജോസ് കെ മാണിയുടെ സ്വാര്‍ത്ഥ നീക്കത്തെ പ്രചാരണ ആയുധമാക്കാനാണ് ഇടതു മുന്നണിയുടെ നീക്കം. സമ്മര്‍ദ്ദ തന്ത്രത്തിലൂടെ രാജ്യസഭാ സീറ്റ് വാങ്ങിയെടുത്ത കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനെതിരെ കോണ്‍ഗ്രസിനുള്ളിലും അതൃപ്തിയുണ്ട്. ഈ സാഹചര്യം അനുകൂലമാക്കാന്‍ സിപിഐഎം ശ്രമം തുടങ്ങിക്കഴിഞ്ഞു.
മണ്ഡലം ഏത് കക്ഷിക്കെന്ന തീരുമാനം സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഉണ്ടാകുംവരെ പരസ്യമായി രംഗത്തിറങ്ങില്ലെങ്കിലും, താഴേ തട്ടില്‍ മുതല്‍ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കാന്‍ എല്‍ഡിഎഫ് ജില്ലാ നേതൃ യോഗത്തില്‍ ധാരണയായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here