വഖഫ് ബിൽ: പ്രിയങ്കയുടെ അഭാവത്തിനും രാഹുലിന്റെ മൗനത്തിനും പിന്നിലെ യുപി ഫാക്ടർ

വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി മൗനം പാലിച്ചത് ? ബന്ധുവിന്റെ ചികിൽസയെന്നു പറഞ്ഞ് വിദേശത്തേക്ക് പോയ പ്രിയങ്ക ഗാന്ധി സഭയിൽ എത്തേണ്ടതല്ലായിരുന്നോ? ഈ ദിവസങ്ങളിൽ ഉയർന്നുകേൾക്കുന്ന രണ്ട് പ്രധാനപ്പെട്ട ചോദ്യങ്ങളാണിവ. വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചർച്ചകൾക്ക് നേതൃത്വം നൽകേണ്ടിയിരുന്ന രാഹുൽ ഗാന്ധി സഭയിൽ മൗനം പാലിച്ചതിൽ ഒരു വിഭാഗം കോൺഗ്രസ് എംപിമാർക്ക് പോലും എതിർപ്പുണ്ട്. ഇന്ത്യാ സഖ്യ നേതാക്കൾക്കിടയിലും രാഹുലിന്റെ നിലപാടിനോട് കടുത്ത വിയോജിപ്പ് ഉയർന്നെങ്കിലും കോൺഗ്രസും രാഹുലും ഇതിൽ വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിട്ടില്ല.
വഖഫ് ഭേദഗതി പാർലമെന്റിൽ ചർച്ചചെയ്യുന്ന അവസരത്തിലും വോട്ടെടുപ്പിലും കോൺഗ്രസ് എം പി മാർക്ക് വിപ്പ് നൽകിയിരുന്നു. എന്നിട്ടും ഏറ്റവും പ്രധാനപ്പെട്ട അംഗമായ പ്രിയങ്ക വിദേശത്തേക്ക് പോയ്ത് മനപൂർവ്വമാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. വഖഫ് ബില്ലിൽ ചൂടേറിയ ചർച്ചകളും ചൂടേറിയ വാദപ്രതിവാദങ്ങളും അരങ്ങേറുമ്പോൾ കേരളത്തിന്റെ പ്രതിനിധിയായി ചർച്ചകളിൽ പങ്കെടുക്കേണ്ട പ്രിയങ്ക സഭയിൽ നിന്ന് വിട്ടുനിന്നതിലുള്ള പ്രതിഷേധം വിവിധ മുസ്ലിംസംഘടനകൾ വ്യക്തമാക്കിക്കൊണ്ടിരിക്കയാണ്. കേരളത്തിൽ മുനമ്പം വിഷയം ഉയർന്നതോടെയാണ് വഖഫ് ഭേദഗതി ബിൽ പ്രധാന ചർച്ചാവിഷയമായത്. ഇതിൽ ഇരുവിഭാഗങ്ങളും യുഡിഎഫിന് വേണ്ടപ്പെട്ടവരാണ്. കേരളത്തിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മുനമ്പം വിഷയം രാഷ്ട്രീയ തിരിച്ചടിക്ക് കാരണമാവരുതെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്.
വരാനിരിക്കുന്ന യു പി തിരഞ്ഞെടുപ്പാണ് രാഹുലിനെ ചർച്ചയിൽ മൗനം പാലിക്കാൻ പ്രേരിപ്പിച്ച മറ്റൊരു ഘടകമെന്നാണ് പുറത്തുവരുന്ന വിവരം. വയനാട്ടിൽ ആദ്യം മത്സരിക്കാനെത്തിയപ്പോൾ തിരഞ്ഞെടുപ്പ് റാലിയിലെ മുസ്ലിംലീഗിന്റെ കൊടികൾ ചൂണ്ടിക്കാട്ടി സംഘപരിവാർ രാഹുലിനെതിരെ ഉത്തരേന്ത്യയിൽ വലിയ പ്രചാരണം അഴിച്ചുവിട്ടിരുന്നു. രണ്ടാം തവണ രാഹുൽ മത്സരിക്കാനെത്തിയപ്പോൾ റാലികളിൽ മുസ്ലിംലീഗിന്റെ കൊടി ഉപയോഗിച്ചിരുന്നില്ല. അതും ദേശീയ തലത്തിൽ ചർച്ചയായിരുന്നു. എന്നാൽ റായ്ബറേലിയിൽ മത്സരിക്കാൻ നിശ്ചയിച്ചിരുന്ന രാഹുൽ വയനാട് തിരഞ്ഞെടുപ്പിൽ വളരെ തന്ത്രപൂർവമാണ് നീങ്ങിയത്.
