Advertisement

മുൻ പ്രസിഡന്റ് ഇവോ മൊറാലിസിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ബൊളീവിയയിലെ ഇടക്കാല സർക്കാർ

November 23, 2019
Google News 1 minute Read

മുൻ പ്രസിഡന്റ് ഇവോ മൊറാലിസിനെതിരെ ഭീകരപ്രവർത്തനവും രാജ്യദ്രോഹക്കുറ്റവും ചുമത്തി ബൊളീവിയയിലെ ഇടക്കാല സർക്കാർ. തെരുവിൽ പ്രതിഷേധവും ഉപരോധവും നടത്താൻ ആഹ്വാനം ചെയ്യുന്നത് ഭീകരപ്രവർത്തനമാണെന്ന് ആഭ്യന്തര മന്ത്രി അർതുറോ മുറില്ലോ പറഞ്ഞു. മൊറാലിസ് ആഹ്വാനം ചെയ്ത റോഡ് ഉപരോധം നഗരങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളെത്തിക്കുന്നതിന് തടസമായെന്ന് മുറില്ലോ ആരോപിച്ചു.

രാജ്യത്തെ പ്രധാന നഗരമായ ലാ പാസിൽ ഗതാഗതം സ്തംഭിപ്പിച്ച് പ്രതിഷേധിക്കണം എന്ന് ഇവോ മൊറാലിസ് ആഹ്വാനം ചെയ്യുന്ന ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. അത് രാജ്യംവിട്ട് മെക്‌സിക്കോയിൽ അഭയം തേടിയ മൊറാലിസിന്റേതാണെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി അർതുറോ മുറില്ലോ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കാൻ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൂട്ടിച്ചേർത്തു. ഭീകരപ്രവർത്തനത്തിനും രാജ്യദ്രോഹക്കുറ്റത്തിനും ഇവോ മൊറാലിസിന് പരമാവധി ശിക്ഷ വാങ്ങിച്ചുകൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുറില്ലോ വ്യക്തമാക്കി.

അതേസമയം തന്റേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശം വ്യാജമാണെന്ന് ആരോപിച്ചുകൊണ്ട് ഇവോ മൊറാലിസ് ട്വിറ്ററിലൂടെ രംഗത്തെത്തി. പ്രതിഷേധിച്ചവർ കൊല്ലപ്പെട്ടതിനെക്കുറിച്ച് എന്തുകൊണ്ടാണ് പ്രോസിക്യൂട്ടർമാർ അന്വേഷിക്കാത്തതെന്ന് മൊറാലിസ് ചോദിച്ചു.

തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയെന്ന് ആരോപിച്ചുകൊണ്ട് പ്രതിപക്ഷ കക്ഷികളായ വലതുപക്ഷ പാർട്ടികൾ പ്രക്ഷോഭം ആരംഭിച്ചതോടെയാണ്, മൊറാലിസിന് പ്രസിഡന്റ് പദവി ഒഴിഞ്ഞ് മെക്‌സിക്കോയിൽ രാഷ്ട്രീയ അഭയം തേടേണ്ടിവന്നത്. തുടർന്ന് ഇടക്കാല പ്രസിഡന്റായി സ്ഥാനമേൽക്കുന്നുവെന്ന പ്രഖ്യാപനവുമായി സെനറ്റർ ജിയനിൻ അനെസ് രംഗത്തെത്തി. ഇതിനെതിരെ ഇവോ മൊറാലിസിന്റെ അനുയായികൾ രംഗത്തെത്തിയതോടെയാണ് സംഘർഷം രൂപപ്പെട്ടത്. ഇവോ മൊറാലിസ് രാജ്യം വിട്ടതിന് ശേഷമുണ്ടായ സംഘർഷത്തിൽ 29 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

Story Highlights : Evo Morales, Sedition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here