മൂന്നാറിലെ അനധികൃത നിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ

മൂന്നാറിലെ അനധികൃത നിര്‍മ്മാണത്തിന് സ്റ്റേ. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. മൂന്നാറിലെ സിപിഐ പ്രാദേശിക നേതാവ് എം വൈ ഔസേപ്പ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
മൂന്നാറിലെ കെട്ടിട നിര്‍മ്മാണം നിയമം ലംഘിച്ചാണെന്ന് ഔസേപ്പ് ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു. അനധികൃത നിര്‍മ്മാണം അടിയന്തരമായി നിര്‍ത്തിവെയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പാര്‍ക്കിങ് ഏരിയക്ക് വേണ്ടി കണ്ണന്‍ ദേവന്‍ കമ്പനി നല്‍കിയ സ്ഥലമാണിതെന്നും അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പഞ്ചായത്തിന് അധികാരമില്ലെന്നും ഔസേപ്പ് ചൂണ്ടിക്കാട്ടി. ഔസേപ്പിന്റെ ഹര്‍ജി പരിഗണിച്ച വേളയില്‍ സര്‍ക്കാരും നിലപാട് വ്യക്തമാക്കി. മൂന്നാറിലെ കെട്ടിട നിര്‍മ്മാണം അനധികൃതമെന്ന് പറഞ്ഞ സര്‍ക്കാര്‍ സബ് കളക്ടര്‍ രേണു രാജ് നല്‍കിയ റിപ്പോര്‍ട്ടിനെ പിന്തുണച്ചു.
മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. മൂന്നാറില്‍ നടക്കുന്നത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എസ് രാജേന്ദ്രന്‍ എം എല്‍ എ ഉള്‍പ്പെടെ അഞ്ച് പേരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ദേവികുളം സബ് കളക്ടര്‍ രേണു രാജിന്റെ റിപ്പോര്‍ട്ടിന്റെ കോപ്പിയും പഞ്ചായത്ത് നടത്തിയ അനധികൃത നിര്‍മ്മാണത്തെക്കുറിച്ചുള്ള വിവരങ്ങളും ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഔസേപ്പിന്റെ ഹര്‍ജിയും സര്‍ക്കാര്‍ നല്‍കിയ ഉപഹര്‍ജിയും ഒരുമിച്ച് പരിഗണിക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ മൂന്നാര്‍ പഞ്ചായത്തിലെ അനധികൃതനിര്‍മ്മാണവുമായി കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സബ് കളക്ടര്‍ അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സ്റ്റോപ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം തുടരുന്ന സാഹചര്യം ചൂണ്ടിക്കാട്ടണം തുടങ്ങിയ കാര്യങ്ങളായിരുന്നു രേണു രാജ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ആദ്യം കോടതിയലക്ഷ്യം ഫയല്‍ ചെയ്യാന്‍ എ ജി തയ്യാറായില്ല. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം നിലപാട് മാറ്റുകയും ഹര്‍ജി നല്‍കാമെന്ന് തീരുമാനിക്കുകയുമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here