റിപ്പബ്ലിക് ദിന റാലിയില്‍ താമരച്ചിത്രമുള്ള പ്ലക്കാര്‍ഡുകള്‍; പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു

റിപ്പബ്ലിക് ദിന റാലിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ കൈയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു ചിഹ്നം പ്ലക്കാര്‍ഡില്‍ പതിച്ചു നല്‍കിയതായി രക്ഷിതാക്കളുടെ പരാതി. താമരശ്ശേരി തേറ്റാമ്പുറം മലര്‍വാടി അംഗന്‍വാടിയില്‍ ഇന്നലെ നടന്ന റിപ്പബ്ലിക് ദിന റാലിയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് പ്ലക്കാര്‍ഡായി നല്‍കിയത് ബി.ജെ.പി തെരഞ്ഞെടുപ്പു പ്രചരണത്തിന് ഉപയോഗിക്കുന്ന കാവി നിറമുള്ള താമരയാണെന്നാണ് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ദേശീയപുഷ്പം എന്ന നിലയിൽ താമരയുടെ ചിത്രം ഉപയോഗിച്ചതിൽ തെറ്റില്ലെന്ന വാദവുമായി ബി ജെ പി പ്രവർത്തകർ എതിർപ്രചരണവും നടത്തി.
സംഭവം വിവാദമായതോടെ സാമൂഹ്യക്ഷേമവകുപ്പ് ഉദ്യോഗസ്ഥർ താമരശ്ശേരി തേറ്റാമ്പുറം അങ്കണവാടിയിലെത്തി തെളിവെടുപ്പ് നടത്തി. ഇതിനിടെയാണ് ബിജെപി – സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. ഉദ്യോഗസ്ഥരോട് പരാതി പറയാനെത്തിയ സിപിഎം പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകർ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ആയുധവുമായെത്തിയ ബിജെപി പ്രവർത്തകരെ നാട്ടുകാർ ചേർന്ന് തടഞ്ഞു.
എന്നാൽ തങ്ങൾക്ക് റാലിയുമായി ബന്ധമില്ലെന്ന് അങ്കണവാടി ജീവനക്കാർ പറഞ്ഞു. പതാക ഉയർത്തലിന് ശേഷം പരിപാടികൾ അവസാനിപ്പിച്ചിരുന്നെന്നും റാലി നടന്നപ്പോൾ തങ്ങൾ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും ജീവനക്കാർ വിശദീകരിച്ചു.
ബിജെപി സ്വാധീനമേഖലയിൽ പാർട്ടി അനുഭാവികളായ രക്ഷിതാക്കൾ പ്ലക്കാർഡുകൾ തയ്യാറാക്കി റാലിയിൽ ഉപയോഗിക്കുകയായിരുന്നെന്ന് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here