കോണ്‍ഗ്രസ് തേടുന്നത് ഇന്ദിരയുടെ പിന്‍ഗാമിയെയോ?

നിലനില്‍പ്പ് വെല്ലുവിളിയ്ക്കപ്പെടുന്ന ഘട്ടത്തില്‍ ഇന്ദിരയിലേക്ക് മടങ്ങാനുള്ള തീരുമാനം കൂടിയാണ് കോണ്‍ഗ്രസ് കഴിഞ്ഞദിവസം കൈക്കൊണ്ടത്. പ്രിയങ്കാ ഗാന്ധി ആയിരിക്കും തന്റെ രാഷ്ട്രീയ പിന്‍ഗാമിയെന്ന് ഇന്ദിരാഗാന്ധി തന്നെ വെളിപ്പെടുത്തിയിരുന്നതായി അവരുടെ വിശ്വസ്തര്‍ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം, ഇന്ദിരാഗാന്ധിയുടെ ഈ നിലപാടിനെ സോണിയ ഗാന്ധിയായിരുന്നു അംഗീകരിക്കാതിരുന്നത്.
‘ചിനാര്‍ ലീവ്‌സ്’ ഇന്ദിരാഗാന്ധിയുടെ എറ്റവും അടുത്ത അനുയായിയായ എ.എല്‍ ഫെട്ടേദാര്‍ എഴുതിയ പുസ്തകമാണ്. ഇതില്‍ തന്റെ പിന്‍ഗാമി പ്രിയങ്ക ആയിരിയ്ക്കും എന്ന് ഇന്ദിരാഗാന്ധി വിശ്വസിച്ചിരുന്നതായി ഫെട്ടേദാര്‍ സാക്ഷ്യപ്പെടുത്തുന്നു. തന്നോടും അടുത്ത അനുയായികളായ മറ്റ് ചിലരോടും ഇന്ദിരാഗാന്ധി തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നാണ് ചിന്നാര്‍ ലീവ്‌സില്‍ ഫെട്ടേദാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഇന്ദിരയുടെ താത്പര്യത്തിന് തടസം സോണിയാ ഗാന്ധി ആയിരുന്നു. രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം ഇന്ദിരയുടെ ഈ ആഗ്രഹം അംഗീകരിയ്ക്കണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോഴും സോണിയ ഗാന്ധി മുഖം തിരിച്ചെന്ന് ഫെട്ടേദാര്‍ ചീനാര്‍ ലീവ്‌സില്‍ സാക്ഷ്യപ്പെടുത്തുന്നു. 2005 ല്‍ ഇറങ്ങിയ പുസ്തകത്തിലെ പരാമര്‍ശങ്ങളെ ഇന്നുവരെയും സോണിയഗാന്ധി ചോദ്യം ചെയ്തിട്ടില്ല. അതായത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ദിരയുടെ അഭിപ്രായത്തിലേയ്ക്കാണ് കോണ്‍ഗ്രസ് ഇന്ന് തിരിച്ചു നടക്കുന്നത്.
തനിയ്ക്കുള്ളതിന് സമാനമായുള്ള നിശ്ചയദാര്‍ഢ്യം പ്രിയങ്കയ്ക്കും പാര്‍ട്ടിയെ നയിക്കാന്‍ സഹായകരമാകും എന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ നിഗമനം. 2014 ലെ ലോകസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം പ്രിയങ്കാഗാന്ധിയെ സജീവരാഷ്ട്രിയത്തില്‍ ഇറക്കണമെന്ന ആവശ്യം കോണ്‍ഗ്രസ്സിലും ഉയര്‍ന്നിരുന്നു. അന്ന് സംഘടനാ ചുമതല വഹിച്ച ജനാര്‍ദ്ധന്‍ ദ്വിവേദിയാണ് ഇക്കാര്യം ഉന്നയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here