ശബരിമലയില്‍ തിരക്ക് കൂടുന്നു; കൂടുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തും

കുംഭമാസപൂജയ്ക്ക് നടന്ന തുറന്നതിനുശേഷമുള്ള ആദ്യ ദിവസങ്ങളെ അപേക്ഷിച്ച് ശബരിമലയിലേക്കുള്ള ഭക്തരുടെ തിരക്ക് വര്‍ധിച്ചു. തിരക്ക് വര്‍ദ്ധിച്ചതോടെ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചിട്ടുണ്ട്. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് 52 ബസുകളാണ് ഇതുവരെ സര്‍വീസ് നടത്തിയിരുന്നത്. തിരക്ക് കൂടിയ സാഹചര്യത്തില്‍ ഇന്ന് വൈകുന്നേരത്തോടെ അഞ്ചു ബസുകള്‍ കൂടി സര്‍വീസ് നടത്തും. രാത്രിയിലെ തിരക്ക് കണക്കിലെടുത്ത് വേണ്ടി വന്നാല്‍ കൂടുതല്‍ ബസുകള്‍ ഉപയോഗിക്കാനാണ് തീരുമാനം. രണ്ട് അവധി ദിവസങ്ങളെത്തുന്നതിനാല്‍ നാളെ മുതല്‍ കൂടുതല്‍ ഭക്തരെത്തുമെന്നാണ് കണക്കു കൂട്ടുന്നത്.
കുംഭമാസ പൂജയുടെ ആദ്യ ദിനം മുതലേ സന്നിധാനത്ത് കാര്യമായ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. ഇതര സംസ്ഥാന തീര്‍ത്ഥാടകരാണ് കൂടുതലും എത്തിയത്. തിരക്കില്ലാത്തതിനാല്‍ വലിയനടപ്പന്തല്‍, മാളികപ്പുറം എന്നിവിടങ്ങളിലെ നിയന്ത്രണം പോലീസ് നീക്കിയിരുന്നു. അതേസമയം യുവതീ പ്രവേശനമുണ്ടാകുമെന്ന് നവോത്ഥാന കേരളം കൂട്ടായ്മയും തടയുമെന്ന് സംഘപരിവാര്‍ സംഘടനകളും പ്രഖ്യാപിച്ചിരിക്കെ പോലീസ് നിരീക്ഷണം ശക്തമായി തുടരുകയാണ്. ആവശ്യമെങ്കില്‍ മാത്രം നിരോധനാജ്ഞ മതിയെന്നാണ് പോലീസ് നിലപാട്.
അതേ സമയം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഇന്നും യുവതി എത്തിയതിനെ തുടര്‍ന്ന് പ്രതിഷേധമുണ്ടായിരുന്നു. ആന്ധ്രാ സ്വദേശിനിയാണ് വന്നത്. മരക്കൂട്ടത്ത് വെച്ച് ഇവരെ തടഞ്ഞു. എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് ഇവര്‍ തിരിച്ചിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസവും ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ തിരിച്ചയച്ചിരുന്നു. 13ന് രാത്രി ഒമ്പത് മണിയോടെയാണ് ആന്ധ്ര സ്വദേശിനികള്‍ സന്നിധാനത്തെത്തിയത്. പോലീസ് ഇടപെട്ടാണ് ഇവരെ തിരിച്ചയച്ചത്. വലിയ നടപന്തലിലെ പ്രതിഷേധത്തെ തുടര്‍ന്നാണ് പോലീസ് യുവതികളെ തിരിച്ചയച്ചത്.
സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തില്‍ കൂടുതല്‍ യുവതികള്‍ ശബരിമലയിലെത്താന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. പ്രതിഷേധമുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് ഇത്തവണ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ സുരക്ഷ ചുമതല 3 എസ്പി മാര്‍ക്കാണ്. പമ്പയിലും നിലക്കലും വനിത പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. യുവതീ പ്രവേശ സാധ്യതയുണ്ടായാല്‍ പ്രതിഷേധം മുന്നില്‍ കണ്ട് മടക്കി അയക്കാനാണ് പോലീസിന്റെ തീരുമാനം.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമലയിലും പരിസര പ്രദേശത്തും നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നട തുറന്ന് സാധ്യത കണക്കിലെടുത്ത് മാത്രം നിരോധനാജ്ഞ മതിയെന്ന നിലപാടാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here