യു പിയിൽ ഉടൻ നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്- എസ് പി സഖ്യം വലിയ പ്രതീക്ഷയിലാണ്. ഇത്തരമൊരു സാഹചര്യത്തിൽ വഖഫ് ബില്ലിൽ രാഹുലും പ്രിയങ്കയും മൗനം പാലിക്കുന്നതാണ് രാഷ്ട്രീയമായി ഗുണം ചെയ്യുകയെന്ന തിരിച്ചറിവാണ്
ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എംപിയായ ശേഷം പാർലമെന്റിൽ ശോഭിക്കാൻ പ്രിയങ്കയ്ക്ക് ലഭിക്കുന്ന ആദ്യ അവസരമായിരുന്നു വഖഫ് ഭേദഗതി ബില്ലിലുള്ള ചർച്ച. എന്നാൽ പ്രിയങ്കയോ, രാഹുൽ ഗാന്ധിയോ ഈ വിഷയത്തെ ഗൗരവതരമായല്ല കണ്ടതെന്നാണ് മുസ്ലിം സംഘടനകളുടെ ആരോപണം. സമസ്തയുടെ മുഖപത്രമായ സപ്രഭാതം എഡിറ്റോറിയലിൽ പ്രിയങ്ക സഭയിൽ എത്താത്തിനെ അതിനിശിതമായ ഭാഷയിലാണ് വിമർശിക്കുന്നത്. സിപിഐഎം നേതാക്കളായ വൃന്ദാകാരാട്ട്, എളമരം കരീം തുടങ്ങിയവരും രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ലീഗ് നേതാക്കൾ രാഹുൽ ഗാന്ധിയേയും പ്രിയങ്കയേയും പരസ്യമായി നേരിട്ടുകൊണ്ട് രംഗത്തെത്തിയിരുന്നില്ല. അടുത്ത ബന്ധുവിന്റെ ചികിൽസയുമായി ബന്ധപ്പെട്ട് പ്രിയങ്ക വിദേശത്താണെന്നാണ് കോൺഗ്രസ് നൽകുന്ന വിശദീകരണം. അപ്പോഴും രാഹുൽ എന്തുകൊണ്ടാണ് മൗനം പാലിച്ചതെന്നതിന് വ്യക്തമായ മറുപടി കോൺഗ്രസ് നൽകിയിട്ടില്ല.
കോൺഗ്രസ് – എസ് പി സഖ്യത്തിന് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു പിയിൽ വൻ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിരുന്നു. യു പിയിൽ രണ്ടാം ടേമിൽ ബിജെപിയിൽ രൂക്ഷമായ അഭിപ്രായ ഭിന്നത രൂപംകൊണ്ടതും, യോഗി ആദിത്യനാഥിനെതിരെ ശക്തമായ നിലപാടുമായി പാർട്ടിയിലെ ഒരുവിഭാഗം രംഗത്തുവന്നതും പ്രതിപക്ഷം അനുകൂല ഘടകങ്ങളായി വിലയിരുത്തുന്നു. ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ യു പിയിൽ കടുത്ത പ്രതിഷേധം ഉടലെടുത്ത സാഹചര്യം മുതലാക്കി ബി ജെ പിക്ക് കനത്ത തിരിച്ചടി നൽകാനുള്ള നീക്കത്തിലാണ് രാഹുൽ ഗാന്ധി. വഖഫ് പ്രശ്നത്തിൽ ഇടപെട്ടാൽ ബി ജെ പി വീണ്ടും രാഹുലിനെതിരെ നീങ്ങാനുള്ള സാധ്യത കോൺഗ്രസിന് വ്യക്തമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ നഷ്ടമായ അമേത്തി ഇത്തവണ കോൺഗ്രസ് തിരിച്ചുപിടിച്ചിരുന്നു. സമാജ്വാദി പാർട്ടി 37 സീറ്റും കോൺഗ്രസ് ആറ് സീറ്റും നേടി. ഭരണ കക്ഷിയായ ബി ജെ പി 33 സീറ്റിൽ ഒതുങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ട്രെൻഡ് നിലനിർത്താനുള്ള നീക്കത്തിലാണ് കോൺഗ്രസും എസ് പിയും.
Story Highlights : why rahul and priyanka keep silence on waqf bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here